
തിരുവനന്തപുരം : ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രമാണെന്നും ബോർഡ് തീരുമാനങ്ങൾ സർക്കാരിന്റെ അറിവോടെയല്ലെന്നും മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു കടകംപള്ളി.
പാർട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. ദേവസ്വംബോർഡിന്റെ പ്രവർത്തനത്തിന് മന്ത്രിതലത്തിൽ ഫയൽ അയയ്ക്കേണ്ട കാര്യമില്ല. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേത് മാത്രമാണെന്നും ഇളക്കാൻ പറയാനും പൂശാൻ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം ഒരുപാട് അന്യായങ്ങൾ വിളിച്ചു പറയുന്നുണ്ട്. കുറ്റമറ്റ അന്വേഷണ സംവിധാനമാണ് നടക്കുന്നത്. താൻ അയച്ച അപകീർത്തി കേസിൽ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നൽകിയിട്ടില്ല. പ്രതിപക്ഷ നേതാവ് മറുപടി പറയാത്തതിന് സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എല്ലാ കാര്യങ്ങളും മാദ്ധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ല. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കണം, സർക്കാരിന്റെ കൈകൾ ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |