
മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട പ്രഭാത ഭക്ഷണങ്ങളാണ് ദോശയും ഇഡ്ഡലിയും. എന്നാൽ, മാവ് കൃത്യമായി അരച്ചില്ലെങ്കിൽ ഇവയുടെ രുചി കുറയും. പേരുകേട്ട വിഭവമാണ് രാമശേരി ഇഡ്ഡലി. വളരെ സോഫ്‌റ്റാണെന്നത് മാത്രമല്ല, ഇതിന്റെ രുചിയും വളരെ കൂടുതലാണ്. ഈ പാലക്കാടൻ വിഭവം തയ്യാറാക്കുന്നത് ഒരു കലത്തിന് മുകളിൽ തുണിയൊക്കെ ഉപയോഗിച്ചാണ്. എന്നാൽ, ഇതൊന്നുമില്ലാതെ രാമശേരി ഇഡ്ഡലി നമുക്ക് വീട്ടിൽ തന്നെയുണ്ടാക്കാം. ഇതിനുവേണ്ട ചേരുവകളും തയ്യാറാക്കുന്ന വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
പൊന്നി അരി - 1 ഗ്ലാസ്
പച്ചരി - 1 ഗ്ലാസ്
ഉഴുന്ന് - അര ഗ്ലാസ്
ഉലുവ - 1 ടീസ്‌പൂൺ
മാവ് തയ്യാറാക്കുന്ന വിധം
പൊന്നി അരിയും പച്ചരിയും ഒരു പാത്രത്തിലും ഉഴുന്നും ഉലുവയും മറ്റൊരു പാത്രത്തിലും വെള്ളമൊഴിച്ച് നാല് മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വേണം കുതിർക്കാൻ. അരയ്‌ക്കുമ്പോൾ ആദ്യം ഉഴുന്നും ഉലുവയും വെള്ളമില്ലാതെ ഗ്രൈന്ററിലേക്കിടണം. ഇടയ്‌ക്കിടെ ഇതിലേക്ക് ഐസിട്ട വെള്ളം ഒഴിക്കണം. ഗ്രൈന്റർ ചൂടാവുന്നത് ഒഴിവാക്കാനും മാവ് നല്ല സോഫ്‌റ്റായി ലഭിക്കാനും ഇത് സഹായിക്കും.
ഉഴുന്ന് വെണ്ണ പോലെ നന്നായി അരഞ്ഞ് വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരിമാറ്റുക. ശേഷം അരി ആവശ്യത്തിന് വെള്ളം ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക. ഇതും ഉഴുന്നുമാവും യോജിപ്പിക്കണം. ശേഷം ഉപ്പ് ചേർക്കണം. വൃത്തിയാക്കിയ കൈ ഉപയോഗിച്ച് നന്നായി മാവ് യോജിപ്പിക്കുക. മാവ് പുളിക്കാൻ ഇത് സഹായിക്കും. മാവ് പൊങ്ങിവരും അതിനാൽ വലിയ പാത്രത്തിൽ വേണം ഇത് അടച്ചുവയ്‌ക്കാൻ. പിറ്റേദിവസം ഈ മാവ് ഉപയോഗിക്കാവുന്നതാണ്.
ഇഡലി തയ്യാറാക്കുന്ന വിധം
സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്ന തട്ടിൽ ഇലയിട്ട് അതിലേക്ക് എണ്ണ പുരട്ടിയ ശേഷം നേരത്തേ തയ്യാറാക്കിവച്ച മാവ് ഒഴിച്ച് അൽപ്പം പരത്തിക്കൊടുക്കുക. ഇത് അടച്ചുവച്ച് വേവിക്കണം. കുറച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ വെന്തുകിട്ടും. ഇത് ചമ്മന്തിപ്പൊടിയോടൊപ്പം കഴിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |