
തെരുവുനായ്‌ക്കളുടെ ശല്യം നാട്ടുകാരുടെ സ്വസ്ഥത അപ്പാടെ കെടുത്തുന്ന രീതിയിലേക്കാണ് വളരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ അഞ്ചുപേരെയാണ് പേപ്പട്ടി കടിച്ചത്. പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. രാവിലെ എട്ടുമണിയോടെ മ്യൂസിയം വളപ്പിൽ നടക്കാൻ എത്തിയവർക്കു നേരെയായിരുന്നു ആക്രമണം. അഞ്ചുപേർക്ക് കൈയിലും കാലിലും കടിയേറ്റിട്ടുണ്ട്. ഒരാൾക്ക് ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ആളുകളെ കടിച്ച തെരുവുനായ ചാവുകയും ചെയ്തു. ഇതേ നായ അവിടെയുള്ള മറ്റു നായ്‌ക്കളെ കടിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് ആർക്കും അറിവില്ല. ആ സ്ഥിതിക്ക് മ്യൂസിയം വളപ്പിലെ പ്രഭാതയാത്ര തലസ്ഥാനവാസികൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
ഈ സംഭവം നടന്നതിനു പിന്നാലെ കോർപ്പറേഷൻ ജീവനക്കാർ വാഹനവുമായി എത്തി രണ്ടു നായ്‌ക്കളെ പിടികൂടി. അഞ്ച് നായ്‌ക്കൾ പല സ്ഥലങ്ങളിലേക്ക് ഓടിപ്പോയിരിക്കുകയാണ്. കോർപ്പറേഷന് വിളിപ്പാടകലെയുള്ള മ്യൂസിയം പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികളുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവത്തിലേക്കു നയിച്ചതെന്ന് സ്ഥിരമായി നടക്കാനെത്തുന്നവർ പറയുന്നു. മ്യൂസിയം വളപ്പിൽ മാത്രമല്ല, നഗരത്തിലെ തിരക്കേറിയ മറ്റ് ജംഗ്‌ഷനുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലുമൊക്കെ നായ്‌ക്കൾ കൂട്ടംകൂടി വിളയാട്ടം നടത്തുന്ന കാഴ്ചയ്ക്ക് ഒരു പഞ്ഞവുമില്ല. തെരുവുനായ്‌ക്കളുടെ ശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി മ്യൂസിയം വളപ്പിലേക്ക് ഭക്ഷണവസ്തുക്കൾ കൊണ്ടുവരുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇതുകൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല അവിടത്തെ പ്രശ്നം. തെരുവുനായ്ക്കളെ വ്യാപകമായി പിടികൂടി വന്ധ്യംകരിച്ച് ഷെൽട്ടറിലടയ്ക്കാനും വാക്‌സിൻ നൽകാനുമുള്ള അടിയന്തര നടപടിയാണ് നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
നായ് കടിച്ചുകഴിഞ്ഞ് ഉണരുന്ന വിധത്തിലാണ് ഈ സംവിധാനം ഇപ്പോൾ പ്രവർത്തിക്കുന്നത്. തെരുവുനായ ശല്യം തീർക്കുന്നതിന് ശക്തമായ നടപടികൾ നിർദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ചയാണ് സുപ്രീംകോടതി തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവു നൽകിയത്. ഈ ഉത്തരവ് വന്നിട്ടും തെരുവുനായ ശല്യം പരിഹരിക്കാനുള്ള ഊർജ്ജിതമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും തുടങ്ങിയിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ്. സംസ്ഥാനത്ത് ഒമ്പതുലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സംസ്ഥാനത്ത് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവാണ് സംഭവിച്ചിരിക്കുന്നതെന്ന് ആശുപത്രി രേഖകൾ സൂചിപ്പിക്കുന്നു. ഈ വർഷം ആഗസ്റ്റ് 31 വരെ മാത്രം 2.52 ലക്ഷം പേർക്ക് കടിയേറ്റിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കാനുള്ള ഒരു തീവ്രയജ്ഞ പരിപാടിക്ക് സർക്കാരിന്റെ മേൽനോട്ടത്തോടെ തദ്ദേശ സ്ഥാപനങ്ങൾ തുടക്കമിടണം.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്‌ത്രീയമായും തെളിയിക്കപ്പെട്ടിട്ടുള്ള ഫലപ്രദമായ മാർഗം വന്ധ്യംകരണമാണ്. തെരുവുനായ്‌ക്കളുടെ പ്രജനനം കുറയ്ക്കുന്നതിനുള്ള പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേരളത്തിൽ വേണ്ടവിധം മുന്നോട്ടുപോയിട്ടില്ല. ഇതാണ് തെരുവുനായ്‌ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിക്കാനുള്ള പ്രധാന കാരണം. എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ നാട്ടുകാർ എതിർക്കുന്നു. ആ പ്രശ്നം പരിഹരിക്കാതെ തുടരുന്നത് ശരിയല്ല. കൊച്ചു കുട്ടികളടക്കം ദിനംപ്രതി നിരവധി പേർക്ക് കടിയേൽക്കുന്ന ഇന്നത്തെ അവസ്ഥ തുടരാൻ പാടില്ല. മുഖ്യമന്ത്രി രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ ആക്രമണത്തിൽ പത്തു മാനുകളാണ് ചത്തത്. നായ്ക്കൾക്ക് സ്വൈരവിഹാരം നടത്താൻ പറ്റുന്ന തരത്തിലാണ് ഇത്തരം പാർക്കുകൾ നിർമ്മിക്കുന്നതെങ്കിൽ ഭാവിയിൽ അവിടെ നായ്‌ക്കളല്ലാതെ മറ്റ് ജീവികളൊന്നും കാണില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |