SignIn
Kerala Kaumudi Online
Friday, 21 November 2025 6.19 AM IST

സത്യസായി ബാബയുടെ ജന്മശതാബ്‌ദി

Increase Font Size Decrease Font Size Print Page
s

മനുഷ്യരെക്കാൾ കൂടുതൽ പാമ്പുകളും മൺപുറ്റുകളും ഉണ്ടായിരുന്ന പുട്ടപർത്തി എന്ന കുഗ്രാമത്തിലെ അതിസാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച കുഞ്ഞ് ലോകാരാദ്ധ്യനായി മാറിയ ഇതിഹാസ ചരിത്രമാണ് സത്യസായി ബാബയുടേത്. ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, 'നമുക്കിടയിൽ ജീവിച്ചിരുന്ന സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു സായി ബാബ" എന്നു പറഞ്ഞത് അക്ഷരാർത്ഥത്തിൽ അനേകർക്ക് അനുഭവസത്യമായൊരു വസ്തുതയാണ്. ബാബയുടെ സ്‌നേഹവും സേവനവും ജനകോടികളെ ഭാഷയുടെയും മതത്തിന്റെയും അതിർത്തികളുടെയും ഭേദമില്ലാതെ ഇന്നും നയിക്കുന്നു. 'എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരെയും സേവിക്കുക" എന്ന ബാബയുടെ സന്ദേശം ലോകം ഒരു കുടുംബമാണ് എന്ന ചിരന്തനസത്യം വിളംബരം ചെയ്യുന്നതായിരുന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന, ഗുരുദേവന്റെ ആപ്‌തവാക്യം എല്ലാ അർത്ഥത്തിലും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന മഹനീയമായ ആത്മീയജീവിതം കാഴ്ചവച്ചതിനു ശേഷമാണ് ബാബ വിടവാങ്ങിയത്. ഭാരതത്തിന്റെ വേദ സംസ്‌കാരം ഉദ്‌ഘോഷിക്കുന്നത് തൂണിലും തുരുമ്പിലും പോലും സ്‌പന്ദിക്കുന്നത് ഒരേ സത്യത്തിന്റെ കണികയാണെന്നാണ്. കാലക്രമത്തിൽ ധർമ്മത്തിന് ക്ഷയം സംഭവിക്കുന്ന ഘട്ടങ്ങളിൽ ധർമ്മ സംസ്ഥാപനത്തിനായി ദിവ്യാത്‌മാക്കൾ ഉദയംകൊള്ളാറുണ്ട്. ഇവരിൽ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമുണ്ടാകും. ഭാരതത്തിന്റെ പുണ്യഭൂമി ഇത്തരം ജന്മങ്ങളാൽ സമ്പന്നമാണ്. ലോകം മുഴുവൻ അറിയപ്പെട്ട ആത്മീയ തേജസായി മാറിയ സത്യസായി ബാബ മതങ്ങൾക്കു വേണ്ടിയല്ല,​ മനുഷ്യനു വേണ്ടിയാണ് ആയുസും വപുസും ചെലവഴിച്ചത്. ബാബയുടെ ജീവിത സേവനത്തിന് പല ഭാവങ്ങളും മാനങ്ങളും കാണാം. നാമം ജപിക്കുന്ന ചുണ്ടുകളേക്കാൾ മാനവ സേവ നടത്തുന്ന കരങ്ങളെയാണ് താൻ വിലമതിക്കുന്നതെന്ന് ബാബ പറഞ്ഞിട്ടുണ്ട്. അതിന്റെ അർത്ഥം നാമം ജപിക്കേണ്ടെന്നല്ല. വാക്കും മനസും പ്രവൃത്തിയും ഭിന്നമില്ലാത്ത സത്യസന്ധമായ ജീവിതം നയിക്കാനാണ് ഓരോ പ്രഭാഷണത്തിലും ബാബ ആഹ്വാനം ചെയ്തിരുന്നത്.

വർഷത്തിൽ ചില ഇടവേളകൾ ഒഴിച്ചാൽ സ്ഥിരമായി ബാബ വസിച്ചിരുന്നത് പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകിക്കൊണ്ടായിരുന്നു. താൻ ജന്മംകൊണ്ട സ്ഥലത്തിന്റെ ഏറ്റവും കൊടിയ പ്രശ്നമായ ജലക്ഷാമം പരിഹരിക്കാനുള്ള ശുദ്ധജല പദ്ധതിയാണ് ബാബ ആദ്യം നടപ്പാക്കിയ ബൃഹദ് സംരംഭം. തുംഗഭദ്ര നദിയിൽ നിന്ന് കനാലിലൂടെ 2500 കിലോമീറ്റർ ദൂരം ശുദ്ധജലമെത്തിച്ചത് സർക്കാർ ഒരു പഞ്ചായത്തിൽ ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാക്കുന്നതിനേക്കാൾ വേഗത്തിലായിരുന്നു. 1300 ഗ്രാമങ്ങളാണ് കൊടിയ വേനലിൽ ഒരിറ്റു ദാഹജലം കിട്ടാതെ വലഞ്ഞിരുന്നതിൽനിന്ന് ബാബ കരകയറിയത്. ചെന്നൈ നഗരവാസികൾക്കായി 200 കോടി രൂപയുടെ ജലവിതരണ പദ്ധതിയും നടപ്പാക്കി.

ഇന്ത്യയിൽ പണമടയ്ക്കാനുള്ള കൗണ്ടർ ഇല്ലാത്ത ഒരു ആശുപത്രിയേ ഉള്ളൂ. അത് പുട്ടപർത്തിയിലെ ശ്രീ സത്യസായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. ലക്ഷക്കണക്കിന് ആളുകൾക്കാണ് അവിടെ ഹൃദയ ശസ്‌ത്രക്രിയയും മറ്റും നടന്നിട്ടുള്ളത്. അതിൽ ഹിന്ദു, ഇസ്ളാം, ക്രൈസ്തവ, സിഖ് മതങ്ങളിലുള്ളവരും ഉൾപ്പെടുന്നു. അത്തരത്തിലുള്ള പ്രശസ്തി ആഗ്രഹിക്കാത്തതിനാൽ സത്യസായി സെൻട്രൽ ട്രസ്റ്റ് അവരുടെ മതവും ജാതിയും തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നേയുള്ളൂ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കും ഗ്രാമസേവനത്തിനും വനിതകളുടെ ശാക്തീകരണത്തിനും മറ്റും സായി ട്രസ്റ്റ് തുടർന്നുവരുന്ന സംഭാവനകൾ ഇന്ത്യയൊട്ടാകെ ബാബയുടെ പരിനിർവാണത്തിനു ശേഷവും ഒരു കോട്ടവും കൂടാതെ തുടർന്നുവരികയാണ്. ബാഹ്യമായി കാണാവുന്ന സേവന പദ്ധതികൾക്കപ്പുറം എത്രയോ തേങ്ങുന്ന ഹൃദയങ്ങളിൽ തിരിനാളമായി മാറിയ ബാബ അനാദി വിളക്കായി പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും.

TAGS: SAIBABA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.