
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. അഴിമതി നടന്നുവെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞാൽപ്പോലും നമ്മുടെ സ്വന്തം ആളായതിനാൽ സംരക്ഷിച്ചുകളയാമെന്ന സമീപനം പുതിയതല്ല. വിവിധ മുന്നണികൾ ഭരിക്കുമ്പോഴും ഇത്തരം സമീപനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഉള്ള ഭേദം ഇതുവരെ ഉണ്ടായിട്ടില്ല. നാറുന്നവരെ ചുമന്നാൽ കൂടുതൽ നാറുന്നത് ചുമക്കുന്നവരായിരിക്കും എന്നത് ജനങ്ങൾക്ക് അനുഭവത്തിന്റെ വെളിച്ചത്തിൽ ബോദ്ധ്യമുള്ള കാര്യമാണ്. കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയിരിക്കുകയാണ് ഇടതു സർക്കാർ എന്ന ഗുരുതരമായ പരാമർശമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്.
കേസിൽ പ്രതികളായ കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ മൂന്നാമതും തള്ളിയത് ചോദ്യം ചെയ്‌തുകൊണ്ടുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള രൂക്ഷ പരാമർശമുണ്ടായത്. കശുഅണ്ടി വികസന കോർപ്പറേഷൻ 2006- 2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നെന്നാണ് കേസ്. ഹൈക്കോടതി നിർദ്ദേശപ്രകാരം 2016- ലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. വ്യക്തമായ അടിസ്ഥാനമുള്ള കേസാണ് ഇതെന്നും പ്രോസിക്യൂഷന് അനുമതി കൊടുക്കാതെ സർക്കാർ രണ്ടു വ്യക്തികളെ സംരക്ഷിക്കുന്നത് എന്തിനു വേണ്ടിയാണെന്നുമാണ് കോടതി ചോദിച്ചത്. സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
നടപടിക്രമങ്ങളിലെ വീഴ്‌ചയാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നതെന്നും അതിൽ തെറ്റായ ഉദ്ദേശ്യമോ ഔദ്യോഗിക പദവിയുടെ ദുരുപയോഗമോ എന്തെങ്കിലും നേട്ടമോ ഉണ്ടാക്കിയതായി പറയുന്നില്ലെന്നും വിലയിരുത്തിയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി മൂന്നാം തവണയും നിഷേധിച്ചത്. ഇവർ അഴിമതി നടത്തിയിട്ടില്ലെന്ന് സർക്കാരിന് ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ വിചാരണ നേരിടുന്നതിനെ തടസപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അവർ വിചാരണ നേരിട്ട് നിരപരാധിത്വം ബോദ്ധ്യപ്പെടുത്തി അഗ്നിശുദ്ധി വരുത്തി പുറത്തുവരുന്നെങ്കിൽ അതല്ലേ അവർക്കും സർക്കാരിനും നല്ലത്? ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ അഴിമതി നടക്കില്ലെന്ന പൊതുവായ പ്രതീക്ഷയെ ഹനിക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന കോടതിയുടെ പരാമർശം സർക്കാർ നിസാരമായി എടുക്കരുത്.
അതുപോലെ തന്നെ. അഴിമതിക്കേസുകളിൽ പ്രതികളായ രാഷ്ട്രീയക്കാരടക്കം നാനൂറിലധികം പേരെ വിചാരണ ചെയ്യാനുള്ള വിജിലൻസിന്റെ അപേക്ഷ വർഷങ്ങളായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണ്. സി.ബി.ഐയുടെ തന്നെ രണ്ട് ഡസനിലേറെ കേസുകളിൽ വിചാരണാനുമതി നൽകുന്നില്ല. കേസെടുക്കാനുള്ള വിജിലൻസിന്റെ ഭൂരിഭാഗം അപേക്ഷകളും നിരസിക്കുന്നു. അഴിമതിക്ക് പ്രത്യക്ഷ തെളിവില്ലെങ്കിലും സാഹചര്യത്തെളിവുകൾ മതിയെന്നാണ് സുപ്രീംകോടതിയുടെ പോലും ഉത്തരവ്. അഴിമതിക്കാരെ സംരക്ഷിക്കില്ല; ശക്തമായ നടപടി എടുക്കുമെന്നാണ് വിജിലൻസിന്റെ ഒരു പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്. എന്നാൽ പ്രവൃത്തിയിൽ അവരെ സംരക്ഷിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ഉപ്പു തിന്നവർ വെള്ളം കുടിക്കണം. അതു തടഞ്ഞ് അവരെ സംരക്ഷിച്ചാൽ അങ്ങനെ സംരക്ഷിക്കുന്നവരാകും ഒടുവിൽ വെള്ളം കുടിക്കേണ്ടിവരുന്നത്. അഴിമതി നടത്തിയാൽ ഇന്നല്ലെങ്കിൽ നാളെ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും ഉറപ്പാക്കാതെ അഴിമതി എന്ന മാരകമായ 'സാംക്രമിക രോഗത്തെ" ആർക്കും തടയാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |