
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിയായ COP- 30 (കൺവെൻഷൻ ഒഫ് പാർട്ടീസ്) ഇപ്പോൾ ബ്രസീലിലെ ബേലത്ത് നടക്കുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനും, കാലാവസ്ഥാ സാമ്പത്തിക ഫണ്ട്, വനം, ഭൂവിനിയോഗം, കാലാവസ്ഥാ മാറ്റവുമായുള്ള പൊരുത്തപ്പെടൽ, സഹകരണം എന്നിവയിൽ ബ്രസീൽ നിരവധി കാര്യങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. ബാറ്ററിയുടെ സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കാനും, ഇലക്ട്രിക് നെറ്റ്വർക്കിംഗ് സംവിധാനം ഊർജിതപ്പെടുത്താനും, ജൈവ അവശിഷ്ടങ്ങളിൽ നിന്നുള്ള മീഥേൻ ബഹിർഗമനം കുറയ്ക്കാനുമുള്ള നിർദേശങ്ങളുമുണ്ട്.
പാരീസ് ഉടമ്പടിയുടെ പത്താം വാർഷികമായതിനാൽ ആ ഉടമ്പടി നടപ്പിലാക്കാനാണ് COP- 30 ഊന്നൽ നൽകുന്നത്. കഴിഞ്ഞ വർഷം ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിൽ ഇന്ത്യ, ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. അതായത്, ആകെ 57,700 മെട്രിക് ടൺ കാർബൺ ഡയോക്സൈഡിനു തുല്യമായ വാതകങ്ങൾ! ഇതിൽ 69 ശതമാനവും ഫോസിൽ ഇന്ധനങ്ങൾ (കൽക്കരി, എണ്ണ, പ്രകൃതിവാതകം) വഴിയാണ്. അശാസ്ത്രീയ കാർഷിക പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, മീഥേൻ വാതക ബഹിർഗമനം, വനംനശീകരണം എന്നിവയും ഇവയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തിൽ സാമ്പത്തിക വളർച്ചയും വ്യവസായ പുരോഗതിയും ഈ വർദ്ധനയ്ക്ക് കാരണമാണെങ്കിലും, വ്യക്തിപരമായ ബഹിർഗമനം കുറവായിരിക്കുന്നത് ഊർജ്ജ കാര്യക്ഷമതയുടെയും പരിസ്ഥിതി പ്രതിബദ്ധതയുടെയും സൂചനയായി കാണാം.
കാർബണിലെ ധനകാര്യം
ആഗോള താപനത്തിന് വഴിയൊരുക്കുന്ന ഘടകങ്ങളിൽ 30 ശതമാനം മിഥേനിന്റെ ബഹിർഗമനമാണ്. അമേരിക്കയും ചൈനയും ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് ഗുണകരമാകും. ഇതുമായി ബന്ധപ്പെട്ട വിലയിരുത്തൽ ഉച്ചകോടി ലക്ഷ്യമിടുന്നു. ആഗോളതലത്തിൽ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക വിഹിതം ലഭ്യമാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട COP- 27 ലെ നിർദേശങ്ങൾ ഇതുവരെയും പ്രവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, തുടർ കാലാവസ്ഥാ സാമ്പത്തിക (Climate finance ) ചർച്ചകൾക്ക് ഇപ്പോൾ നടക്കുന്ന ഉച്ചകോടിയിൽ പ്രസക്തിയേറും. കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും നൽകാമെന്ന് ധാരണയായിട്ടുള്ള 100 ബില്യൺ ഡോളർ നഷ്ടപരിഹാരം നാമമാത്രമാണെന്ന അഭിപ്രായം വികസ്വര രാജ്യങ്ങളിൽ പലർക്കുമുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ, കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോപ് (COP) എന്ന പേരിൽ അറിയപ്പെടുന്ന കോൺഫറൻസ് ഒഫ് പാർട്ടീസ്. ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോതും, അതുവഴി കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ തീവ്രതയും കുറയ്ക്കുന്ന നയരൂപീകരണമാണ് ലക്ഷ്യം. ഇന്ത്യ അടക്കം 197 രാജ്യങ്ങൾ 2030-ഓടെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെൽഷ്യസിൽ അധികം ഉയരില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഇതിലൂടെ ഓസോൺ പാളിയെ സംരക്ഷിക്കുക, വികിരണത്തോത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കും.
കണക്കുകൾ വ്യത്യസ്തം
ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തിൽ 42 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളുന്നത് എന്നാണ് ന്യൂയോർക്കിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്, ആഗോളതാപനത്തിൽ രൂപപ്പെടുന്ന അധിക അന്തരീക്ഷതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ ഒതുക്കണമെന്ന പാരീസ് ഉടമ്പടിയെ തകിടം മറിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മതം. കാർബൺ പുറന്തള്ളൽ ഇപ്പോഴത്തെ 45 ശതമാനത്തിൽ നിന്ന് അടുത്ത അഞ്ചുവർഷംകൊണ്ട് 10 ശതമാനത്തിലെത്തിക്കും എന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. ജി 20-ക്ക് നേതൃത്വം നൽകിയ ഇന്ത്യയ്ക്ക് പ്രഖ്യാപിത നയം നടപ്പിലാക്കാൻ വലിയ പ്രതിബദ്ധതയുണ്ട്.
'കൗൺസിൽ ഒഫ് എനർജി- എൻവയൺമെന്റ് ആൻഡ് വാട്ടർ" (CEEW) അടുത്തിടെ നടത്തിയ പഠനങ്ങളിൽ വികസിത രാജ്യങ്ങളാണ് മൂന്നിലൊന്നോളം ആഗോള കാർബൺ പുറന്തള്ളലിന് വഴിയൊരുക്കുന്നത് എന്ന കണ്ടെത്തൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഫോസിൽ ഇന്ധനങ്ങളായ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം ഘട്ടം ഘട്ടമായി കുറച്ച്, കാർബണിന്റെയും ഹരിതഗൃഹവാതകങ്ങളുടെയും ബഹിർഗമനം നിയന്ത്രിക്കാനുള്ള തീരുമാനത്തിന് ബ്രസീൽ പൂർണ പിന്തുണ നൽകിയേക്കും.
2050 എത്തുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കാനാണ് ലോകരാജ്യങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം ഇന്ത്യ 2070-ഓടെ കൈവരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കൽക്കരിയെയും ഫോസിൽ ഇന്ധനങ്ങളെയും കൂടുതലായി ആശ്രയിക്കുമ്പോൾ ജീവസന്ധാരണത്തെ ബാധിക്കാതെ ഘട്ടംഘട്ടമായി കാർബണിന്റെ പുറന്തൽ എങ്ങനെ കുറയ്ക്കുമെന്നതാണ് വെല്ലുവിളി. ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പാരമ്പര്യേതര ഊർജോത്പാദനം 2030-ഓടു കൂടി മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. COP 30- ൽ ഇത് കൂടുതൽ ചർച്ച ചെയ്യപ്പെടും.
'വൺ ഹെൽത്ത്" ചർച്ചയാകും
അന്താരാഷ്ട്ര പാരമ്പര്യേതര ഊർജ ഏജൻസിയായ IRENA, 2030-ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണമായി കുറയ്ക്കാനാണ് ആഹ്വാനം ചെയ്യുന്നത്. എന്നാൽ അംഗരാജ്യങ്ങൾ ഇപ്പോഴും ഈ വിഷയത്തിൽ അഭിപ്രായൈക്യം കൈവരിച്ചിട്ടില്ല. അഞ്ചുവർഷംകൊണ്ട് പാരമ്പര്യേതര ഊർജ്ജോത്പാദനം 500 ജിഗാവാട്ട് കൈവരിക്കാൻ ഇന്ത്യ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വ്യക്തമായ ലക്ഷ്യം ഇനിയും കണക്കാക്കിയീട്ടില്ല.
കാലാവസ്ഥാ സ്ഥിരത ഫണ്ടിന്റെ കാര്യത്തിലും അംഗരാജ്യങ്ങളുടെ നിലപാടിൽ ഇനിയും വ്യക്തത വാരാനുണ്ട്. കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്ന കാര്യത്തിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം, വികസ്വര- അവികസിത രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാരം, ഗവേഷണ ഗ്രാന്റ് എന്നിവ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും മൊറോക്കോയിലും ലിബിയയിലും രൂപപ്പെട്ട പ്രകൃതിദുരന്തങ്ങൾക്ക് ചർച്ചയിൽ കൂടുതൽ പ്രാധാന്യം ലഭിക്കാനിടയുണ്ട്. വർദ്ധിച്ചുവരുന്ന 'നിപ" അടക്കമുള്ള പകർച്ചവ്യാധികളെക്കുറിച്ചും, ജന്തുജന്യ രോഗങ്ങളെക്കുറിച്ചും ചർച്ച നടക്കുമ്പോൾ, പരിസ്ഥിതിയും മനുഷ്യരും മൃഗങ്ങളുമെല്ലാം ചേർന്നുള്ള 'വൺ ഹെൽത്ത്" എന്ന ആശയം ഇന്ത്യയിൽ ഉൾപ്പെടെ കൂടുതലായി പ്രവർത്തികമാക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |