SignIn
Kerala Kaumudi Online
Tuesday, 25 November 2025 3.47 PM IST

ഭാഷകൾ ജീവസ്സുറ്റതാകട്ടെ

Increase Font Size Decrease Font Size Print Page
d

കേരളത്തിൽ മലയാളം മീഡിയത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം വേഗത്തിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് ഈയിടെ പുറത്തുവന്ന ഒരു റിപ്പോർട്ട്. ഇത് പുതിയ കാര്യമല്ല, ഏതാനും വർഷങ്ങളായുളള വസ്തുതയാണെന്നാണ് പറയുന്നത്. ഇംഗ്ലീഷ് കൂടുതൽ ഗുണമേറിയ പഠനമാദ്ധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്നാണ് ചില വിദഗ്ധർ പറയുന്നത്. മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചർച്ചയാകുമ്പോഴും പൊതുജനങ്ങളുടെ താല്പര്യം മറിച്ചാകുന്നുണ്ടന്ന് പറയുന്നവരുമുണ്ട്. ഇനിയും മലയാളം മീഡിയം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ട്. മലയാളവുമായി വിദ്യാർത്ഥികൾക്ക് ബന്ധമില്ലാതായാൽ, നാടിന്റെ ഭൂമിശാസ്ത്രത്തേയും പരിസ്ഥിതി ബോധത്തേയും ബാധിക്കുമെന്ന അഭിപ്രായങ്ങളുമുണ്ട്. പക്ഷേ, ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം പഠിക്കണമെങ്കിൽ ഇംഗ്ളീഷാണ് ഏറെ സഹായകമെന്നാണ് വലിയൊരു വിഭാഗം വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഏത് മീഡിയത്തിൽ പഠിച്ചാലും സ്‌കൂൾ നൽകുന്ന ഭാഷാ മികവിനുള്ള പരിശീലനമാണ് പ്രധാനമെന്ന ചിന്തയ്ക്കും പ്രസക്തി കൂടിവരികയാണ്. കേവലം ആശയവിനിമയത്തിന് മാത്രമുളള ഉപാധിയല്ല ഭാഷ. അത് ഏത് ഭാഷയായാലും അങ്ങനെത്തന്നെ. മാതൃഭാഷയാകുമ്പോൾ

അതിനപ്പുറത്തും പ്രാധാന്യമുണ്ട്. കാരണം മലയാളഭാഷ വിശാലമായതും മഹത്തായതുമായ ഒരു

സംസ്കാരമാകുന്നു. ഏറ്റവും നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നത് മാതൃഭാഷയിലൂടെയാകും. മലയാളം അറിയുന്നവർക്ക് ലോകത്തിലെ ഏതുഭാഷയും എളുപ്പത്തിൽ ഉൾക്കൊളളാനും കൈകാര്യം ചെയ്യാനും കഴിയുമെന്ന് പൊതുവേ പറയാറുണ്ട്. ഏത് ആശയവും ആവിഷ്കരിക്കാൻ മലയാളത്തിലൂടെ കഴിയുമെന്നാണ് ഭാഷാ പണ്ഡിതർ ചൂണ്ടിക്കാണിക്കാറുളളത്. കോടതിഭാഷ ആയാലും ഔദ്യോഗികഭാഷ എന്ന നിലയിലായാലും മലയാളം ഏറ്റവും അനുയോജ്യമാണെന്നും അതുകൊണ്ട് മാതൃഭാഷയെ മുറുകെപ്പിടിക്കണമെന്നും അവർ അടിവരയിട്ടു പറയും. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടി വരുമ്പോഴും നാടുമായുളള പൊക്കിൾക്കൊടി ബന്ധമായി മലയാളത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരേറെയുണ്ട്. അതുകൊണ്ടാണ് പല എഴുത്തുകാരും കലാകാരൻമാരും അന്യ നാടുകളിലായിരുന്നപ്പോഴും മലയാളത്തിൽ കലാപ്രവർത്തനം തുടർന്നത്. മലയാളിയുടെ ആകാശവും ഭൂമിയും ജീവശ്വാസവുമായി മലയാളഭാഷ നിലനിൽക്കണമെന്ന് പറയുമ്പോൾ തന്നെ പുതിയ കാലത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെയും ജെൻ സിയുടേയും യുഗത്തിൽ വ്യത്യസ്ത ഭാഷകളെ നമ്മൾ കൂടുതൽ സ്വീകരിക്കണമെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നുണ്ട്.

വിശ്വഭാഷയെ എങ്ങനെ സ്വീകരിക്കണം?

മനുഷ്യരെ ഒരുമിപ്പിക്കുന്നത് ഭാഷയാണ്, വേർതിരിക്കുന്നതും. സംസ്‌കാരത്തിലേക്കുളള വഴിവിളക്കാകുന്നു ഭാഷ. ആശയാവിഷ്‌കാരങ്ങൾ അർത്ഥ സമ്പന്നവും പൂർണവുമാകുന്നത് ഭാഷകളിലൂടെയാണെന്നതിൽ സംശയമില്ല. അപ്പോൾ ഒരു വിശ്വഭാഷയെ നമ്മൾ സമീപിക്കേണ്ടത് എങ്ങനെയാണ്? ലോകത്ത് 84 കോടി മനുഷ്യർ പ്രാഥമിക ഭാഷയായും 50 കോടിയാളുകൾ രണ്ടാം ഭാഷയായും ഇംഗ്ലീഷ് പറയുന്നുവെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാകാം വിശ്വഭാഷയായി ഇംഗ്ളീഷിനെ വിലയിരുത്തുന്നത്. 67 ഓളം രാജ്യങ്ങളിൽ പ്രാഥമിക ഭാഷയായി ഇംഗ്ളീഷിനെ പരിഗണിക്കുമ്പോൾ 27 രാജ്യങ്ങളിൽ ഔദ്യോഗിക രണ്ടാം ഭാഷയായും സ്വീകരിക്കുന്നുവെന്ന് പറയുന്നു. അതിനിടെയിലാണ് വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റം. ലോകം ഒരു വിരൽത്തുമ്പിലാണെന്ന് പറയാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഭൂമിയെ മൊത്തം ഒരു ഗ്രാമമാക്കിയെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വിനിമയം മാത്രമല്ല, നയതന്ത്രം, ടൂറിസം, വിദ്യാഭ്യാസം, വിനോദം, ഉൽപ്പാദന- വാണിജ്യരംഗങ്ങൾ, എന്നിവിടങ്ങളിലെല്ലാം പ്രധാന ആശയ വിനിമയോപാധിയായിരിക്കുന്നു. സാഹിത്യത്തേയും മറ്റു കലകളേയും സംസ്‌കാരങ്ങളെയും കൂട്ടിച്ചേർക്കുന്ന ചങ്ങലക്കണ്ണിയായും മാറിയിരിക്കുന്നു. വിദേശങ്ങളിലേക്ക് പഠിക്കാനും ജോലി ചെയ്യാനും വിനോദസഞ്ചാരത്തിനും ഇന്ത്യക്കാർ ഒഴുകാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അടുത്ത കാലത്ത് മലയാളികളുടേയും കുത്തൊഴുക്കുണ്ടായി. ലോക വിപണിയിലേയ്ക്കുള്ള കാൽവെയ്പിന് അവരെല്ലാം കൂടെക്കൂട്ടുന്നത് ഇംഗ്ളീഷിനെയാണ്. കൂൺ പോലെ സ്പോക്കൺ ഇംഗ്ളീഷ് പാഠശാലകൾ പെരുകിയതും അതുകൊണ്ടാണ്. സോഷ്യൽ മീഡിയയിലും ഇംഗ്ളീഷ് പഠനക്ളാസുകൾ ഏറെയാണ്. റസിഡൻഷ്യൽ പ്രോഗ്രാമുകളും നിരവധിയാണ്. ഇംഗ്ളീഷുകാരോടൊപ്പം ഇടപഴകി പഠിക്കാമെന്ന ഓഫർ വരെ നൽകുന്നവരുണ്ട്.

വിദേശ രാജ്യങ്ങളിൽ ഉപരി പഠനത്തിനൊരുങ്ങുന്നവർക്കും തൊഴിൽ തേടുന്നവർക്കും തുടങ്ങിയ ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരീക്ഷകൾ പാസാവേണ്ടി വരും. ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനുമുള്ള കഴിവാണ് ഈ പരീക്ഷകളിൽ വിലയിരുത്തുക. വിദേശ തൊഴിലിനും പഠനത്തിനും ഒരുങ്ങുന്നവർ ഇംഗ്ലീഷിൽ വെെദഗ്ധ്യം നേടിയില്ലെങ്കിൽ ഫലമില്ലെന്ന് ചുരുക്കം.

അദ്ധ്യാപകരാകാമെന്ന് മാത്രമല്ല, ഭാഷാ പരിശീലന രംഗത്തുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങൾക്ക് ശ്രമിക്കാനും കഴിയും. ഇംഗ്ലീഷ് അദ്ധ്യാപകർക്ക് വിദേശ രാജ്യങ്ങളിലും തൊഴിലേറെയാണ്. അതുകൊണ്ടു തന്നെ മലയാള ഭാഷയെ പെറ്റമ്മയെപ്പോലെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ ഇംഗ്ളീഷിനെ സ്വീകരിക്കണമെന്ന വാദത്തിന് പ്രസക്തി കൂടി വരികയാണ്.

സിലബസുകളേതായാലും ഭാഷ നന്നാവണം

ഐ.സി.എസ്.ഇയും സി.ബി.എസ്.ഇയും സ്റ്റേറ്റ് സിലബസുമെല്ലാം കേരളത്തിലുണ്ട്. ഐ.സി.എസ്.ഇയിലും സി.ബി.എസ്.ഇയിലുമെല്ലാം ഇംഗ്ളീഷാണ് പ്രധാന പഠനമാദ്ധ്യമം. ഏത് മീഡിയമായാലും മലയാളവും ഇംഗ്ളീഷുമെല്ലാം സ്ഫുടമായി പറയാനും എഴുതാനും പഠിക്കുക എന്നതാണ് പ്രധാനം. മംഗ്ളീഷ് ആകാതിരിക്കുകയും വേണം. നാല് പതിറ്റാണ്ടുകൾക്ക് മുൻപ്, കേരളത്തിൽ അപൂർവം ഐ.സി.എസ്.ഇ സ്‌കൂളുകൾ മാത്രമാണുണ്ടായിരുന്നത്. ഭാഷയും ശാസ്ത്രവുമെല്ലാം ആഴത്തിലും പരപ്പിലും പഠിക്കേണ്ടി വരുന്നതിനാൽ ഐ.സി.എസ്.ഇ സ്കൂളുകൾക്ക് ആദ്യകാലങ്ങളിൽ വലിയ സ്വീകാര്യതയുണ്ടായില്ല. പക്ഷേ, ഇന്ന് അങ്ങനെയല്ല.

നാല് പതിറ്റാണ്ടുകൾക്ക് മുൻപ്, തൃശൂരിൽ ആദ്യത്തെ ഐ.സി.എസ്.ഇ സ്‌കൂളിന് 'ഹരിശ്രീ " കുറിച്ചതൊരു വനിതയായിരുന്നു, നളിനി ചന്ദ്രൻ! രാജ്യമെമ്പാടും സഞ്ചരിച്ചും പല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്തുമുള്ള അറിവ് കൊണ്ട്, 1978ൽ കുഞ്ഞുങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ 'മമ്മി ഡാഡി സംസ്‌കാരം" ആണെന്ന് ആക്ഷേപിച്ചവരുണ്ട്. പക്ഷേ, അങ്ങനെ അധിക്ഷേപിച്ചവരുടെ മക്കളും പേരമക്കളും അടക്കം ആ സ്കൂളിൽ പഠിച്ചു, വളർന്നു. അമേരിക്കയിലും യു.കെയിലും അടക്കം രാജ്യങ്ങളായ രാജ്യങ്ങളിലെല്ലാം ആ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ശാസ്ത്രജ്ഞരായും ഡോക്ടർമാരായും എൻജിനീയർമാരായും മാറി. നിരവധി വെല്ലുവിളികളെ അതിജീവിച്ച് 1983ൽ തുടങ്ങിയ ഹരിശ്രീ വിദ്യാനിധി ഐ.സി.എസ്.ഇ സ്‌കൂൾ പിന്നീട് ഹയർ സെക്കൻഡറിയായി. 1800 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി.

ഇംഗ്ലീഷിനൊപ്പം മലയാളപഠനത്തിലും ശ്രദ്ധ പുലർത്തി. കലാകായിക മേഖലയിലും വിദ്യാർത്ഥികളെ കെെപിടിച്ചു നടത്തി. അദ്ധ്യാപകരും വിദ്യാലയ അധികൃതരും നല്ല ഭാഷയെ വളർത്തുക എന്നതാണ് പ്രധാനം. മലയാളത്തെ ഹൃദയത്തിൽ സൂക്ഷിക്കുമ്പോൾ തന്നെ കാലാനുസൃതമായി മറ്റു ഭാഷകളേയും സ്വീകരിക്കുക. അങ്ങനെയാകട്ടെ, വരുംകാല വിദ്യാഭ്യാസസമ്പ്രദായം.

TAGS: LANGUAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.