
വിനുവിന്റെ പേര് കരടിലില്ല, അപേക്ഷിച്ചതുമില്ല: കോടതി
തിരുവനന്തപുരം: ഹൈക്കോടതി തുണയായി. തിരുവനന്തപുരം നഗരസഭ മുട്ടട വാർഡിൽ കോൺഗ്രസ് യുവതാരം വൈഷ്ണക്ക് മത്സരിക്കാം. കോടതി നിർദേശത്തെ തുടർന്ന് ഹീയറിംഗ് നടത്തിയ ഇലക്ഷൻ കമ്മിഷൻ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു.
അതേസമയം, കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ച സംവിധായകൻ വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയത് കോൺഗ്രസിന് ക്ഷീണമായി. കരട് പട്ടികയിൽ പേരില്ലാത്തതും, പേരു ചേർക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കാതിരുന്നതുമാണ് വിനുവിന് തിരിച്ചടിയായത്. ഇക്കാര്യം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
വൈഷ്ണയുടെ പേര് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങളുടെ അന്തസത്ത ഉൾക്കൊള്ളാതെ നഗരസഭാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നീക്കം ചെയ്തതിന് യാതൊരു നീതീകരണവുമില്ലെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. വൈഷ്ണ ഹാജരാക്കിയ രേഖകൾ പരിഗണിച്ചില്ല. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചതുമില്ല. അതുകൊണ്ടുതന്നെ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്തത് നിയമപരമായി നിലനിൽക്കില്ല.
അതേസമയം, ഹീയറിംഗിലെ തീരുമാനം ഇലക്ഷൻ കമ്മിഷൻ ഹർജിക്കാരിയെ അറിയിക്കാതിരുന്നത് വീണ്ടും ഹൈക്കോടതി ഇടപെടലിന് ഇടയാക്കി.നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വൈഷ്ണയുടെ അഭിഭാഷകൻ വിഷയം ഇന്നലെ ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തീരുമാനം ഉടനടി അറിയിക്കാൻ കോടതി നിർദേശിച്ചു. വിഷയം ഹൈക്കാേടതിയെ അറിയിക്കാനുള്ളതുകൊണ്ടാണ് തീരുമാനം പുറത്തുവിടാതിരുന്നതെന്ന് കമ്മിഷൻ ബോധിപ്പിച്ചു.അത്തരമൊരു നിർദ്ദേശം ഉത്തരവിൽ ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ വൈഷ്ണയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |