
കൊല്ലം: ഇടമുളയ്ക്കൽ ഗ്രാമക്കവലയിൽ ചുവന്ന ബീക്കൺ ലൈറ്റും പറക്കും കൊടിയുമായി സർക്കാർ വക കാർ സൈറൺ മുഴക്കി ബ്രേക്കിട്ടു. നാട്ടുകാർ അത്ഭുതത്തോടെ നോക്കി, മന്ത്രിയുടെ വരവാണ്.എന്നാൽ വാതിൽ തുറന്ന് പുറത്തിറങ്ങിയ ആൾ മന്ത്രി മാത്രമല്ല, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു.
ചായക്കടയ്ക്ക് മുന്നിലുള്ളവരെ പേരെടുത്ത് വിളിക്കാനറിയാവുന്ന സ്വന്തം പ്രസിഡന്റ്. അന്തരിച്ച ആർ.ബാലകൃഷ്ണപിള്ള ഒരേസമയം മന്ത്രിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നതിന്റെ ഓർമ്മകൾ നാട് അയവിറക്കുന്നു.
മന്ത്രി, എം.പി,
പഞ്ചായത്ത് പ്രസിഡന്റ്
1960ൽ ഇരുപത്തഞ്ചാം വയസിലാണ് കന്നി മത്സരത്തിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് പിള്ള നിയമസഭയിലെത്തിയത്. കെ.കരുണാകരൻ മന്ത്രിസഭയിലെ അംഗവുമായി. ആർ.ബാലകൃഷ്ണപിള്ളയുടെ വാളകത്തെ കീഴൂട്ട് വീട് ഇടമുളയ്ക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ്. മന്ത്രി കെ.ബി.ഗണേശ് കുമാർ ഇവിടെയാണ് ഇപ്പോൾ താമസം.1983ൽ മന്ത്രിയായിരിക്കെ പിള്ള പഞ്ചായത്തിലേക്ക് മത്സരിച്ചു. ജയിച്ച് പ്രസിഡന്റുമായി. ഇടമുളയ്ക്കൽ, കൊട്ടാരക്കര പഞ്ചായത്തുകളുടെ പ്രസിഡന്റായി പതിറ്റാണ്ടുകൾ പ്രവർത്തിച്ചു. 1971ൽ മാവേലിക്കരയിൽ നിന്ന് ലോക്സഭാംഗമായി. 1975 ജൂണിൽ അടിയന്തരാവസ്ഥ നിലവിൽ വന്നതോടെ, ഡിസംബറിൽ സി.അച്യുതമേനോൻ മന്ത്രിസഭയിൽ മന്ത്രിയായി. ആ സമയം മന്ത്രിയും എം.പിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഒരേ സമയം ഒന്നിൽ കൂടുതൽ പദവി വഹിക്കാൻ പറ്റില്ലെന്ന നിയമം 2001ൽ വന്നതോടെയാണ് പിള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |