
എക്‌സിറ്റ് പോൾ ഫലപ്രവചനങ്ങളെപ്പോലും കാറ്റിൽപ്പറത്തി ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻ.ഡി.എ അധികാരം നിലനിറുത്തിയിരിക്കുകയാണ്. പത്താം തവണയും മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ വരുന്നത്, അവിടത്തെ ജനങ്ങൾ അഴിമതിരഹിതവും സോഷ്യലിസ്റ്റ് ആശയങ്ങളിൽ മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവുമായ അദ്ദേഹത്തെ എത്രമാത്രം കരുതലോടെ ചേർത്തുപിടിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ജനക്ഷേമകരമായ ഭരണ നടപടികളിലൂടെ വിശ്വാസം ആർജ്ജിക്കുന്ന ഒരു സർക്കാരിനെ 'വോട്ട് ചോരി" അടക്കമുള്ള, കണ്ണിൽ പൊടിയിടുന്ന പ്രചാരണ തന്ത്രങ്ങളിലൂടെ അട്ടിമറിക്കാനാവില്ലെന്ന് കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ ബോദ്ധ്യപ്പെടുത്തുന്നതു കൂടിയാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇത് എഴുതുമ്പോഴും മുഴുവൻ സീറ്റുകളിലെയും ഫലം അന്തിമമായി പ്രഖ്യാപിക്കപ്പെട്ടില്ല. ഇപ്പോഴത്തെ റിപ്പോർട്ടുകൾ അനുസരിച്ച് എൻ.ഡി.എ 202 സീറ്റുകളിൽ മുന്നേറുന്നു; 30 സീറ്റുകളിൽ ഇന്ത്യാ സഖ്യവും. 94 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുന്നു. സഖ്യകക്ഷിയായ നിതീഷിന്റെ ജെ.ഡി.യു 84 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവന്ന കോൺഗ്രസ് ഒറ്റയക്കത്തിലേക്ക് ഒതുങ്ങി. കോൺഗ്രസ് ലീഡ് ചെയ്യുന്നത് 5 സീറ്റുകളിൽ മാത്രം. തേജസ്വി യാദവ് നേതൃത്വം നൽകിയ ആർ.ജെ.ഡി 25 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. എൽ.ജെ.പി 19 സീറ്റുകളിൽ മുന്നേറുന്നു (അന്തിമ ഫലപ്രഖ്യാപന വേളയിൽ ഈ കണക്കുകളിൽ ചെറിയ വ്യത്യാസം വരാം)
നിതീഷിന്റെ വിജയത്തിലുപരി ഇത് ബി.ജെ.പിയുടെ വിജയമാണ്. കേന്ദ്രത്തിൽ സുശക്തമായ ഭരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബീഹാറിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിജയം. ബീഹാറിൽ എൻ.ഡി.എ തരംഗ വിജയം നേടിയത് 2020-നേക്കാൾ മികച്ച പ്രകടനവുമായാണ്. 'സദ്‌ഭരണത്തിന്റെ നായകൻ" എന്ന നിതീഷ് കുമാറിന്റെ വിശേഷണം അക്ഷരാർത്ഥത്തിൽ ബീഹാർ ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്തു എന്നതിന് ഈ തിരഞ്ഞെടുപ്പ് വിജയത്തേക്കാൾ വലിയൊരു സാക്ഷ്യപത്രമില്ല. ചെറിയ ചില ഇടവേളകൾ ഒഴിച്ചാൽ മുഖ്യമന്ത്രി പദത്തിൽ കാൽനൂറ്റാണ്ട് എന്ന റെക്കാഡിലേക്കാണ് നിതീഷ് നീങ്ങുന്നത്.
രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെത്തുടർന്ന് വലിയ ദേശീയശ്രദ്ധ പതിഞ്ഞ തിരഞ്ഞെടുപ്പാണ് ബീഹാറിൽ നടന്നത്. എന്നാൽ വോട്ട്കൊള്ള ആരോപണം ബീഹാറിനു പുറത്ത് സൃഷ്ടിച്ച ചലനത്തിന്റെ നേരിയ ഒരു കമ്പനം പോലും ബീഹാറിലെ സാധാരണക്കാരായ ജനങ്ങളുടെ മനസിൽ സൃഷ്ടിച്ചില്ലെന്നത് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. അവനവന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതും, ജീവിത നിലവാരവും സാമ്പത്തിക ചുറ്റുപാടും ഉയർത്താൻ കഴിയുന്നതുമായ നടപടികൾക്കും തീരുമാനങ്ങൾക്കുമാണ് വോട്ടർമാർ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇത് തിരിച്ചറിയാൻ വൈകുന്നതാണ് കോൺഗ്രസ് നേതൃത്വം നേരിടുന്ന പ്രധാന പ്രശ്നം. സാക്ഷരരായ മദ്ധ്യവർഗത്തെ മാത്രം സ്വാധീനിക്കാൻ കഴിയുന്ന പൊള്ളയായ പ്രചാരണങ്ങളിലൂടെ ഒരു ഭരണത്തെയും അട്ടിമറിക്കാനാകില്ല എന്ന പാഠം ബീഹാറിൽ നിന്ന് കോൺഗ്രസ് തിരിച്ചറിയേണ്ടതുണ്ട്.
രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയും യുവാക്കളെ ലക്ഷ്യമിട്ടുള്ള തേജസ്വി യാദവിന്റെ പ്രചാരണവും സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നില്ല എന്നതിന് ഈ തിരഞ്ഞെടുപ്പ് ഫലത്തെക്കാൾ മറ്റൊരു തെളിവ് ആവശ്യമില്ല. അതേസമയം എൻ.ഡി.എയുടെ പ്രചാരണം നയിക്കാനെത്തിയ നരേന്ദ്ര മോദിയുടെ തുടർഭരണത്തിനുള്ള ആഹ്വാനം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ദശാബ്ദങ്ങൾക്കു മുമ്പുള്ള ബീഹാറിൽ പല മേഖലകളിലും പിന്നാക്ക വിഭാഗങ്ങളെയും മറ്റും വോട്ടുചെയ്യാൻ പോലും അനുവദിച്ചിരുന്നില്ല. മേലാളന്മാരാണ് അവരുടെ വോട്ടുകൾ ഇഷ്ടംപോലെ രേഖപ്പെടുത്തിയിരുന്നത്. ഏറ്റവും കൂടുതൽ വോട്ടുപെട്ടികൾ തട്ടിക്കൊണ്ടുപോകുന്ന സംസ്ഥാനവുമായിരുന്നു ഒരുകാലത്ത് ബീഹാർ. അതിൽ നിന്നൊക്കെ വളരെ മാറിയ അവസ്ഥയിലാണ് താരതമ്യേന കൃത്യമായ രീതിയിൽ എല്ലാവർക്കും സമ്മതിദാനാവകാശം ബാഹ്യസ്വാധീനമില്ലാതെ രേഖപ്പെടുത്താനാവുന്ന വിധം ഇപ്പോൾ തിരഞ്ഞെടുപ്പുകൾ
നടന്നുവരുന്നത്.
ഇങ്ങനെയൊരു പശ്ചാത്തലമുള്ള ജനങ്ങൾക്കു മുന്നിൽ 'വോട്ട് ചോരി" ആരോപണമൊന്നും ബുദ്ധിജീവികളെ സ്വാധീനിക്കുന്നതുപോലെ സാധാരണക്കാരെ സ്വാധീനിക്കില്ല. നല്ല രീതിയിൽ സ്‌ത്രീകളുടെയും യുവാക്കളുടെയും വോട്ട് ലഭിക്കാതെ എൻ.ഡി.എയ്ക്ക് ഈ തരംഗ വിജയം സാദ്ധ്യമാകുമായിരുന്നില്ല. നിതീഷ് കുമാറിന്റെ ജനക്ഷേമകരമായ രണ്ട് പ്രഖ്യാപനങ്ങളും നടപടിയും ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനുപരി സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ്. മുഖ്യമന്ത്രി മഹിളാ റോസ്‌ഗാർ പദ്ധതിയിലൂടെ 10,000 രൂപ വീതം ഓരോ സ്‌ത്രീയുടെയും അക്കൗണ്ടിൽ നിക്ഷേപിച്ചതും തൊഴിലില്ലാത്ത, പ്രായപൂർത്തിയായ ചെറുപ്പക്കാർക്ക് പ്രതിമാസം 1000 രൂപ വീതം അനുവദിക്കുകയും ചെയ്ത നടപടികൾ ഫലപ്രദമായി തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ ഉണ്ടാകുമായിരുന്ന കലഹങ്ങൾ ഒഴിവാക്കി എൻ.ഡി.എയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനും കഴിഞ്ഞു. അടുത്ത സർക്കാരിനെ നിതീഷ് തന്നെ നയിക്കുമെന്ന മോദിയുടെ പ്രഖ്യാപനവും നിർണായകമായി. 35 വയസുകാരനായ തേജസ്വി യാദവും 74 വയസുകാരനായ നിതീഷും തമ്മിലുള്ള യുദ്ധമായി തിരഞ്ഞെടുപ്പിനെ മഹാസഖ്യം വ്യാഖ്യാനിച്ചതും തിരിച്ചടിച്ചു. വികസന കാർഡിനൊപ്പം ജാതി സമവാക്യങ്ങളെ മാറ്റിമറിച്ച സോഷ്യൽ എൻജിനിയറിംഗിലൂടെയാണ് നിതീഷ്‌കുമാർ ഈ ഉജ്ജ്വല വിജയം നേടിയിരിക്കുന്നത്.
ജയപ്രകാശ് നാരായണന്റെയും കർപ്പൂരി താക്കൂറിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുധാരയിലേക്ക് കടന്നുവന്ന നിതീഷ് കുമാർ ആ പാതയിൽ നിന്ന് വ്യതിചലിക്കാതെ സഞ്ചരിച്ചതാണ് വിവിധ സമുദായങ്ങളെയും ജാതികളെയും തന്നോടൊപ്പം ഒന്നിച്ചുനിറുത്താൻ അദ്ദേഹത്തിന് തുണയായത്. ബീഹാറിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതിലൂടെ ഇന്ത്യയുടെ ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയെ വെല്ലുവിളിക്കുക എന്നത് കോൺഗ്രസിന് ബാലികേറാമലയായി മാറുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ, പ്രതിശീർഷ വരുമാനം, ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടായ വികസനമാണ് നിതീഷ് ഉയർത്തിക്കാട്ടിയത്. അതിനു മുന്നിൽ 'വോട്ട് ചോരി" എന്ന, ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കാത്ത പ്രചാരണങ്ങൾ കാറ്റിൽ പറന്നുപോയത് സ്വാഭാവികം. മാറുന്ന ഇന്ത്യയിലെ മാറുന്ന വോട്ടർമാരുടെ മനസിന്റെ മാപിനി കൂടിയായിരിക്കുകയാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |