SignIn
Kerala Kaumudi Online
Friday, 21 November 2025 6.18 AM IST

കാഷ്യു കോർപ്പറേഷൻ, അഴിമതിക്കറയിൽ മുങ്ങിയ ഇറക്കുമതി ഇടപാടുകൾ

Increase Font Size Decrease Font Size Print Page
sassa

'ഇടതുമുന്നണി സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി; പരിതാപകരമായ അവസ്ഥയാണിത്!"- കാഷ്യു കോർപ്പറേഷൻ അഴിമതിക്കേസിൽ സി.ബി.ഐയ്ക്ക് വിചാരണാനുമതി തുടർച്ചയായി നിഷേധിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉന്നയിച്ച അതിരൂക്ഷമായ വിമർശനമാണിത്. ആറ് സംസ്ഥാന സർക്കാർ ഏജൻസികളും സി.ബി.ഐയും ഹൈക്കോടതിയും സുപ്രീംകോടതിയും അഴിമതി സ്ഥിരീകരിച്ചിട്ടും സർക്കാർ പ്രതികൾക്കൊപ്പം നിൽക്കുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. സർക്കാരിന്റെ ഈ നിലപാട് അഴിമതിക്കാരെ സംരക്ഷിക്കുന്നതിനൊപ്പം കശുഅണ്ടി തൊഴിലാളികളോടുള്ള വഞ്ചന കൂടിയായി മാറുകയാണ്.

പാവപ്പെട്ടവർക്ക് തൊഴിൽ നൽകാനാണ് കൊല്ലം കേന്ദ്രമാക്കി 1969-ൽ സംസ്ഥാന സർക്കാർ കാഷ്യു കോർപ്പറേഷൻ ആരംഭിച്ചത്. സ്വകാര്യ ഫാക്ടറികൾ യന്ത്രവത്കരണത്തിലേക്കു കടന്ന് ഉത്പാദനച്ചെലവ് കുത്തനെ കുറച്ചപ്പോഴും തൊഴിലവസരം നഷ്ടപ്പെടാതിരിക്കാൻ കാഷ്യു കോർപ്പറേഷൻ ആ വഴി തിരഞ്ഞെടുത്തില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഫാക്ടറികൾ ലാഭം കൊയ്യുമ്പോഴും സംസ്കരണ ചെലവ് കൂടുതലായതിനാൽ കാഷ്യു കോർപ്പറേഷൻ നഷ്ടത്തിലായിരുന്നു. തൊഴിലാളികളുടെ സംരക്ഷണത്തിനായി സർക്കാർ നൽകുന്ന സഹായം കൊണ്ടാണ് കാഷ്യു കോർപ്പറേഷൻ അന്നും ഇന്നും മുന്നോട്ടുപോകുന്നത്.

സാധാരണക്കാരായ കശുഅണ്ടി തൊഴിലാളികൾക്ക് സർക്കാർ നൽകിയ പണം തട്ടിയെടുക്കുന്ന പകൽക്കൊള്ളയാണ്, 2006 മുതൽ 2015 വരെ കാഷ്യു കോർപ്പറേഷനിൽ നടന്നത്. കാഷ്യു കോർപ്പറേഷൻ രൂപീകരിച്ച ശേഷം 2006 വരെയുള്ള 37 വർഷത്തിനിടയിൽ 450 കോടിയായിരുന്നു നഷ്ടമെങ്കിൽ,​ 2006 മുതൽ 2015 വരെയുള്ള കൊടിയ അഴിമതിക്കാലത്ത് മാത്രം നഷ്ടം 1400 കോടിയോളമാണ്. ആഫ്രിക്കയിൽ നിന്നുള്ള തോട്ടണ്ടി ഇറക്കുമതിയിലും ടെണ്ടർ ക്ഷണിക്കാതെയുള്ള പരിപ്പ് വില്പനയിലുമായിരുന്നു അഴിമതി. സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 15 തോട്ടണ്ടി ഇടപാടുകളിൽ മാത്രം 85 കോടിയുടെ അഴിമതി കണ്ടെത്തി.

2006 മുതൽ 2015 വരെ 150-ഓളം തോട്ടണ്ടി ഇടപാടുകൾ നടന്നു. ഓരോ വർഷവും 250 മുതൽ 300 കോടി രൂപയ്ക്ക് വരെ തോട്ടണ്ടി ഇറക്കുമതി ചെയ്തു. പ്രതിവർഷം 200 കോടിയുടെ പരിപ്പ് ടെണ്ടറില്ലാതെ വിറ്റു. ഏകദേശം ആയിരം കോടിയുടെ അഴിമതി ഇക്കാലയളവിൽ നടന്നുവെന്നാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഐ.എൻ.ടി.യു.സി മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ് ആരോപിക്കുന്നത്. കാഷ്യു കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷ്, മുൻ ചെയർമാനായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഇവരുടെ കാലയളവിൽ തോട്ടണ്ടി ഇറക്കുമതിയുടെ കരാർ സ്ഥിരമായി ലഭിച്ചിരുന്ന ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജോമോൻ ജോസഫ് എന്നിവരാണ് കേസിലെ ആദ്യ മൂന്നു പ്രതികൾ.

ഇറക്കുമതി

അഴിമതി

2005- ൽ യു.ഡി.എഫ് സർക്കാരിന്റെ അവസാന വർഷത്തിലാണ് കെ.എ. രതീഷ് കാഷ്യു കോർപ്പറേഷൻ എം.ഡിയായത്. അതിന് മുമ്പുവരെ ഡയറക്ട് ഇംപോർട്ട് വ്യവസ്ഥയിലാണ് ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതിക്കുള്ള ടെണ്ടർ ക്ഷണിച്ചിരുന്നത്. കേരളത്തിലെ കശുഅണ്ടി ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ തോട്ടണ്ടിയുടെ പത്തിലൊന്നു പോലും ആഭ്യന്തര ഉത്പാദനം ഇല്ലാത്തതിനാലാണ് ആഫ്രിക്കയിൽ നിന്നുള്ള ഇറക്കുമതി.

ഡയറക്ട് ഇംപോർട്ടിൽ കശുഅണ്ടി കൈവശമുള്ള കമ്പനികൾക്കേ പങ്കെടുക്കാനാകൂ. തോട്ടണ്ടിയുടെ നിലവാര രേഖയും ബാങ്ക് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കണം. എന്നാൽ 2006-ൽ അഴിമതിക്ക് കളമൊരുക്കാനായി തോട്ടണ്ടി ഇറക്കുമതി ടെണ്ടറിൽ നിന്ന് ഡയറക്ട് ഇംപോർട്ട് വ്യവസ്ഥ നീക്കി. ഇതോടെ സ്വകാര്യ കശുഅണ്ടി ഫാക്ടറികൾക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്തുനൽകുന്ന ഇടനിലക്കാർക്ക് ടെണ്ടറിൽ പങ്കെടുക്കാമെന്ന അവസ്ഥയായി. കൈവശമുള്ള കശുഅണ്ടിയുടെ ഗുണനിലവാര സർട്ടിഫിക്കറ്റ് ടെണ്ടറിനൊപ്പം ഹാജരാക്കണമെന്ന വ്യവസ്ഥയും ഇല്ലാതായി. ഈ പഴുതിലാണ് അന്നുവരെ കശുഅണ്ടി ഇറക്കുമതി രംഗത്തില്ലാതിരുന്ന ജെ.എം.ജെയുടെ ദുരൂഹമായ കടന്നുവരവ്.

2006 മുതൽ 2015 വരെ കാഷ്യു കോർപ്പറേഷന്റെ തോട്ടണ്ടി ഇറക്കുമതി ടെണ്ടറിൽ ഭൂരിഭാഗവും ലഭിച്ചത് ജെ.എം.ജെയ്ക്കായിരുന്നു. നിശ്ചിത ഔട്ട്ടേണും (എൺപത് കിലോ ചാക്കിൽ നിന്ന് ലഭിക്കുന്ന പരിപ്പിന്റെ അളവ് പൗണ്ടിൽ) കൗണ്ടുമുള്ള (ഒരു കിലോയിലെ തോട്ടണ്ടിയുടെ എണ്ണം) തോട്ടണ്ടിക്ക് ടെണ്ടർ ക്ഷണിച്ചാണ് കരാർ ഉറപ്പിച്ചിരുന്നത്. എന്നാൽ തുടർച്ചയായി ലഭിച്ചത് നിലവാരം കുറഞ്ഞ തോട്ടണ്ടിയായിരുന്നു. വിലയിൽ 25 ശതമാനം വരെ കുറവുണ്ടാകേണ്ട തരത്തിൽ ഔട്ട്ടേണിൽ എട്ട് പൗണ്ടിന്റെ വരെ കുറവ് സ്ഥിരമായുണ്ടായിട്ടും ഉറപ്പിച്ച തുക തന്നെ കരാറുകാർക്ക് നൽകി കമ്മിഷൻ പറ്റുകയായിരുന്നു!

