
ബീഹാർ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയമേറ്റുവാങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്ളൂറൽസ് പാർട്ടി മേധാവി പുഷ്‌പം പ്രിയ ചൗധരി. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതുവരെ മാസ്‌ക് മാറ്റില്ലെന്ന് ചൗധരി ഉഗ്രശപഥമെടുത്തിരുന്നു. ബിജെപിയുടെ സഞ്‌ജയ് സരോഗിയാണ് ചൗധരി മത്സരിച്ച ദർബംഗ സീറ്റിൽ 97,453 വോട്ടുകൾക്ക് വിജയിച്ചത്. വെറും 1403 വോട്ടുകൾ മാത്രമാണ് ചൗധരിക്ക് നേടാനായത്, ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്തും.
2020ൽ ആണ് ചൗധരി 'ദി പ്ലൂറൽസ് പാർട്ടി' സ്ഥാപിച്ചത്. ജാതി- മത അതിർവരമ്പുകൾക്ക് അതീതമായി ഒരു പുതിയ രാഷ്ട്രീയത്തിലേക്ക് ബീഹാറിനെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൻ പാർട്ടി സ്ഥാപിച്ചതെന്ന് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 243 സീറ്റുകളിലും ‘വിസിൽ’ ചിഹ്നത്തിൽ പാർട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.
കറുത്ത വസ്ത്രങ്ങളിലും മുഖംമൂടിയിലും മാത്രം എപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്ന ചൗധരി താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാത്രമേ മാസ്‌ക് മാറ്റൂ എന്നാണ് പ്രതിജ്ഞയെടുത്തിരുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ഇവിഎമ്മിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണവുമായി ചൗധരി രംഗത്തെത്തിയിരുന്നു. തന്റെ ബന്ധുക്കളുടെയും അയൽക്കാരുടെയും വോട്ടുകൾ പോലും ബിജെപി സ്ഥാനാർത്ഥിക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നും അവർ അവകാശപ്പെട്ടു.
മുൻ ജെഡിയു എംഎൽഎ വിനോദ് കുമാർ ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ. മുത്തച്ഛൻ പ്രൊഫസർ ഉമാകാന്ത് ചൗധരി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും സമതാ പാർട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളുമായിരുന്നു. അമ്മാവൻ വിനയ് കുമാർ ചൗധരി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു സീറ്റിൽ ബേനിപൂരിൽ നിന്ന് വിജയിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഒഫ് സസെക്‌സിൽ നിന്നും ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്‌സിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ചൗധരി രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് ബീഹാറിലെ ടൂറിസം, ആരോഗ്യ വകുപ്പുകളിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നു. പുഷ്പം പ്രിയയുടെ പ്ളൂറൽസ് പാർട്ടി 2020ൽ 148 സീറ്റുകളിൽ മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |