SignIn
Kerala Kaumudi Online
Friday, 21 November 2025 6.18 AM IST

ഗുരുദർശനത്തിന്റെ ജീവിതദീപ്തി

Increase Font Size Decrease Font Size Print Page

ramesan-contractor-

വ്യവസായ പ്രമുഖനും എസ്.എൻ ട്രസ്റ്റ് മുൻ ആർ.ഡി.സി ചെയർമാനുമായ ജി. രമേശൻ കോൺട്രാക്ടർ ഓർമ്മയായിട്ട് നാളെ (നവം. 22) 11 വർഷം

ആദ്ധ്യാത്മികമായായി ആയാലും ഭൗതികമായിട്ടായാലും മനുഷ്യൻ നന്നാവണം എന്നതായിരുന്നു ജ്ഞാനയോഗത്തിലും കർമ്മയോഗത്തിലും വിശ്വസിച്ച ശ്രീനാരായണ ഗുരുവിന്റെ ദാർശനിക സമീപനം. അയിത്തം മൂലം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് വേർതിരിക്കപ്പെട്ട വിഭാഗത്തിന്റെ മോചനത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി നേടാനാകൂ. വിദ്യാഭ്യാസം സമുദായത്തെ ബൗദ്ധിക വിജയത്തിലേക്ക് നയിക്കുമെങ്കിലും വ്യവസായത്തിലൂടെ മാത്രമേ സമുദായത്തിന് ധനാഭിവൃദ്ധി നേടാനാവൂ. ഇത് മനസിലാക്കിയാണ് ഗുരുദേവൻ സമുദായ പുരോഗതിക്കായി വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻഗണന നൽകിയത്.

ഗുരുവിന്റെ ക്രാന്തദർശിത്വം ഉൾക്കൊണ്ട് മുന്നേറിയ ഈഴവരെപ്പോലെ മറ്റൊരു വിഭാഗവും കേരളത്തിലില്ല. എല്ലാ മേഖലകളിലും ഗുരുദേവ ദർശനം ഈശ്വരീയ പ്രകാശമാണെന്നു കണ്ട് ആ വഴി സ്വീകരിച്ചവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ജി. രമേശൻ കോൺട്രാക്ടർ. ചരിത്രത്തിൽ സ്ഥാനം പിടിക്കാൻ ഏറെ സവിശേഷതകളൊന്നും അവകാശപ്പെടാനില്ലാത്തൊരു ഇടത്തരം കുടുംബത്തിൽ ജനിച്ച്,​ സാധാരണക്കാരനായി ഉയർന്നുവന്ന വ്യക്തി. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പാരമ്പര്യത്തിന്റെ പ്രതിലോമ ശക്തികളെ തകർത്ത് അദ്ദേഹം നേടിയ വിജയം ഏവർക്കും പ്രചോദനമായിരുന്നു.

പിന്നിട്ട വഴി

മറന്നില്ല

ഒരുകാലത്ത് ജാതിസ്പർദ്ധതയുടെ തലസ്ഥാനമായിരുന്ന തിരുവനന്തപുരം കോട്ടയ്ക്കകത്ത് അവർണ ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. അയിത്തം തടയിട്ട കോട്ടമതിൽ കടന്ന് അതിനകത്തുതന്നെ രമേശൻ തന്റേതായൊരു സാമ്രാജ്യം തീർത്തു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയിൽ നിന്ന് വിലയ്ക്കുവാങ്ങിയ രണ്ടേക്കർ ഭൂമിയിൽത്തന്നെ വേണം തന്റെ വ്യവസായ സ്ഥാപനങ്ങളുടെ ആസ്ഥാനമെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചത് വെറുതെയല്ല. കാലം എല്ലാറ്റിനും കണക്കുതീർക്കും പോലെയായിരുന്നു അത്!