വിവിധ തുറമുഖങ്ങളിൽ കെട്ടിക്കിടന്ന,​ പഴക്കമുള്ള,​ കിളിർത്ത തോട്ടണ്ടി വരെ ഫാക്ടറികളിൽ എത്തിച്ചു. ഇതോടെ സംസ്കരിച്ച പരിപ്പിന് ഗുണനിലവാരമില്ലാതെയായി. കൗണ്ടും ഔട്ട്ടേണും നിശ്ചയിക്കാൻ ഫാക്ടറികളിൽ നടത്തിയിരുന്ന കട്ടിംഗ് ടെസ്റ്റും പ്രഹസനമായി. കട്ടിംഗ് ടെസ്റ്റിൽ ഉയർന്ന നിലവാരമുണ്ടെന്ന് രേഖപ്പെടുത്തിയ തോട്ടണ്ടി സംസ്കരിച്ചപ്പോൾ ലഭിച്ച ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വിജിലൻസ് കൈയോടെ പിടികൂടി.

തോട്ടണ്ടി ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ ഏജൻസിയായ സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം സംസ്കരിച്ചശേഷം ഗുണനിലവാരം അനുസരിച്ച് പണം നൽകിയാൽ മതിയായിരുന്നു. എന്നാൽ അഞ്ചുശതമാനം കൈകാര്യ ചെലവ് കൊടുക്കുന്നത് നഷ്ടമാണെന്നു പറഞ്ഞ് സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനുമായുള്ള കരാർ അവഗണിച്ചു.


കാഷ്യു കോർപ്പറേഷനും കാപ്പെക്സിനും തോട്ടണ്ടി ഇറക്കുമതിയിൽ തീരുമാനമെടുക്കാനുള്ള അധികാരം, 'ഫ്രീഡം വിത്ത് റെസ്പോൺബിലിറ്റി" വ്യവസ്ഥയിൽ രണ്ട് സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡിന് നൽകിക്കൊണ്ട് വ്യവസായ വകുപ്പ് 1996- ൽ ഉത്തരവിറക്കിയിരുന്നു. ഈ ഇത്തരവ് പൊടിതട്ടിയെടുത്താണ് 2006-ൽ ടെണ്ടർ വ്യവസ്ഥകളിൽ സർക്കാരിന്റെ അനുമതിയില്ലാതെ മാറ്റം വരുത്തിയത്.

പരിപ്പ് വിറ്റും

കമ്മിഷൻ

കാഷ്യു കോർപ്പറേഷന് കാര്യമായ വില്പന ശൃംഖലയില്ലാത്തതിനാൽ ഉത്പാദിപ്പിക്കുന്ന പരിപ്പിന്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. 2006-നു ശേഷം പരിപ്പിന്റെ എക്സ്പോർട്ടിംഗ് നിറുത്തലാക്കി,​ സ്വകാര്യ കമ്പനികൾക്ക് നേരിട്ട് വിൽക്കാൻ തുടങ്ങി. കയറ്റുമതി ചെയ്തിരുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ സ്വകാര്യ കമ്പനികൾക്ക് പരിപ്പ് വിറ്റ് കമ്മീഷൻ വാങ്ങി. സ്വകാര്യ മുതലാളിമാർ ഈ പരിപ്പ് കൂടിയ വിലയ്ക്കു വിറ്റ് വൻ ലാഭം കൊയ്തു. പരിപ്പ് കയറ്റുമതിയിലൂടെ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന അഞ്ച് ശതമാനം ഇൻസെന്റീവും നഷ്ടമായി.

റിപ്പോർട്ടുകൾ

ആവിയായി

സി ആൻഡ് എ.ജി, ധനകാര്യ പരിശോധന വിഭാഗം, റിയാബ്, വ്യവസായ വകുപ്പ്,​ നിയമസഭാ സമിതി തുടങ്ങിയവ അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിച്ച് നടപടി നിർദ്ദേശിച്ചെങ്കിലും സർക്കാർ അനങ്ങിയില്ല. 2012- ൽ വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും എഫ്.ഐ.ആർ ഇടാൻ അനുമതി നൽകിയില്ല. 2014- ൽ കടകംപള്ളി മനോജ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയെയും സർക്കാർ എതിർത്തിരുന്നു. പകരം വിജലിൻസ് അന്വേഷണം നടത്താമെന്നായിരുന്നു നിലപാട്. എന്നാൽ ക്രമക്കേട് സ്ഥിരീകരിച്ച് അന്നത്തെ ധനകാര്യ സെക്രട്ടറി റിപ്പോർട്ട് നൽകിയതോടെയാണ് ഹൈക്കോടതി സിബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

TAGS: CASHEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.