
ശിശുക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിനും സംസ്ഥാനമൊട്ടാകെ അവയ്ക്ക് നേതൃത്വം നൽകുന്നതിനും സർക്കാർ ആവിഷ്‌കരിച്ച സംവിധാനമാണ് സംസ്ഥാന ശിശുക്ഷേമ സമിതി. അമ്മത്തൊട്ടിൽ എന്ന പദ്ധതിയിലൂടെയാണ് ഈ സമിതി ഏറ്റവുമധികം പ്രചാരം നേടിയത്. പല കാരണങ്ങളാൽ മാതാപിതാക്കൾക്ക് നോക്കാൻ കഴിയാതെ വരുന്ന ശിശുക്കളെ എല്ലാ ജില്ലകളിലുമുള്ള ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കിടത്തുകയാണെങ്കിൽ മറ്റ് അന്വേഷണങ്ങളൊന്നുമില്ലാതെ ശിശുവിന്റെ പൂർണസംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നതാണ് ഈ പദ്ധതിയെ ജനകീയമാക്കിയത്. അനാഥക്കുട്ടികൾ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പദ്ധതികളെന്ന് തുടക്കത്തിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും എന്തു കാരണംകൊണ്ടായാലും ഒരു ശിശു വഴിവക്കിൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഇടയാക്കിയ ഈ പദ്ധതി മനുഷ്യത്വമുള്ളവരെല്ലാം സ്വാഗതം ചെയ്യുകയാണുണ്ടായത്.
ശിശുക്ഷേമ സമിതിയിൽ ഉപേക്ഷിച്ച കുട്ടിയെ പിന്നീട് തിരിച്ചുവാങ്ങിയ സംഭവങ്ങളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കേസുകളുമൊക്കെ ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഡി.എൻ.എ ടെസ്റ്റിലൂടെ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളാണെന്ന് തെളിയിക്കുന്നവർക്ക് നിയമപരമായി കുട്ടിയുടെ അവകാശം വീണ്ടെടുക്കാൻ അവസരം ലഭിക്കുമെന്നതും പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ഈ വർഷം നവംബർ വരെ സംസ്ഥാനത്തെ അമ്മത്തൊട്ടിലിലൂടെ 43 കുട്ടികളെയാണ് ലഭിച്ചത്. 22 കുട്ടികളെ ലഭിച്ച തിരുവനന്തപുരമാണ് മുന്നിൽ. പത്തനംതിട്ടയിൽ എട്ടും, ആലപ്പുഴയിൽ ഏഴും കുട്ടികളെ ലഭിച്ചു. ഉപേക്ഷിക്കപ്പെട്ട കുട്ടികളിൽ കൂടുതലും പെൺകുട്ടികളാണ്- 28 പെൺകുട്ടികൾ. 15 ആൺകുട്ടികളെയും ഈ വർഷം ലഭിച്ചു.
സ്വന്തം വ്യക്തിത്വം പുറത്താകാതെ ആർക്കും ഇങ്ങനെ നവജാത ശിശുക്കളെ ഉപേക്ഷിക്കാനുള്ള പദ്ധതി 2002 നവംബർ 14-ന് തിരുവനന്തപുരത്താണ് ആരംഭിച്ചത്. അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തുന്നതിന് വാർത്താമാദ്ധ്യമങ്ങൾ ഇപ്പോഴും വലിയ പ്രാധാന്യം നൽകിവരാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന കുട്ടികളെ സമിതി അനാഥാലയങ്ങളിൽ വളർത്തുകയോ ദത്തു നൽകുകയോ ആണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിന് കർശന വ്യവസ്ഥകളുണ്ടെങ്കിലും, അതെല്ലാം പാലിച്ച് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടിവരികയാണെന്നത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഭാവിയിൽ നല്ല ജീവിതം ലഭിക്കുമെന്ന സന്ദേശം നൽകുന്നതാണ്. പഴയ കാലത്ത് കുട്ടികളില്ലാത്ത ദമ്പതികളാണ് ശിശുക്ഷേമ സമിതിയിൽ നിന്നും മറ്റ് അനാഥാലയങ്ങളിൽ നിന്നുമൊക്കെ കുട്ടികളെ ദത്തെടുക്കാൻ മുതിർന്നിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. വിവാഹം വേണ്ടെന്നു വയ്ക്കുന്ന വനിതകളും പുരുഷന്മാരും വരെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ മുന്നോട്ടുവരുന്നു. അതനുസരിച്ച് നിയമങ്ങളിലും കാലോചിതമായ മാറ്റം വന്നിട്ടുണ്ട്.
ശിശുക്ഷേമ സമിതിയിലൂടെ ഈ വർഷം സിംഗിൾ പേരന്റിംഗ് തണലിൽ ചേക്കേറിയത് പത്ത് കുട്ടികളാണ്. ഈ വർഷം 80 കുട്ടികളെ ഇതുവരെ ശിശുക്ഷേമ സമിതി ദത്തു നൽകുകയും ചെയ്‌തു. ഇതിൽ പത്തുപേരെയാണ് മാതാവോ പിതാവോ മാത്രമായ സംരക്ഷണയിൽ നൽകിയത്. ഭിന്നശേഷിയുള്ള കുട്ടികളെ ദത്തെടുക്കാൻ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ പേർ മുന്നോട്ടുവരുന്നുണ്ടെന്നതും അഭിനന്ദനീയമായ കാര്യമാണ്. 22 ശിശുക്കളെയാണ് ഈ വർഷം വിദേശത്തേക്ക് ദത്തു നൽകിയത്. സ്വന്തമായി മൂന്നു കുട്ടികൾ വരെ ഉള്ളവർ പോലും ഇപ്പോൾ ദത്തെടുക്കാൻ തയ്യാറാകുന്നു എന്നതും സ്വാഗതാർഹമായ പുതിയ അനുഭവമാണ്. കുട്ടികളെ ദത്തെടുക്കാൻ കേന്ദ്രീകൃത ഡിജിറ്റൽ ഡാറ്റാ ബേസായ സി.എ.ആർ.എയിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്‌ത്രീകൾക്ക് ആൺ- പെൺ ഭേദമെന്യെ ദത്ത് നൽകുമ്പോൾ പുരുഷ രക്ഷാകർത്താവിന് ആൺകുട്ടികളെ മാത്രമാണ് നൽകുന്നത്. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾ സുരക്ഷിതരായി ഈ ലോകത്ത് നല്ല രീതിയിൽ വളരുമെന്ന് ഉറപ്പാക്കുന്ന ദത്തെടുക്കൽ പരമാവധി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |