
തിരുവനന്തപുരം: നമ്മുടെ പ്രധാനമന്ത്രിമാരും വിദേശ രാജ്യത്തലവൻമാരും യാത്ര ചെയ്ത കാറാണിത്. വയസ് 65. അമേരിക്കൻ നിർമ്മിതം. ഇപ്പോൾ സംസ്ഥാന ടൂറിസം വകുപ്പിൽ വിശ്രമത്തിലാണിത്. പുരാവസ്തു വകുപ്പ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ചരിത്ര വാഹനമായി സൂക്ഷിക്കാനാണ് ടൂറിസം തീരുമാനം.
രാജഭരണകാലത്തും ബ്യൂക്ക് കാറുകൾ കേരളത്തിലെത്തിയിരുന്നു. ചില്ലറക്കാരനല്ല ഈ 1960 മോഡൽ ബ്യൂക് കാർ. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉൾപ്പെടെ സംവിധാനങ്ങളുമുണ്ട്.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർ കേരളത്തിലെത്തുമ്പോൾ ആധുനിക സൗകര്യങ്ങളുള്ള കാർ വേണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്നാണ് 1960 ൽ ഇതു വാങ്ങിയത്. അമേരിക്കയിലെ ജനറൽ മോട്ടോഴ്സിൽ നിന്നുമാണ് വാങ്ങിയത്. നാലു സീറ്റുള്ള കാറാണിത്. ഉരുക്ക് ബോഡിയും പവർ സ്റ്റിയറിംഗും ഓട്ടോമാറ്റിക് ഗിയർ സംവിധാനവും ആറ് സിലിണ്ടറും രണ്ട് കാർബറേറ്ററുമായി കരുത്തുറ്റതാണ് കാർ. ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും ടേപ്പ് റെക്കാഡർ സംവിധാനവുമുണ്ട്.
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ചരൺ സിംഗുമെല്ലാം ഇതിൽ സഞ്ചരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർ എത്തുമ്പോഴെല്ലാം ബ്യൂക്ക് ഓടിയെത്തി. മുഖ്യമന്ത്രിമാരായ കെ. കരുണാകരനും ഇ.കെ. നായനാരും അപൂർവം ചില സമയങ്ങളിൽ ഇതിൽ സഞ്ചരിച്ചു.
ഒടുവിൽ ദലൈ ലാമ
2012 ൽ ദലൈ ലാമ കേരളത്തിൽ എത്തിയപ്പോൾ ബ്യൂക്കിലാണ് സഞ്ചരിച്ചത്. ആ യാത്രയ്ക്കിടെ കേടായി. അതോടെ കാർ തൈക്കാട് ടൂറിസം വകുപ്പിന്റെ ഗാരേജിലേക്ക് മാറ്റി. പണികൾ തീർത്ത് ഓടുന്ന അവസ്ഥയിലാക്കിയെങ്കിലും വിശ്രമം നൽകാൻ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഗാരേജ് ചുമതലയുള്ള എ.എക്സ്.ഇ സജീഷ്, ഹെഡ് ഷോഫർ എസ്. സുരേഷ് കുമാർ എന്നിവരുടെ സംരക്ഷണയിലാണ് കാർ. ഗ്ലാസ് കവചത്തിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള കാർ ആവശ്യപ്പെട്ട് നിരവധി വിന്റേജ് കാർ പ്രേമികൾ എത്തുന്നുണ്ട്. ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയ സംഘടനകളുമുണ്ട്. ഇപ്പോഴും ഓടുന്ന കണ്ടീഷനിൽ തന്നെയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |