
കോലഞ്ചേരി: വിലയിൽ നാല് സെഞ്ച്വറി അടിച്ചതിന്റെ ഗമയിലാണ് മുരിങ്ങാക്കോൽ, 400 രൂപ!. തൊട്ടുപിന്നിൽ പൂർവകാല റെക്കാഡുകൾക്കൊപ്പമെത്താൻ തക്കാളിയും. തക്കാളിക്കാകട്ടെ ചില്ലറ വില കിലോ 100 കടന്നു. സംസ്ഥാനത്ത് സീസൺ കഴിഞ്ഞതോടെയാണ് വില ഇത്രയും കൂടിയത്. രണ്ട് ദിവസം കൊണ്ട് 40 രൂപയാണ് തക്കാളിക്ക് കൂടിയത്. ശബരിമല സീസൺ തുടങ്ങിയതോടെ ആവശ്യക്കാർ കൂടുതലാണ്. വില ഇനിയും ഉയരുമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. തമിഴ് നാട്ടിലെ ഉദുമൽപെട്ട് , പൊള്ളാച്ചി, ഒട്ടൻചത്രം, എം.ജി.ആർ മാർക്കറ്റുകളിൽ നിന്നാണ് തക്കാളി സംസ്ഥാനത്തേയ്‌ക്കെത്തുന്നത്.
പകരക്കാർ പരീക്ഷണത്തിൽ
വിലക്കയറ്റത്തിൽ വലയുന്നത് ഹോട്ടലുടമകളാണ്. കുറച്ച് നാൾ മുമ്പാണ് ഊണിനടക്കം വില കൂട്ടിയത്. പെട്ടെന്ന് വീണ്ടും കൂട്ടുന്നത് കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. തത്ക്കാലം ഫ്രീയായി നൽകുന്ന സാമ്പാറിന് കാശു വാങ്ങേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഹോട്ടലുടമകൾ പറയുന്നു. വില കൂടി നിൽക്കുന്ന പച്ചക്കറികൾക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകൾ.
ചുവന്ന ക്യാപ്‌സിക്കം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്‌സിക്കത്തിനുമുണ്ട്.
ക്യാരറ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നൽകാൻ ക്യാരറ്റിനും കഴിയും. ക്യാരറ്റ് അരച്ച് ചേർത്താൽ കറികൾക്ക് കൊഴുപ്പും കിട്ടും. എന്നാൽ തക്കാളിയുടെ അതേ രുചി കിട്ടില്ല.
പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ കറിപ്പുളി ചേർത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേർത്ത ശേഷം ചുവന്ന ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞ് ചേർത്താൽ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകൾ.
പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്.
പഴുത്ത കുടംപുളി ചേർത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മറ്റ് രീതിയിൽ തക്കാളിക്ക് പകരമാകാൻ പഴുത്ത കുടംപുളിക്ക് കഴിയും.
ശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാൻ കാരണം. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും തക്കാളി എത്തിയിരുന്നത്. തമിഴ്‌നാട്ടിൽ വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ നാസിക്കിൽ നിന്നാണ് ചരക്കെത്തുന്നത്. റോഡ് മാർഗമെത്തുമ്പോഴുള്ള ചെലവ് വർദ്ധിച്ചതാണ് വിലക്കയറ്റത്തിന് കാരണം.
കെ.എം. പരീക്കുട്ടി,
പച്ചക്കറി മൊത്തവ്യാപാരി,
പെരുമ്പാവൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |