
കൂടെ നിൽക്കുന്നവരെല്ലാം ഒരുമിച്ചു താങ്ങിയാൽ ഏതു ഫയൽവാനും വീണുപോകും. ബീഹാർ ഗോദയിലെ ഗുസ്തി ക്ലൈമാക്‌സിൽ കുതന്ത്രങ്ങളിലൂടെ രാഹുൽജിയെ വീഴ്ത്തിക്കളഞ്ഞു. മുന്നിൽനിന്നത് സംഘികളാണെങ്കിലും പിന്നിൽ തലയിൽ മുണ്ടിട്ട് മറ്റു പലരുമുണ്ടായിരുന്നു. 'തോൽവികളുടെ രാജകുമാരൻ" എന്നു വിളിക്കുന്നതിൽ സങ്കടമില്ല. പക്ഷേ, വടക്കൻപാട്ടിലെ വെറും ചന്തുവാക്കുന്നതിൽ വിഷമമുണ്ട്. അതും ചങ്കൻമാരായി കൂടെ നടന്നവർ. 'ഇന്ത്യാ മുന്നണി"യിലൂടെ ഇന്ത്യയെ രക്ഷിക്കാനുള്ള ഉഗ്രപോരാട്ടത്തിൽ, ജയമുറപ്പിച്ച ഘട്ടത്തിൽ കണ്ണിൽ ഇരുട്ടികയറി വീണുപോവുകയായിരുന്നു. പൂഴിക്കടകൻ കളരിമുറയിലൂടെ വീഴ്ത്തിയെന്നു സംഘികൾ പാടിനടക്കുന്നത് ഭാഗികമായി ശരിയാണ്. പോരാട്ടത്തിനിടെ രാഹുൽജിയുടെ മുഖത്തേക്ക് ആരോ പൂഴിവാരി എറിയുകയായിരുന്നു. ചതിച്ചത് ആരാണെന്നു പിടിയില്ല. കുറേക്കകഴിഞ്ഞ് കണ്ണുതുറന്ന് തപ്പിത്തടഞ്ഞ് എണീറ്റപ്പോഴേക്കും സംഘികളും ജെ.ഡി.യു നേതാവ് നിതീഷ്ജിയും എൻ.ജെ.പിയുടെ ചിരാഗ് പാസ്വാനും ആനപ്പുറത്ത് കയറി വിജയാഘോഷം തുടങ്ങിയിരുന്നു. വീണുകിടന്നപ്പോൾ ലഡു നൽകി സംഘികൾ മാതൃകയായെങ്കിലും, ഒരു കപ്പ് സുലൈമാനി നൽകാൻപോലും കോൺഗ്രസുകാരോ പ്രിയചങ്ങാതി ആർ.ജെ.ഡി നേതാവും ലാലുജിയുടെ മകനുമായ തേജസ്വി യാദവോ ഉണ്ടായിരുന്നില്ല. ലഡുവിന്റെ നിറം കാവി ആയിരുന്നതിനാൽ കഴിച്ചില്ല. പക്ഷേ, വലിച്ചെറിയാതെ ഗാന്ധിയൻ എളിമ കാത്തുസൂക്ഷിച്ചു. വോട്ടുചോരിയടക്കം സംഘികളുടെ സകല തട്ടിപ്പുകളും ഒറ്റയ്ക്കു കണ്ടുപിടിച്ച രാഹുൽജി എന്ന ഇന്ത്യൻ ജെയിംസ് ബോണ്ടിനെ തേജസ്വിയും ചതിച്ചു. ബീഹാറിന്റെ ഭാവി മുഖ്യമന്ത്രിയാക്കാമെന്നു രാഹുൽജി ഉറപ്പുനൽകിയിരുന്നതാണ്. ഭാവി എന്നു പറഞ്ഞപ്പോൾ വോളിയം കുറഞ്ഞുപോയതിനാൽ തേജസ്വി കേട്ടില്ല. സമാനമായൊരു നാക്കുപിഴ മഹാഭാരതത്തിലും സംഭവിച്ചിട്ടുണ്ട്. കുരുക്ഷേത്ര യുദ്ധവേളയിൽ 'അശ്വത്ഥാമാ ഹതഃ കുഞ്ജരഃ" എന്ന് ധർമപുത്രരായ യുധിഷ്ഠിരൻ കൗരവപക്ഷത്തെ ദ്രോണരോട് പറഞ്ഞപ്പോൾ, ആന അഥവാ കുഞ്ജരയുടെ വോളിയം തീരെ കുറച്ചുകളഞ്ഞു. കൊല്ലപ്പെട്ടത് മകൻ അശ്വത്ഥാമാവ് ആണെന്നു തെറ്റിദ്ധരിച്ച് ദ്രോണർ ആയുധം താഴെവച്ചതും ധൃഷ്ടദ്യുമ്‌നൻ വധിച്ചുകളഞ്ഞു. സമാനമായൊരു നീക്കമാണിതെന്ന സംശയത്തിലാണ് തേജസ്വിയുടെ പിതാജി ലാലുജി. ചെറുപ്പമല്ലേ, മകന് ഇനിയും സമയമുണ്ടല്ലോ എന്നു ലാലുജി ചിന്തിക്കാത്തതിലാണ് രാഹുൽജിക്കു സങ്കടം.
ആദ്യം ഭാവി മുഖ്യൻ, പിന്നെ ഉപമുഖ്യൻ, ഒടുവിൽ മുഖ്യൻ എന്നിങ്ങനെയാണ് രാഷ്ടീയ സാമ്രാജ്യത്തിലെ പദവികളെന്ന് തേജസ്വിയെ സമാധാനിപ്പിക്കാൻ വാർ റൂം മേധാവി കെ.സി.വേണുഗോപാൽജി ശ്രമിക്കുന്നുണ്ട്. ഒടുവിൽ, 80 വയസ് പൂർത്തിയാകുമ്പോൾ രാഷ്ട്രപതിയുമാകാം. അങ്ങനെയാണ് കോൺഗ്രസിലെ രീതി. അഞ്ചുകൊല്ലം കൂടി കാത്തിരുന്നാൽ ഉറപ്പായും മുഖ്യമന്ത്രിയാകാം. 2029ൽ രാഹുൽജി പ്രധാനമന്ത്രിയാകുമ്പോൾ ഉപപ്രധാനമന്ത്രിയാകാനും അവസരമുണ്ട്. പോരാ, പ്രധാനമന്ത്രിയാകാനാണ് മോഹമെങ്കിൽ ഒന്നോ രണ്ടോ ആഴ്ച ആ കസേരയിൽ ഇരുത്തുന്നതിലും വിരോധമില്ല.
വേണുജിയുടെ ഇടപെടലോടെ കാര്യങ്ങളൊന്നു കലങ്ങിത്തെളിഞ്ഞു വരുന്നതിനിടെയാണ് ലാലു കുടുംബത്തിലെ മക്കൾ കലഹം. മകൾ രോഹിണിക്കു പിന്നാലെ മറ്റു മൂന്നു പെൺമക്കളും പിണങ്ങി വീടുവിട്ടു. മൂത്തമകൻ തേജ്പ്രതാപ് നേരത്തേ പിണങ്ങിപ്പോയിരുന്നു. തേജിനെ പരിവാറുകാർ വലയിലാക്കുന്നതായാണ് വിവരം. അതേസമയം, ബീഹാറികൾ കോൺഗ്രസിനെ കാലുവരിയതിൽ മനംനൊന്ത് വേണുഗോപാൽജി കോൺഗ്രസിന്റെ വാർറൂം പിരിച്ചുവിട്ടതായാണ് വിവരം. മാരകമായ പുതിയൊരു പോർമുഖം ഉടൻ തുറക്കും. കളി കാണാനിരിക്കുന്നതേയുള്ളൂ.
ജയിക്കാൻ ഞങ്ങൾക്ക്
മനസില്ല!
എന്തുകൊണ്ടാണ് തോൽക്കുന്നത് എന്ന ചോദ്യത്തിന്, ജയിക്കാത്തതുകൊണ്ട്! എന്ന കൃത്യമായ മറുപടി നൽകാതെ സകല ഭാരവും രാഹുൽജിയുടെ തലയിൽ കെട്ടിവയ്ക്കുകയാണ് ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികൾ. ജയിച്ചാൽ പ്രതിപക്ഷത്തിന്റെ വിജയം, തോറ്റാൽ രാഹുൽജിയുടെ കഴിവുകേട് എന്നു പറയുന്നത് ശരിയല്ല. അദ്ദേഹത്തിന് ധൈര്യം പകർന്ന് സഹോദരി പ്രിയങ്കാജിയും അളിയൻ റോബർട്ട് വാദ്രാജിയും ഒപ്പമുണ്ട്. ക്ഷീണമുണ്ടെങ്കിൽ കുറച്ചുകാലം വിദേശത്തുപോയി വിശ്രമിക്കൂ, അതുവരെ കാര്യങ്ങൾ താൻ നോക്കിനടത്താം എന്ന് വാദ്രയളിയൻ സമാധാനിപ്പിക്കുന്നുമുണ്ട്. മരുമോൻ മിടുമിടുക്കനാണെങ്കിലും അത്രയും മിടുക്കുള്ള ഒരാൾ തത്കാലം പാർട്ടിയിൽ ഇടപെടുന്നതിൽ സോണിയാജിക്ക് താത്പര്യമില്ലെന്നാണ് അടുക്കളപ്പുറത്തുനിന്ന് പാർട്ടിക്കാർ ചോർത്തിയെടുത്ത വിവരം.
അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ വോട്ട് ചോരിക്കു സമാനമായ പുതിയ ഹൈഡ്രജൻ ബോംബ് രാഹുൽജി പൊട്ടിക്കുമെന്നു തമിഴ് മക്കൾക്കു പ്രതീക്ഷയില്ലെങ്കിലും എന്തെങ്കിലും പടക്കങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന് തീർച്ചയായും അറിയാം. ശിവകാശിയടക്കം പടക്കവും പൂത്തിരിയും നിർമ്മിക്കുന്ന ഒരുപാട് ഗ്രാമങ്ങളും നഗരങ്ങളുമുള്ള നാടാണ് തമിഴകം. ഹൈഡ്രജൻ ബോംബിനെ വെറും ഏറുപടക്കമായി ബീഹാറികൾ കണ്ടെങ്കിൽ, തമിഴ്മക്കൾ എങ്ങനെ കാണുമെന്നു കണ്ടറിയണം. ബീഹാറിൽ പൊട്ടിച്ച ബോംബിനെക്കുറിച്ച് സ്റ്റാലിനോ, ബംഗാൾ മുഖ്യമന്ത്രി മമതാജിയോ പ്രതികരിച്ചിട്ടുമില്ല.
അടുത്ത ബോംബ്
തമിഴ്നാട്ടിൽ!
ഇടയ്ക്കിടെ ഗുണ്ടുകൾ പൊട്ടിക്കുമ്പോൾ കിട്ടുന്ന കൈയടികൾ വോട്ടാകുമെന്ന പ്രതീക്ഷ രാഹുൽജി കൈവിട്ടിട്ടില്ല. നേരത്തേ, കൈപ്പത്തിയിൽ വീഴുന്ന ഓരോ പത്തുവോട്ടിലും മൂന്നോ നാലോ എണ്ണം താമരയായി മാറുന്ന ജാലവിദ്യ വോട്ടിംഗ് മെഷീനിലുണ്ടെന്ന് രാഹുൽജിയുടെ സ്മാർട് ടീമിലെ സാങ്കേതിക വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് ഇതു ഘടിപ്പിച്ചതെന്ന വലിയ വെളിപ്പെടുത്തലുമുണ്ടായി. ഗഹനമായ വിഷയമായതിനാൽ വിവരമില്ലാത്ത ഇന്ത്യക്കാർക്ക് മനസിലായില്ല. അതോടെ വോട്ടിംഗ് മെഷീനെ കുറ്റവിമുക്തമാക്കി. ഇലക്ഷൻ കമ്മീഷനും കോടതികളും ബി.ജെ.പിയുടെ സമാന്തര സംവിധാനങ്ങളായെന്ന ബങ്കർ ബസ്റ്റർ ബോംബിന് കുറേക്കൂടി ആവേശമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും വോട്ടായില്ല.
ബോംബുകൾ എറിഞ്ഞശേഷം, പൊട്ടിയോ എന്നുപോലും നോക്കാതെ വിദേശത്തേക്കു മുങ്ങാതെ നാട്ടിൽ നിന്ന് പ്രതിപക്ഷ മുന്നണിയിലെ മറ്റു നേതാക്കളുടെ വിശ്വാസ്യത നേടിയിരുന്നെങ്കിൽ ഇത്രയും ദയനീയ പരാജയം ഉണ്ടാകുമായിരുന്നില്ലെന്ന് കോൺഗ്രസുകാർ അടക്കംപറയുന്നു. അവസാനഘട്ടത്തിലാണ് തേജസ്വിയുമായി നീക്കുപോക്കുണ്ടാക്കിയത്. സാധാരണക്കാരന്റെ മനസിൽ ഇടംനേടാൻ കമാൻഡോകളുമായി വെള്ളത്തിൽ ചാടിയിട്ടോ, തട്ടുകടയിൽ കയറി ഉണ്ടമ്പൊരി കഴിച്ചിട്ടോ കാര്യമില്ലെന്ന് പറയാൻ വാർറൂം മേധാവികൾക്കടക്കം മടി. ഉണ്ടമ്പൊരി കഴിക്കുന്നതിനൊപ്പം, മറ്റു നേതാക്കളുമായി ചേർന്ന് തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും രാഷ്ട്രീയ ആരോപണങ്ങൾ വിശ്വാസയോഗ്യമായി അവതരിപ്പിക്കാനും കഴിയണ്ടേയെന്ന് മുതിർന്ന കോൺഗ്രസുകാർ രഹസ്യമായി ചോദിക്കുന്നു. രാജാവ് നഗ്നനാണെന്ന് ആരും പറയാത്തിടത്തോളം വമ്പൻ ഹൈഡ്രജൻ ബോംബുകൾ ഇനിയും പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |