
ന്യൂഡൽഹി: ചെങ്കോട്ട ബോംബ് സ്ഫോടനത്തിൽ ചാവേറായി പ്രവർത്തിച്ചു എന്നുകരുതുന്ന ഡോ.ഉമർ നബി താൻ പഠിപ്പിച്ചിരുന്ന ഫരീദാബാദിലെ അൽ ഫല യൂണിവേഴ്സിറ്റിയിൽ താലിബാൻ മോഡൽ നടപ്പാക്കാൻ ശ്രമിച്ചിരുന്നതായി വിദ്യാർത്ഥികൾ. ഒരു ദേശീയമാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് പങ്കുവച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡോ.ഉമർ നബി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
ഉമർ നബി ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കാൻ പാടില്ലെന്നും വേർതിരിവ് വേണമെന്ന് വാശിപിടിച്ചിരുന്നുവെന്നും വിദ്യാർത്ഥികളിൽ ചിലർ പറയുന്നു. 'ക്ലാസിലും മറ്റും നടത്തുന്ന പ്രഭാഷണങ്ങളിൽപ്പോലും താലിബാൻ മാതൃകയെ പുകഴ്‌ത്തിയിരുന്നു. ആ മോഡൽ കോളേജിൽ നടപ്പാക്കാനും ശ്രമിച്ചു. ക്ലാസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചാണ് ഇരിക്കാറ്. എന്നാൽ ഡോ.ഉമർ നബി അതിന് സമ്മതിച്ചിരുന്നില്ല. ഡോക്ടർ ക്ലാസിലെത്തിയാൽ ഞങ്ങളെ വെവ്വേറെ ഇരുത്തുമായിരുന്നു'- ഒരു എംബിബിഎസ് വിദ്യാർത്ഥിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
കോളേജിലെ ഹോസ്റ്റലിലാണ് ഉമർ താമസിച്ചിരുന്നതെന്നും അന്തർമുഖനായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നുണ്ട്. വളരെ പ്രതീക്ഷയോടെയാണ് കോളേജിൽ എത്തിയതെങ്കിലും ക്ലാസുകൾ ഒരിക്കലും മെച്ചമായിരുന്നില്ലെന്നും പ്രാക്ടിക്കലുകൾ പോലും സമയത്ത് നടത്തിയിരുന്നില്ലെന്നുമാണ് അവർ പറയുന്നത്. സ്ഫോടനത്തിനുശേഷം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞുവെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉമർ പഠിപ്പിക്കാൻ അത്ര മിടുക്കനായിരുന്നില്ലെങ്കിലും ഡോ.ഷഹീൻ സയീദ് മികച്ച അദ്ധ്യാപികയായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.
ഡോ. ഷഹീൻ സയീദിനെ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലേക്കെത്തിച്ചത് ഫരീദാബാദിലെ അൽ ഫല യൂണിവേഴ്സിറ്റിയിലെ ജീവിതമെന്ന് നിഗമനം. ബ്രെയിൻ വാഷിംഗിന് വിധേയയായി ജെയ്‌ഷെയുടെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവി വരെയായി ഷഹീൻ. ഇവർ പാക് ഭീകരരുമായി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് എത്ര സ്ത്രീകളെ ഭീകരസംഘടനയിലേക്ക് ഷഹീൻ റിക്രൂട്ട് ചെയ്‌തു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണ്.
വിവാഹമോചനത്തിന് ശേഷം ഷഹീൻ ഒറ്റപ്പെട്ടു. ഇതിനിടെയാണ് ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപികയായത്. ഈ സമയം ഭീകരഗ്രൂപ്പുകളുമായി ബന്ധം തുടങ്ങിയെന്നാണ് നിഗമനം. യൂണിവേഴ്സിറ്റിയിലെ ഷഹീൻ അടക്കമുള്ള മൂന്നു ഡോക്‌ടർമാർ ജെയ്ഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുള്ളവരാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന സൂചന.കാറിൽ അത്യാധുനിക തോക്ക് കണ്ടെത്തിയതാണ് ഷഹീനെ കുടുക്കിയത്. ഇവരുടെ അറസ്റ്റിനുപിന്നാലെയായിരുന്നു ചെങ്കോട്ടയ്‌ക്കു സമീപത്തെ ഉഗ്ര സ്‌ഫോടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |