
പ്രത്യേക ലാബ് തുറക്കും
തിരുവനന്തപുരം : നിപ,കൊവിഡ് എന്നിവയ്ക്ക് സമാനമായി പുതിയ വൈറസുകൾ മനുഷ്യരിലേക്ക് എത്താനിടയുണ്ടോയെന്ന് തിരിച്ചറിയാനും അവയെ പ്രതിരോധിക്കാനും തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ പഠനം. വൈറസ് ബാധയോടെ പ്രതികരിക്കാൻ സംസ്ഥാനങ്ങളെ സജ്ജമാക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച വൺ ഹെൽത്ത് പദ്ധതിയുടെ ഭാഗമായാണിത്. തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിലെ പഠനത്തിന്റെ ഏകോപന ചുമതല തിരുവനന്തപുരത്തെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസിഡ് വൈറോളജിയ്ക്കാണ് (ഐ.എ.വി). കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ വൺ ഹെൽത്ത് പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് സൂണോസെസ് പദ്ധതിയുടെ ഭാഗമായാണ് പഠനം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് രാജ്യത്തുടനീളം പഠനം ഏകോപിപ്പിക്കുന്നത്.
ഐ.എ.വി മേൽനോട്ടം വഹിക്കുന്ന തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാദേശിക തലത്തിൽ സാമ്പിളുകൾ ശേരിച്ച് പരിശോധിക്കും. തുടർ പരിശോധനകൾ ആവശ്യമെങ്കിൽ ഐ.എ.വിയിൽ നടത്തും. അഞ്ചുവർഷം നീളുന്ന പഠനത്തിന്റെ ആദ്യ ഡഗുവായി അഞ്ച് കോടി രൂപ ഉടൻ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിക്കും. പഠനാവശ്യത്തിനായി ബയോസേഫ്റ്റി ലെവൽ 2 ലാബ് ഉ ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കും. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് പഠനത്തിനാവശ്യമായ പരിശീലനം ഐ.എ.വിയിൽ നിന്ന് നൽകും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗം അധികൃതർ ഐ.എ.വിയിലെത്തി വിലയിരുത്തിയ ശേഷമാണ് നിർണായക ദൗത്യം ഏൽപ്പിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ഇ.ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ സയന്റിസ്റ്റ് ഡോ.അശ്വതിരാജാണ് കോർഡിനേറ്റർ.
മികവിനുള്ള അംഗീകാരം!
ഐ.എ.വി ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കേന്ദ്രസർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിനെ സുപ്രധാന ദൗത്യത്തിന് നിയോഗിച്ചത്.
ക്ലിനിക്കൽ വൈറോളജി,വൈറൽ ഡയഗ്‌നോസിസ്, വൈറൽ വാക്സിൻസ്,ആന്റിവൈറൽ വാക്സിൻ റിസർച്ച്,വൈറസ് ആപ്ലിക്കേഷൻസ്,വൈറൽ എപ്പിഡമിയോളജിവെക്ടർ ഡൈനാമിക്പബ്ലിക് ഹെൽത്ത്,വൈറസ് ജീനോമിക്സ് ഇൻഫോമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്,ജനറൽ വൈറോളജി എന്നീ വിഭാഗങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്.
85 വ്യത്യസ്ത പരിശോധനകൾ നടത്തുന്നു. 60എണ്ണം വൈറസ് നിർണയത്തിനും മറ്റുള്ളവ ബാക്ടീരിയകൾക്കുള്ളതുമാണ്.
കേരളത്തിലെയും മറ്റ് തെക്കൻ സംസ്ഥാനങ്ങളിലെയും ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള വിവരശേഖരണം, വിശകലനം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നത്.
-ഡോ.ഇ.ശ്രീകുമാർ
ഡയറക്ടർ,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസിഡ് വൈറോളജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |