
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിധിയുടെ പശ്ചാത്തലത്തിൽ പ്രദേശവാസികളിൽനിന്ന് വസ്തുനികുതി പിരിക്കാൻ അനുമതി നൽകി ഹൈക്കോടതി. മുനമ്പത്ത് സമരരംഗത്തായിരുന്ന ഭൂസംരക്ഷണസമിതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്. കരം അടയ്ക്കൽ സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമുള്ള ഹർജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് കഴിഞ്ഞ ഒക്ടോബർ 10നാണ് ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്. ഇതേ തുടർന്ന് താമസക്കാരുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണസമിതി ഹർജി നൽകുകയായിരുന്നു. വസ്തുനികുതി കൈപ്പറ്റാൻ അധികൃതരോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഉപഹർജിയും നൽകി.
വസ്തുനികുതി സ്വീകരിക്കുന്നതിനെ സർക്കാരും എതിർത്തില്ല. സ്റ്റേ നിലനിന്നിരുന്നതിനാൽ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളടക്കം ദുരിതത്തിലാണെന്ന് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
എന്നാൽ വഖഫ് സംരക്ഷണസമിതി ഹർജിയെ എതിർത്തു. ഡിവിഷൻബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. നികുതി സ്വീകരിക്കുന്നെങ്കിൽ അത് സുപ്രീംകോടതിയുടെ അന്തിമതീർപ്പിന് വിധേയമായിരിക്കണമെന്നും വാദിച്ചു. തുടർന്നാണ് സിംഗിൾബെഞ്ച് ഉപാധിയോടെ നികുതിപിരിക്കാൻ അനുമതി നൽകിയത്. ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടർ, കൊച്ചി തഹസിൽദാർ, കുഴുപ്പിള്ളി വില്ലേജ് ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകി. വിഷയം ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
നേതാക്കൾ നികുതിയടച്ചു
ഹൈക്കോടതി വിധി അറിഞ്ഞഉടനെ മുനമ്പം ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, കൺവീനർ ജോസഫ് ബെന്നി കറുപ്പശേരി എന്നിവരുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾ കുഴുപ്പിള്ളി വില്ലേജ് ഓഫീസിലെത്തി കരംഅടച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |