SignIn
Kerala Kaumudi Online
Friday, 14 November 2025 1.39 PM IST

വാട്ടർ ടൂറിസത്തിലെ സുരക്ഷാ ഓഡിറ്റ്

Increase Font Size Decrease Font Size Print Page
sdfa

തെക്കോട്ട് കോവളവും വടക്കോട്ട് ഒരു മലമ്പുഴയും! മലയാളിയുടെ യാത്രാദൂരം ഈ നീളത്തിൽ ഒതുങ്ങിയിരുന്നു,​ പണ്ട്. യാത്രകൾ ജീവിതത്തിന്റെ ഭാഗമാവുകയും,​ വിനോദസഞ്ചാരത്തിന്റെ അർത്ഥം മാറുകയും ചെയ്തതിനൊപ്പം 'ദൈവത്തിന്റെ സ്വന്തം ദേശ"ത്ത് പുതിയ വിനോദയാത്രാ കേന്ദ്രങ്ങൾ ഉടലെടുക്കുകയും,​ ആഭ്യന്തര വിനോദസഞ്ചാരം കൂടി സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തിൽ ചെറുതല്ലാത്ത പങ്കു വഹിക്കാൻ തുടങ്ങുകയും ചെയ്തു. ഉൾനാടൻ കായലുകളും തോടുകളും തടാകങ്ങളും അണക്കെട്ടുകളുമൊക്കെ വാട്ടർ ടൂറിസത്തിന്റെ മുഖ്യസിരകളായതോടെയാണ് ബോട്ടുകൾക്ക് വിനോദയാത്രാ യാനങ്ങളുടെ കൂട്ടത്തിൽ താരപരിവേഷം കിട്ടിയത്. സംസ്ഥാനത്താകെ വിവിധ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന 3500-ലധികം ബോട്ടുകളുണ്ട്. ഈ ബോട്ടുകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്നത് അപകടങ്ങളുമായി ബന്ധപ്പെട്ടായിരിക്കും എന്നതാണ് നിർഭാഗ്യകരം.

പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കാര്യത്തിൽ അടിസ്ഥാന സൗകര്യ വികസനം,​ ടൂറിസ്റ്റുകളുടെ സുരക്ഷ എന്നൊക്കെ പറഞ്ഞാൽ കാര്യം ലളിതമാണ്. അതേസമയം,​ ജല ടൂറിസത്തിന്റെ കാര്യത്തിൽ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം. ടൂറിസ്റ്റ് ബോട്ടുകളുടെ സുരക്ഷ മാത്രമല്ല,​ അവ സർവീസ് നടത്തുന്ന ജലാശയങ്ങളുടെ യാത്രാപഥത്തിൽ,​ വെള്ളപ്പരപ്പിനടിയിലെ മരക്കുറ്റികളും,​ മണ്ണ് അടിഞ്ഞുണ്ടാകുന്ന തിട്ടകളുമൊക്കെ സർവീസ് നടത്തുന്ന ബോട്ടുകൾക്ക് ഭീഷണിയാണ്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേതു പോലെയല്ല,​ ഇവിടെ കാണാമറയത്താണ് അപകടങ്ങൾ എന്നതാണ് വ്യത്യാസം. അതാകട്ടെ,​ അത്രവേഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായ കോവളത്ത്,​ ബോട്ടുകളുടെ അടിഭാഗം മണൽത്തിട്ടയിൽ ഇടിച്ച് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽപ്പെട്ടവരെ ലൈഫ് ഗാർഡുകൾ തക്കസമയം രക്ഷപ്പെടുത്തിയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.

ജല വിനോദ കേന്ദ്രങ്ങളിലേറെയും പുതുതായി ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചവയായതുകൊണ്ട്,​ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനു മുമ്പുതന്നെ അവിടങ്ങളിൽ തിരക്കേറിയിട്ടുണ്ടാവും. പഴക്കംചെന്നതും ലൈസൻസ് ഇല്ലാത്തതുമായ ബോട്ടുകളുടെ ആധിക്യവും ഇത്തരം ടൂറിസ്റ്റ് സ്പോട്ടുകളിൽത്തന്നെ. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി സ്പീഡ് ബോട്ട്,​ ഹൗസ് ബോട്ട്,​ ഷിക്കാര ഇനങ്ങളിലായി ടൂറിസ്റ്റ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നല്കുന്നത് കേരള മാരിടൈം ബോർഡ് ആണ്. അതേസമയം,​ രജിസ്ട്രഷൻ ഉള്ളവയും,​ മികച്ച നിലവാരമുള്ളവയുമായ ബോട്ടുകൾക്കു പോലും പലപ്പോഴും ഭീഷണിയാകുന്നത് ജലാശയങ്ങളിൽ മണ്ണും മണലും ചെളിയും മറ്റും അടിഞ്ഞുണ്ടാകുന്ന വലിയ തിട്ടകളാണ്. യാത്രാ യാനങ്ങളുടെ ഫിറ്റ്നസ് അല്ലാതെ ടൂറിസ്റ്റ് ലൊക്കേഷനുകളിലെ യാത്രാസുരക്ഷ മാരിടൈം ബോർഡിന്റെ ചുമതലയിൽ വരുന്ന കാര്യമല്ല.

ടൂറിസം വകുപ്പ്,​ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾ,​ പ്രാദേശിക ടൂറിസം വികസന സമിതികൾ,​ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്റണത്തിലുള്ള സമിതികൾ തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രികർക്കു വേണ്ടുന്ന സൗകര്യങ്ങളും അവരുടെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ട സംവിധാനങ്ങൾ പലതുണ്ട്. ഓരോ കേന്ദ്രത്തിലും ജലാശയങ്ങളിലെ യാത്രാപഥത്തിലെ തടസങ്ങൾ നീക്കംചെയ്യേണ്ട ഉത്തരവാദിത്വം ആർക്കെന്നു നിശ്ചയിച്ച്,​ ഡ്രെഡ്ജിംഗ് ഉൾപ്പെടെയുള്വളവയ്ക്ക് വേണ്ടിവരുന്ന ചെലവ് എങ്ങനെ വഹിക്കണമെന്നുകൂടി തീർച്ചപ്പെടുത്തണം. യാത്രികരുടെ സുരക്ഷയാണ് സർവപ്രധാനം എന്ന മനസോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. വിനോദസഞ്ചാര വികസനത്തിൽ മാതൃകാപരവും അഭിനന്ദനീയവുമായ പ്രവർത്തനങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന ടൂറിസം വകുപ്പ്,​ വാട്ടർ ടൂറിസം സ്പോട്ടുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ഓഡിറ്റ് നടത്തുകയും,​ അടിയന്തര തുടർനടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആശങ്കയുടെ കണികയ്ക്കു പോലും സ്ഥാനമില്ലാത്തതാകണം,​ ടൂറിസം കേന്ദ്രങ്ങളിലെ സുരക്ഷിതത്വം.

TAGS: TURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.