
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തുടർനടപടിക്ക് രാഷ്ട്രപതിക്കും ഗവർണർമാർക്കും മൂന്നുമാസം സമയപരിധി നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പറഞ്ഞ വിധി തെറ്റാണെന്ന് രാജ്യത്തെ പ്രമുഖ നിയമവിദഗ്ദ്ധരെല്ലാം ഒന്നുപോലെ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഒന്നാമത്, ഭരണഘടനയിൽ അങ്ങനെയൊരു സമയപരിധി പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് മൂന്നുമാസം എന്ന സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് നിയമാനുസൃതമായി അധികാരമില്ല. നിയമത്തിന് പുറത്തിറങ്ങിയും കോടതി വിധികളുണ്ടാകാം എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളിലൊന്നായി മാറിയ വിധിയായിരുന്നു രണ്ടംഗ ബെഞ്ചിന്റേത്. സമയപരിധി നിശ്ചയിക്കാനുള്ള അധികാരം പാർലമെന്റിനാണ് ഉള്ളത്. അതും ഭരണഘടനാ ഭേദഗതി ബിൽ നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതമായ രീതിയിൽ പാസാക്കുന്ന പക്ഷം.
അടിസ്ഥാനവിദ്യാഭ്യാസമുള്ള ഏതൊരു പൗരനും അറിയാവുന്ന കാര്യമാണ് ഇത്. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനുള്ളിൽ നിന്ന് നിയമം വ്യാഖ്യാനിക്കാനും ഭരണഘടനയിലെ അവകാശങ്ങളുടെയും തുല്യതാ ബോധത്തിന്റെയും മറ്റും തത്വങ്ങൾക്ക് വിരുദ്ധമാണെങ്കിൽ നിയമം റദ്ദാക്കാനും കോടതിക്ക് അധികാരമുണ്ട്. അതേസമയം, ഒരു നിയമവും സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യയിലെ ഒരു കോടതിക്കും അധികാരമില്ല. രാഷ്ട്രപതിയും ഗവർണറുമൊക്കെ ഉൾപ്പെടുന്ന ഭരണഘടനാ പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ട കോടതിയാണ് സുപ്രീംകോടതി. കാരണം അതിനു മുകളിൽ മറ്റൊരു കോടതി ഇല്ല എന്നതുതന്നെ. എന്തായാലും രണ്ടംഗ ബെഞ്ചിന് സംഭവിച്ച ഈ ഗുരുതരമായ പിഴവ് സുപ്രീംകോടതിയുടെ തന്നെ അഞ്ചംഗ ബെഞ്ച് തിരുത്തിയത് തികച്ചും ഉത്തരവാദിത്വമുള്ള നടപടിയായി കണക്കാക്കാം.
അതേസമയം, രണ്ടംഗ ബെഞ്ചിന്റെ വിധി വരാനിടയായ സാഹചര്യം ഗുരുതരമായ ഒരു വിഷയമാണെന്നതും കാണാതിരുന്നുകൂടാ. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ ഒരു നടപടിയും എടുക്കാതെ അനന്തമായി അടയിരിക്കുന്ന രീതി ജനാധിപത്യ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്. രണ്ടംഗ ബെഞ്ചിന്റെ തെറ്റായ വിധിയുണ്ടായപ്പോൾ 14 ചോദ്യങ്ങൾ അടങ്ങിയ ഒരു റഫറൻസ് രാഷ്ട്രപതിയിൽ നിന്ന് ഉണ്ടായിരുന്നു. ഈ റഫറൻസിനുള്ള മറുപടിയിൽ, ഗവർണർ അകാരണമായി തീരുമാനം വൈകിച്ചാൽ കോടതിക്ക് പരിമിതമായി ഇടപെടാമെന്നാണ് അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയുടെയോ ഗവർണറുടെയോ തീരുമാനം മൂന്നു മാസത്തിലേറെ വൈകിയാൽ ബില്ലുകൾക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കണമെന്ന തമിഴ്‌നാട് കേസിലെ വിധി ഭരണഘടനാനുസൃതമല്ലെന്ന് വിശാല ബെഞ്ച് വ്യക്തമാക്കി.
ബില്ലിന്മേൽ ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് കോടതിയെ സമീപിക്കുക എന്നതല്ലാതെ പോംവഴിയൊന്നുമില്ല. ഭാവിയിൽ പല നിയമ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കുകയും ചെയ്യാം.
രാഷ്ട്രീയത്തിന്റെ അതിപ്രസരം ഗവർണർമാരെ ബാധിക്കാൻ പാടില്ല. അങ്ങനെ വരുമ്പോൾ അതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാവും. അതേസമയം ഗവർണർ കേന്ദ്രത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന മട്ടിൽ സംസ്ഥാനങ്ങൾ ഭരിക്കുന്നവർ പ്രചരിപ്പിക്കുന്നതും ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കാനേ ഉപകരിക്കൂ. നിയമത്തിന്റെ ചട്ടക്കൂടിനപ്പുറം ജനങ്ങളുടെ ക്ഷേമത്തെ മുൻനിറുത്തിയുള്ള നീതിക്കാവണം ഗവർണർമാരും സംസ്ഥാനം ഭരിക്കുന്നവരും ഒരുപോലെ മുൻതൂക്കം നൽകേണ്ടത്. ഇങ്ങനെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഭാവിയിൽ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായി പഠിക്കുകയും നിയമവിദഗ്ദ്ധരുടെ ഉപദേശം തേടുകയും ചെയ്തതിനു ശേഷം ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര സർക്കാരിനു തന്നെ മുൻകൈയെടുക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |