
ഒരു കപ്പ് കാപ്പിയുമായി ദിവസം ആരംഭിക്കുന്ന നിരവധി പേരുണ്ട്. ചിലരാകട്ടെ രാവിലെയും വൈകിട്ടുമൊക്കെ കാപ്പി കുടിക്കും. ഇതുകുടിച്ചാൽ പ്രത്യേക എനർജിയാണെന്നാണ് മിക്കവരും പറയുന്നത്. കടകളിൽ ചിലപ്പോൾ പേപ്പർ കപ്പുകളിലായിരിക്കും കാപ്പി നൽകുക.
പൊതുവെ പേപ്പർ കപ്പുകൾ സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ എല്ലാ പേപ്പർ കപ്പുകളും നിരുപദ്രവകരമല്ല. പേപ്പറാണെന്ന തോന്നുമെങ്കിലും ചിലതിൽ പ്ലാസ്റ്റിക്കിന്റെ അംശം കാണുമെന്നാണ് പറയപ്പെടുന്നത്. കാപ്പിയൊന്നും കപ്പിന്റെ പുറത്തുപോകാതിരിക്കാൻ ഉൾഭാഗം വളരെ നേർത്ത പ്ലാസ്റ്റിക് കൊണ്ട് പൊതിയാറുണ്ട്. കാപ്പി പോലുള്ള ചൂട് പാനീയങ്ങൾ ഇതിലൊഴിക്കുമ്പോൾ മൈക്രോ പ്ലാസ്റ്റിക് വയറ്റിലെത്തുന്നു.
ന്യൂട്രീഷ്യനിസ്റ്റ് ഖുഷി ഛബ്ര പേപ്പർ കപ്പുകളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'നിങ്ങൾ കാപ്പിക്കൊപ്പം പ്ലാസ്റ്റിക് കുടിക്കുകയാണ്'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്.
'ഡിസ്‌പോസിബിൾ കപ്പുകൾ നേർത്ത പ്ലാസ്റ്റിക് വാട്ടർപ്രൂഫ് ലൈനിംഗ് കൊണ്ട് പൊതിഞ്ഞിരിക്കും. നിങ്ങൾ അതിൽ നിന്ന് കാപ്പി കുടിക്കമ്പോൾ, ഗണ്യമായ അളവിൽ മൈക്രോപ്ലാസ്റ്റിക് വയറ്റിലെത്തും. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് നിങ്ങൾ കരുതുന്നു. പക്ഷേ യാഥാർത്ഥ്യം വളരെ ഭയാനകമാണ്. ആ 'പേപ്പർ' കപ്പ് വാട്ടർപ്രൂഫ് ആയി നിലനിർത്താൻ പ്ലാസ്റ്റിക് പാളി (സാധാരണയായി പോളിയെത്തിലീൻ) ഉപയോഗിക്കുന്നു. നിങ്ങൾ അതിൽ ചൂടുള്ള കാപ്പി ഒഴിക്കമ്പോഴെല്ലാം, 25,000 മൈക്രോണിൽ താഴെയുള്ള മൈക്രോപ്ലാസ്റ്റിക് നിങ്ങളുടെ പാനീയത്തിൽ കലരുന്നു.'- ഖുഷി പറഞ്ഞു. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഖുഷി വ്യക്തമാക്കി.
ഈ ചെറിയ പ്ലാസ്റ്റിക് കണികകൾ ഹോർമോണുകളെ തടസപ്പെടുത്തുന്നു. കുടലിന്റെ ആരോഗ്യത്തെയടക്കം ഇത് ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നതിനെതിന് പകരം സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലേക്ക് മാറാൻ ഖുഷി ശുപാർശ ചെയ്യുന്നു. യാത്രയ്ക്കിടെ കാപ്പി കുടിക്കാൻ സ്റ്റെയിൻലെസ് പാത്രങ്ങൾ കൊണ്ടുപോകാനും അവർ നിർദേശിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |