
തിരുവനന്തപുരം: ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടെന്ന് പി.എം ശ്രീ വിഷയത്തിൽ സി.പി.ഐയെ ലക്ഷ്യമിട്ട് മന്ത്രി വി. ശിവൻകുട്ടിയുടെ പരസ്യ വിമർശനം. വിദ്യാഭ്യാസ മന്ത്രിയെ പഠിപ്പിക്കാൻ താൻ ആളല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. അതിന് അർഹർ എം.എ. ബേബിയും എം.വി. ഗോവിന്ദനുമാണെന്നും ബിനോയ്.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ കൊളുത്തിയ വിവാദക്കനൽ ഇടതുമുന്നണിയിൽ വീണ്ടും ആളിക്കത്തുന്നു. ബിനോയ് വിശ്വത്തിനെതിരെ ശിവൻകുട്ടി നടത്തിയ പരസ്യ വിമർശനത്തിലൂടെ വീണ്ടും പ്രകടമാകുന്നത് വിഷയത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള രൂക്ഷമായ ഭിന്നത. സി.പി.ഐ സമ്മർദ്ദത്തിന് വഴങ്ങി പദ്ധതി താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്രത്തിന് സർക്കാർ കത്തു നൽകിയതിന് പിന്നാലെയാണിത്. കത്തയച്ചത് ഇടതു രാഷ്ട്രീയത്തിന്റെ വിജയമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനക്കെതിരെയായിരുന്നു ശിവൻകുട്ടിയുടെ വിമർശനം.
''കേന്ദ്ര സർക്കാരിന് അയച്ച കത്ത് ആരുടെയും വിജയവും പരാജയവും അല്ല. വിഷയത്തിൽ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ വിജയമായും മറ്റൊരു കൂട്ടരുടെ പരാജയമായും കാണുന്നില്ല.ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയിലുള്ള കാര്യങ്ങൾ ആരെ ലക്ഷ്യമിട്ടാണെന്നു മനസിലാകും. നമ്മളൊന്നും മണ്ടൻമാരല്ലല്ലോ. പി.എം ശ്രീയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയെക്കുറിച്ചുപോലും ചില കേന്ദ്രങ്ങൾക്ക് പുച്ഛമാണ്. പദ്ധതിയിൽനിന്നു പൂർണമായി പിന്മാറിയിട്ടില്ല. താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്തത്.
ഇടതുമൂല്യങ്ങളിൽ നിന്ന് ആര് എപ്പോൾ പുറകോട്ടു പോയിട്ടുണ്ട് എന്നതു സംബന്ധിച്ച് പോസ്റ്റുമോർട്ടം നടത്തുന്നില്ല. ആരൊക്കെയാണ് ദേശീയതലത്തിൽ സമരം ചെയ്തതെന്നും ത്യാഗം സഹിച്ചതെന്നും ഈ അവസരത്തിൽ അളക്കാനുമില്ല''. പത്രസമ്മേളനത്തിൽ ശിവൻകുട്ടി പറഞ്ഞു.
'ഫണ്ട് കിട്ടിയില്ലെങ്കിൽ
ഉത്തരവാദിത്വം എനിക്കല്ല'
കത്ത് കൊടുത്ത സ്ഥിതിക്ക് കേന്ദ്ര ഫണ്ട് കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.കെയുടെ 1,300 കോടിയോളംരൂപ കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രി എന്നനിലയിൽ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തു കൊള്ളണം.
'എൽ.ഡി.എഫ്
രാഷ്ട്രീയമാണ് വലുത്'
പി.എം ശ്രീയിൽ ഇടതുരാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപിതനാകാൻ ഞാനില്ല. അതിന് തന്റെ രാഷ്ട്രീയബോധം അനുവദിക്കുന്നില്ല. ആ രാഷ്ട്രീയബോധം എല്ലാവർക്കും വേണം. എൽ.ഡി.എഫ് രാഷ്ട്രീയമാണ് വലുത്. ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് അറിയില്ല.
കേന്ദ്ര ഫണ്ട് ഔദാര്യമല്ല:
മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണെന്നും ഔദാര്യമല്ലെന്നും മന്ത്രി വി. ശിവൻകുട്ടി. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കു വേണ്ടിയാണ് ഫണ്ട് ഉപയോഗിക്കുന്നത്. ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള ആദ്യഘട്ട ശ്രമംപോലും നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതിൽ വിട്ടുവീഴ്ചയില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്.
പി.എം ശ്രീ ചോദ്യത്തിൽ
ക്ഷോഭിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: പി.എം ശ്രീയെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പി.എം ശ്രീ ചർച്ചയായോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പത്രപ്രവർത്തനം തുടങ്ങിയിട്ട് എത്ര കാലമായി എന്ന് മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് തിരികെ ചോച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ ഉച്ചഭക്ഷണത്തിനായി പുറത്തുപോകുമ്പോഴായിരുന്നു ചോദ്യവും മറുചോദ്യവും.
സി.പി.ഐയുടെ സമ്മർദ്ദത്തിനു വഴങ്ങി പി.എം ശ്രീ പദ്ധതി മരവിപ്പിക്കുന്നതായി കേരളം കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. അതിനുശേഷം നടക്കുന്ന ആദ്യ പി.ബി യോഗത്തിനാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |