SignIn
Kerala Kaumudi Online
Wednesday, 26 November 2025 2.10 PM IST

മുഖം കോടിപ്പോകുന്ന ബെല്‍സ് പാള്‍സി രോഗം; ലക്ഷണം നോക്കി തിരിച്ചറിയാം, കാരണങ്ങൾ ഇതാണ്

Increase Font Size Decrease Font Size Print Page
bells-palsy

മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്ക് തൂങ്ങിയിരിക്കുന്ന പോലെ തോന്നും. ചിരിക്കുമ്പോള്‍ ഒരു വശത്തേക്ക് മാത്രമേ ചലനം സാദ്ധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച വശത്തെ കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടും.


ബെല്‍സ് പാള്‍സി 'Acute Peripheral Facial Palsy of Unknown Cause' എന്നും അറിയപ്പെടുന്നു. കൂടാതെ 'Idiopathic Facial Paralysis' എന്നും വിളിക്കുന്നു. സാധാരണയായി 15 - 60 വയസ് പ്രായമുള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്. 1774 - 1842 കാലഘട്ടത്തിലെ സ്‌കോട്ടിഷ് സര്‍ജന്‍, ന്യൂറോളജിസ്റ്റ്, അനാട്ടമിസ്റ്റ് ആയിരുന്ന Sir Charles Bell ന്റെ പേരിലാണ് ബെല്‍സ് പാള്‍സി നാമകരണപ്പെട്ടിട്ടുള്ളത്.


ഇത് മുഖത്തിലെ നാഡി വീക്കം മൂലമുണ്ടാകുന്ന ചലനശേഷി നഷ്ടമാകുന്ന അവസ്ഥയാണ് (paralysis). മുഖത്തിന്റെ ഒരു വശത്തെ പേശികള്‍ നിയന്ത്രിക്കുന്ന നാടിയുടെ വീക്കമാണ് (Inflammation of Cranial Nerve VII - Facial nerve) കാരണം. സാധാരണയായി വൈറസ് അണുബാധയെ തുടര്‍ന്നുണ്ടാകുന്ന പാര്‍ശ്വഫലമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു.


മുഖത്തിന്റെ ചലനശേഷി നഷ്ടമാകുന്ന അവസ്ഥ മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഭേദമാവുകയും ഏകദേശം ആറ് മാസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും. അപൂര്‍വമായി മാത്രം ചില ലക്ഷണങ്ങള്‍ ജീവിതകാലത്തോളം തുടരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. Herpes Simplex എന്ന വൈറല്‍ അണുബാധയുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.


രോഗ ലക്ഷണങ്ങള്‍

· മണിക്കൂറുകളും ദിവസങ്ങളും കഴിയുന്തോറും മുഖത്തിന്റെ ഒരുവശത്ത് നേരിയ ദൗര്‍ബല്യം മുതല്‍ പൂര്‍ണമായും ചലനശേഷി നഷ്ടമാകുന്ന അവസ്ഥയിലെത്തുന്നു.
· മുഖം കോടുക, ചിരിക്കാനും കണ്ണടയ്ക്കാനും ബുദ്ധിമുട്ട്.
· വായില്‍ നിന്നും ഉമിനീര്‍ ഒലിക്കുക.
· താടി ഭാഗത്തും ചെവിയുടെ അകത്തും പിന്നിലും വേദന.
· സാധാരണ ശബ്ദങ്ങളും വളരെ ഉച്ചത്തിലും അസഹനീയമായും അനുഭവപ്പെടുക (Hyperacusis).
· തലവേദന
· രുചിക്കാന്‍ സാധിക്കാതെ വരിക.
· കണ്ണുനീര്‍, ഉമിനീര്‍ എന്നിവയുടെ അളവില്‍ വ്യത്യാസം.
· വളരെ അപൂര്‍വമായി മാത്രം മുഖത്തിന്റെ ഇരുവശങ്ങളെയും ബാധിക്കാം.

ശ്രദ്ധിക്കുക: പെട്ടെന്ന് മുഖം കോടുകയാണെങ്കില്‍ അത് പക്ഷാഘാതത്തിന്റെ ലക്ഷണമാകാം. ലക്ഷണങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇത്തരം അവസ്ഥ ഉണ്ടായാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്.


രോഗ കാരണങ്ങള്‍

കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പലപ്പോഴും വൈറല്‍ അണുബാധയാണ് ഇതിന് കാരണമായി കരുതപ്പെടുന്നത് (HSV - ശരീരത്തിലെ ഏതെങ്കിലും അവയവത്തെ ബാധിച്ച അണുബാധ, Herpes zoster, EBV, CMV തുടങ്ങിയവ).


ബെല്‍സ് പാള്‍സി വരാന്‍ സാദ്ധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?

· ഗര്‍ഭിണികളില്‍ (3rd trimester), പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം
· അതിരൂക്ഷമായ ശ്വാസകോശ അണുബാധ (Flu, cold).
· പ്രമേഹം (Diabetes)
· ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (Hypertension)
· അമിതവണ്ണം (Obesity)


സങ്കീര്‍ണ്ണതകള്‍

· ഫേഷ്യല്‍ നാഡിക്ക് സ്ഥിരമായ കേടുപാടുകള്‍ സംഭവിക്കുക.
· ഒരു പേശി ചലിപ്പിക്കുമ്പോള്‍ മറ്റൊന്ന് അനിയന്ത്രിതമായി ചലിക്കുന്ന അവസ്ഥ.
· കണ്ണുകള്‍ ചിമ്മുക
· കണ്ണുകള്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കണ്‍പാളി വരണ്ടു പോവുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു.


ചികിത്സാ രീതികള്‍

· കൃത്യസമയത്ത് ചികിത്സ തേടി മരുന്നുകള്‍, ഫിസിയോതെറാപ്പി, കണ്ണിന്റെ സംരക്ഷണം എന്നിവയാണ് പ്രധാന ചികിത്സാ മാര്‍ഗങ്ങള്‍.
· വളരെ അപൂര്‍വമായി മാത്രം ശസ്ത്രക്രിയ ചെയ്യേണ്ടതായി വരാം.


കണ്ണിന്റെ സംരക്ഷണം

· കണ്ണിലെ വരള്‍ച്ച ഒഴിവാക്കുന്നതിനായി ദിവസവും lubricating eye drops ഉപയോഗിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഓയിന്‍മെന്റും ഉപയോഗിക്കേണ്ടതായി വരാം.
· പുറത്ത് പോകുമ്പോള്‍ പൊടി, സൂര്യപ്രകാശം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നതിനായി കണ്ണട / Goggles ഉപയോഗിക്കുക.
· രാത്രി ഉറങ്ങുമ്പോള്‍ കണ്ണ് മറയ്ക്കുന്നതിനായി eye mask ഉപയോഗിക്കുക.


മരുന്നുകള്‍

സാധാരണയായി ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേദനസംഹാരികള്‍, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്, ആന്റിവൈറല്‍ എന്നിവയാണ് നല്‍കുന്നത്.


ഫിസിയോതെറാപ്പി

പേശികള്‍ ചുരുങ്ങുന്നത് തടയാനും നാഡിയെ ബാധിച്ച അവസ്ഥയില്‍ നിന്നും പൂര്‍വ്വസ്ഥിതിയിലാക്കാനും ഫിസിയോതെറാപ്പി സഹായിക്കുന്നു.


ഇതില്‍ ഉള്‍പ്പെട്ടവ:-

· മുഖം മസാജ് ചെയ്യുക.

· കോട്ടണ്‍ തുണി ചെറു ചൂടുവെള്ളത്തില്‍ മുക്കി മുഖത്ത് ആവി പിടിക്കുക.

· കൈവിരലുകളുടെ സഹായത്തോടെ മുഖത്ത് ചലനം വരുത്തുക.

· കണ്ണിന്റെ വ്യായാമം (കണ്ണ് ചിമ്മുക, കണ്‍പോള അടച്ചു തുറക്കുക).

· മുഖത്തെ വ്യായാമം (പുരികം ഉയര്‍ത്തുക, കണ്ണുകള്‍ ഇറുക്കി അടയ്ക്കുക, ചെറു ചിരി, വലിയ ചിരി, അല്പനേരം കവിളുകള്‍ വീര്‍പ്പിച്ച് പിടിക്കുക, ചുണ്ട് കൂര്‍പ്പിച്ച് പിടിക്കുക).

· മിറര്‍ തെറാപ്പി (ഉദാ: കണ്ണാടിയില്‍ നോക്കിക്കൊണ്ട് ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഇരുവശവും ഒരുപോലെയാണെന്ന് സങ്കല്‍പ്പിക്കുക).

· സ്പീച്ച് വ്യായാമങ്ങള്‍ - സംസാരിക്കുന്നതിലെ ബുദ്ധിമുട്ട് മാറുന്നതിനുള്ള ചികിത്സ (B, P, M, O തുടങ്ങിയ ഒച്ചകള്‍ പരിശീലിക്കുക).

· മുഖത്തിന്റെ പേശികള്‍ക്കായി ഇലക്ട്രിക്കല്‍ സ്റ്റിമുലേഷന്‍

· ഇതിനുപുറമേ അമിതമായി തണുപ്പടിക്കുന്നത് മുഖത്തിലെ നാഡി വീക്കത്തിന് കാരണമായി കരുതപ്പെടുന്നു. ആയതിനാല്‍ യാത്ര ചെയ്യുമ്പോള്‍ ഇരു ചെവികളും മൂടുന്നത് നല്ലതാണ്.


ശസ്ത്രക്രിയ

· Decompression എന്ന ശസ്ത്രക്രിയ മുമ്പ് ചെയ്തു വന്നിരുന്നു. എന്നാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം ഇപ്പോള്‍ അത് നിര്‍ദ്ദേശിക്കാറില്ല.
· സൗന്ദര്യ വര്‍ദ്ധക / പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയകള്‍ (Cosmetic / Reconstructive surgeries) ആവശ്യമെങ്കില്‍ ചെയ്യാവുന്നതാണ്. (പുരികം, കണ്‍പോള എന്നിവ ഉയര്‍ത്തുന്നതിന്, നാഡി മാറ്റിവയ്ക്കുക, ഫേഷ്യല്‍ ഇംപ്ലാന്റുകള്‍ വയ്ക്കുക എന്നിവയ്ക്കായി)
രോഗത്തെപ്പറ്റി കൃത്യമായ അറിവ് നേടുകയും രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യേണ്ടതുമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തേടുകയാണെങ്കില്‍ ബെല്‍സ് പാള്‍സി എന്ന രോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്നു.


Mrs. Sreedevi
HOD, Department of Physiotherapy
SUT Hospital, Pattom

TAGS: HEALTH, LIFESTYLE HEALTH, BELLS PALSY, SYMPTOMS, TREATMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.