ഹരിത കർമ്മസേന ശേഖരിക്കും
സുരക്ഷാപരിശീലനം നൽകും
തിരുവനന്തപുരം: തിരഞ്ഞെടുത്ത നഗരസഭകളിൽ ആരംഭിച്ച ഇ - മാലിന്യ ശേഖരണം സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ഹരിത കർമ്മസേനയാണ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ശേഖരിക്കുന്നത്. ഇവരെ പരിശീലിപ്പിക്കാൻ ക്ലീൻ കേരള കമ്പനിയെയും ശുചിത്വ മിഷനെയും ചുമതലപ്പെടുത്തി.
നിശ്ചിത തുക നൽകിയാണ് ഇ മാലിന്യം ശേഖരിക്കുന്നത്. ഹരിത കർമ്മസേന കൺസോർഷ്യം ഫണ്ടിൽ നിന്നോ തദ്ദേശസ്ഥാപന ഫണ്ടിൽ നിന്നോ പണം നൽകും. മാലിന്യം ക്ലീൻ കേരള ഏറ്റെടുക്കുമ്പോൾ ഈ തുക തിരികെ നൽകും.
കഴിഞ്ഞ മൂന്നരമാസം നഗരങ്ങളിൽ നിന്ന് 100.14 ടൺ ഇ മാലിന്യമാണ് ശേഖരിച്ചത്. കൈമാറിയവർക്ക് 12 ലക്ഷം രൂപ നൽകി. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ഒരു ലക്ഷം കിലോയിലേറെ ഇ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാനും കഴിഞ്ഞു. ക്ലീൻ കേരളയിൽ തരംതിരിച്ചാണ് പുനരുപയോഗം, സംസ്‌കരണം എന്നിവയ്ക്ക് കമ്പനികൾക്ക് കൈമാറുന്നത്.
അപകടകരം,
ജാഗ്രത വേണം
നിലവിൽ ജാഗ്രത ഇല്ലാതെ ഇ മാലിന്യം കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടാണ് ആധുനിക രീതിയിൽ സുരക്ഷാ മാർഗ്ഗങ്ങളോടെ സംഭരണം നടത്താൻ പരിശീലിപ്പിക്കുന്നത്. തെറ്റായ രീതിയിൽ കൈകാര്യം ചെയ്താലുള്ള നിയമ നടപടികളെപ്പറ്റി ബോധവത്കരണവുമുണ്ടാകും.
കൈമാറാവുന്ന
ഇ മാലിന്യങ്ങൾ
ടി.വി (എൽ.സി.ഡി/ എൽ.ഇ.ഡി), റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, പ്രിന്റർ, അയൺ ബോക്സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, വാട്ടർ ഹീറ്റർ, കൂളർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |