SignIn
Kerala Kaumudi Online
Wednesday, 26 November 2025 6.49 AM IST

പുതിയ ലേബർ കോഡുകൾ അവകാശങ്ങളോ വലുത്; പരിഷ്കാരങ്ങളോ?​

Increase Font Size Decrease Font Size Print Page

modi

തൊഴിൽ നിയമങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണിക്ക് സാക്ഷ്യം വഹിക്കുകയാണ് രാജ്യം. 29 പഴയ തൊഴിൽ നിയമങ്ങൾ സംഗ്രഹിച്ച്, ഇക്കഴിഞ്ഞ 21 മുതൽ പ്രാബല്യത്തിൽ വന്ന നാല് പുതിയ ലേബർ കോഡുകൾ (വേതനം, വ്യാവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടവ)​ തൊഴിൽ മേഖലയിൽ എതിർപ്പുകളുടെ കൊടുങ്കാറ്റുയർത്തുന്നുണ്ട്. സർക്കാർ ഇതിനെ പരിഷ്കരണം, ലളിതവൽക്കരണം, നിക്ഷേപം ആകർഷിക്കൽ എന്നീ വാക്കുകൾകൊണ്ട് വിശേഷിപ്പിക്കുമ്പോൾ തൊഴിലാളി സംഘടനകളും പ്രതിപക്ഷവും ഇതിനെ 'പ്രൊ- കോർപ്പറേറ്റ്, ആന്റി- വർക്കർ" നടപടിയായി കാണുന്നു.

​പുതിയ കോഡുകളുടെ പ്രഖ്യാപിത ലക്ഷ്യം നിയമങ്ങൾ ലളിതമാക്കുക, തൊഴിലാളികൾക്ക് ഏകീകൃതമായ സാമൂഹിക സുരക്ഷയും വേതനവും ഉറപ്പാക്കുക എന്നതാണ്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വിദേശ നിക്ഷേപകർക്കും അനുകൂലമായി,​ നിലവിലെ 'സങ്കീർണമായ" തൊഴിൽ അന്തരീക്ഷം മാറ്റിയെടുക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. എന്നാൽ, ട്രേഡ് യൂണിയനുകളുടെ ചോദ്യം കൃത്യവും പ്രസക്തവുമാണ്- 'നിയമങ്ങൾ ചുരുക്കി എന്നത് ശരിതന്നെ. പക്ഷേ,​ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്തോ?"

തൊഴിലാളി

ആശങ്കകൾ

ദേശീയ ന്യൂനപക്ഷ വേതനം വർദ്ധിപ്പിക്കുക, സർവജന ആരോഗ്യനീതി, അനൗദ്യോഗിക തൊഴിലാളികൾക്ക് സമഗ്ര സാമൂഹിക സുരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് ലേബർ കോഡുകൾ നിശബ്ദത പാലിക്കുന്നുണ്ട്. പാർലമെന്റിൽ വേണ്ടത്ര ചർച്ചകൾ നടത്താതെ, തൊഴിലാളി സംഘടനകളുമായി

കൂടിയാലോചനകൾ ഒഴിവാക്കി കോഡുകൾ നടപ്പിലാക്കിയത് സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. ഇത്,​ നിയമമില്ലാത്ത അവസ്ഥ അഥവാ 'ജംഗിൾ രാജ് " സൃഷ്ടിക്കുമെന്നാണ് ചില യൂണിയനുകളുടെ വിമർശനം.


​വ്യവസായികളും നിക്ഷേപകരും പൊതുവെ പുതിയ മാറ്റത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ഒരൊറ്റ വേതന നിർവചനം (വേജ് ഡെഫിനിഷൻ)​,​ ലളിതമായ പരാതി സംവിധാനം, ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങളിലെ സൗകര്യം, തൊഴിൽ ഫ്ലെക്സിബിലിറ്റി എന്നിവയെല്ലാം അവർക്ക് ഗുണകരമാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയം, 'ഗിഗ്" തൊഴിലാളികളെ (Gig Workers) നിയമപരമായി തിരിച്ചറിഞ്ഞു എന്നതാണ്. പുതിയ കാലത്തെ തൊഴിൽമേഖലകളെ പരിഗണിക്കുന്ന ഇത്തരം നടപടി ആദ്യമായാണ് (ആമസോൺ,​ സ്വിഗി,​ സൊമാറ്റ പോലുള്ള കമ്പനികളുടെ ഡോർ ഡെലിവറി ജോലി ചെയ്യുന്നവരാണ് 'ഗിഗ്" തൊഴിലാളികൾ)​

നടപ്പാക്കുന്നത്

സുഗമമാകില്ല


​എങ്കിലും, മാറ്റം പെട്ടെന്നായതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ വ്യവസായ ലോകം ചൂണ്ടിക്കാട്ടുന്നു. നടപ്പിലാക്കാനുള്ള ചട്ടങ്ങൾ പൂർണമായി വിജ്ഞാപനം ചെയ്യാത്തത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ഗ്രേസ് പീരിയഡ് ഇല്ലാതെ നിയമങ്ങൾ നടപ്പിലാക്കിയത് സ്ഥാപനങ്ങൾക്ക് തീർച്ചയായും വെല്ലുവിളിയാണ്. കൂടാതെ, പരിശോധനാ സംവിധാനം 'ഫെസിലിറ്റേറ്റർ" എന്ന നിലയിലേക്ക് മാറുമ്പോൾ, തൊഴിലിടങ്ങളിലെ നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്. പരിഷ്കാരം നല്ലതാണെങ്കിലും, അതിന്റെ നടത്തിപ്പ് അത്രകണ്ട് സുഗമമല്ല എന്ന് അർത്ഥം.


​പുതിയ കോഡുകളിലെ ചില വ്യവസ്ഥകൾ തൊഴിലാളികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നവയാണ് എന്നത് കാണാതിരുന്നുകൂടാ. ​12 മണിക്കൂർ ഷിഫ്റ്റ്,​ ആഴ്ചയിലെ 48 മണിക്കൂർ പരിധി നിലനിറുത്തിക്കൊണ്ടുതന്നെ ദിവസേനയുള്ള ജോലി സമയം 12 മണിക്കൂർ വരെയാകാം എന്നത് യൂണിയനുകളുടെ പ്രധാന വിമർശനമാണ്. ദീർഘനേര ജോലി നിയമപരമാക്കുന്നതിലൂടെ അത് തൊഴിലാളികളുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും ബാധിക്കുമെന്നാണ് ആരോപണം.

​'ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് " അനുസരിച്ച് തൊഴിലാളികളുടെ എണ്ണം നൂറിൽ നിന്ന് 300 വരെ വർദ്ധിപ്പിച്ച സ്ഥാപനങ്ങൾക്ക് പിരിച്ചുവിടലിനോ ലേ- ഓഫിനോ സർക്കാരിന്റെ മുൻകൂർ അനുമതി ഇനി ആവശ്യമില്ല. ഈ മാറ്റം 'ജോലി സുരക്ഷയുടെ അവസാനമായി" യൂണിയനുകൾ വിലയിരുത്തുന്നു. തൊഴിലാളികളെ എളുപ്പത്തിൽ ഒഴിവാക്കാൻ തൊഴിലുടമകൾക്ക് ഇത് സൗകര്യമൊരുക്കും.

സമരങ്ങളെ

നിയന്ത്രിക്കും


​സമരം ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശത്തെ കർശനമായി നിയന്ത്രിക്കുന്ന വ്യവസ്ഥകളാണ് പുതിയ കോഡുകളിൽ ഉള്ളത്. 14 ദിവസം മുൻകൂട്ടി നോട്ടീസ് നൽകണം, ഭൂരിപക്ഷ യൂണിയന്റെ സമ്മതം വേണം തുടങ്ങിയ നിബന്ധനകൾ തൊഴിലാളി സമരങ്ങളെ പ്രായോഗികമായി ദുർബലപ്പെടുത്തും. '​ഗിഗ്" തൊഴിലാളികളെ അംഗീകരിച്ചത് നല്ല തുടക്കമാണെങ്കിലും, അവർക്കുള്ള സാമൂഹിക സുരക്ഷാ ഫണ്ടിലെ വ്യക്തതയില്ലായ്മ ഒരു പോരായ്മയാണ്. ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അതത് സംസ്ഥാനങ്ങൾ അത് നോട്ടിഫൈ ചെയ്യണം. ഇത് മുഴുവൻ അവകാശ രക്ഷയല്ല, ഒരു പ്രാരംഭ നടപടി മാത്രമാണ്.

​പുതിയ ലേബർ കോഡുകൾ ഇന്ത്യയുടെ കാലഹരണപ്പെട്ട തൊഴിൽ നിയമങ്ങളെ മാറ്റിയെഴുതാനുള്ള ഒരു വലിയ ശ്രമമാണ്. വേതനത്തിലെ ഏകീകരണം, സുരക്ഷാ നിയമങ്ങൾ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കൽ, '​ഗിഗ്" തൊഴിലാളികൾക്ക് നിയമപരമായ അംഗീകാരം തുടങ്ങിയ പോസിറ്റീവായ മാറ്റങ്ങൾ ഇതിലുണ്ട്. ​എന്നാൽ, ഈ പരിഷ്കാരത്തിന്റെ മറവിൽ ജോലി നഷ്ടപ്പെടൽ എളുപ്പമാക്കുക, യൂണിയനുകളുടെ ശക്തി കുറയ്ക്കുക, നീണ്ട ജോലി സമയം നിയമപരമാക്കുക, പരിശോധനകൾ കുറച്ച് ചൂഷണം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത എന്നിവയെല്ലാം തൊഴിലാളികൾക്ക് ഭീഷണിയാണ്. 'ഫ്ലെക്സിബിൾ ലേബർ മാർക്കറ്റ്" എന്നത് സ്ഥിരജോലി ഇല്ലാതാക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

അവരെക്കൂടി

കേൾക്കണം


​നിയമങ്ങൾ ശക്തമാണെങ്കിലും അതിന്റെ നടത്തിപ്പ് ദുർബലമാവുകയോ കോർപ്പറേറ്റുകൾക്കു മാത്രം അനുകൂലമാവുകയോ ചെയ്താൽ, ഈ പരിഷ്കാരം രാജ്യത്തെ തൊഴിലാളികളെ കൂടുതൽ ദുർബലരാക്കും. അതുകൊണ്ട്, ഈ മാറ്റം തൊഴിലാളികളുടെ അഭിപ്രായവും ആശങ്കകളും കൂടി ശ്രദ്ധിച്ച്,​യൂണിയനുകളുമായി ചർച്ച ചെയ്ത്, വ്യക്തമായ ചട്ടങ്ങളോടെ നടപ്പിലാക്കേണ്ടതായിരുന്നു. ​ഇപ്പോൾ കാണുന്ന അതിവേഗത്തിലുള്ളതും ഏകപക്ഷീയവുമായ നടപ്പാക്കൽ, തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത് സ്വാഭാവികം. മാത്രമല്ല,​ അത് പ്രായോഗികത സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു.

തൊഴിലാളി സുരക്ഷയും നീതിയും ഉറപ്പാക്കുന്ന രീതിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയെങ്കിലേ ഈ കോഡുകൾ സമതുലിതവും ആധുനികവുമായ തൊഴിൽ വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കൂ. അല്ലാത്തപക്ഷം, ആധുനികതയുടെ വാതിൽ തൊഴിലാളികളുടെ അവകാശങ്ങളുടെ ചെലവിൽ തുറക്കുന്നതായിരിക്കും ഈ പരിഷ്കാരം.

TAGS: LABOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.