ജീവിതയാത്രയിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും താൻ പിന്നിട്ട വഴികൾ അദ്ദേഹം മറന്നിരുന്നില്ല. അതുകൊണ്ടാണ് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ സ്പർശിച്ചതും മനസറിഞ്ഞ് സഹായിച്ചതും. ആ ജീവിത വിജയത്തിന് നിദാനമായ മറ്റൊന്ന്,​ തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഈശ്വരൻ മാത്രമാണെന്ന ഉറച്ച വിശ്വാസമായിരുന്നു. ഒരിക്കലും തന്റെ നേട്ടങ്ങളിൽ അമിതമായി ആഹ്ളാദിക്കുകയും, കോട്ടങ്ങളിൽ പതറിപ്പോവുകയും ചെയ്യുന്നതായിരുന്നില്ല രമേശൻ കോൺട്രാക്ടറുടെ പ്രകൃതം.

ശ്രീനാരായണ

ദർശനം

മനുഷ്യസഹജമായ കഴിവുകൾകൊണ്ട് എത്ര ഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുത്ത് വിജയപഥത്തിലെത്തിക്കാൻ അദ്ദേഹത്തി​നുണ്ടായി​രുന്ന സാമർത്ഥ്യം സുവി​ദിതമാണ്. കഠി​നാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത, പരി​പക്വമായ ക്ഷമ, തക്കസമയത്ത് ഉചി​തമായ രീതി​യി​ൽ പ്രവർത്തിക്കാനുള്ള കഴിവ്, വിനയാന്വിതമായ പെരുമാറ്റം ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കരാർ വ്യവസായ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സാമുദായിക,​ സാമൂഹ്യ,​ സാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകി. വ്യവസായം അദ്ദേഹത്തിന്റെ ജീവവായുവും ജീവനോപാധിയുമായിരുന്നു. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് നേടുന്ന ധനംകൊണ്ടു മാത്രം സംതൃപ്തി നേടാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളർന്ന ജി. രമേശൻ കോൺട്രാക്ടർ ശ്രീനാരായണ ദർശനം പൂർണമായും ഉൾക്കൊണ്ടു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന അദ്ദേഹം വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് കോളേജിനുണ്ടായ നേട്ടങ്ങൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രശംസയ്ക്ക് പാത്രീഭവിച്ചു. കേരള സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ പലതും സർക്കാർ അംഗീകരിച്ചിരുന്നു. കേരള സർക്കാരിന്റെ ഫുഡ് കമ്മിറ്റിയിലെ അംഗമെന്ന നിലയിലും അദ്ദേഹത്തിന്റെ സുദീർഘ സേവനം നിസ്തുലമായിരുന്നു.

നേട്ടങ്ങളുടെ

നെറുകയിൽ

1931 മാർച്ച് 21-ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെയും ദേവകിയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മെട്രിക്കുലേഷൻ ജയിച്ചു. പിന്നീട് നിരന്തരമായ വായനയിലൂടെ അറിവുകൾ സമ്പാദിച്ചു. ക്ളേശിച്ചും എതിർപ്പുകളോട് എതിരിട്ടും വളർന്നതുകൊണ്ട് അദ്ദേഹത്തിന്റെ അപാരമായ ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചിരുന്നു. വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഭാഗീരഥി- രാമകൃഷ്ണൻ ദമ്പതികളുടെ മകൾ ഇന്ദിരാദേവിയാണ് ഭാര്യ. ഈ ദമ്പതികൾക്ക് രണ്ട് പുത്രിമാരും രണ്ട് പുത്രന്മാരും.

വ്യവസായി എന്ന നിലയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി കരാർരംഗത്തും ശോഭിച്ചു. വൻകിട പ്രോജക്ടുകൾ യഥാസമയം ചെയ്തുതീർത്തതിന് സ്വർണപ്പതക്കം ഉൾപ്പെടെ പലവിധ പാരിതോഷിതങ്ങളും നേടി. ജീവിതത്തിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം 'രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്" എന്നാണ് അറിയപ്പെടുന്നത്. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ നിരവധി സ്ഥാപനങ്ങളാണ് രാജധാനി ഗ്രൂപ്പിനു കീഴിലുള്ളത്. രമേശൻ കോൺട്രാക്ടറുടെ ഇളയ മകനും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ. ബിജു രമേശാണ് രാജധാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.

(ലേഖകന്റെ മൊബൈൽ: 90487 71080)

TAGS: G.RAMESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.