SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.28 PM IST

'ബലാത്സംഗം  നടന്നെന്ന്  പറയുന്ന  സമയങ്ങളിൽ യുവതി  ഭർത്താവിനൊപ്പം'; കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Increase Font Size Decrease Font Size Print Page
rahul-mamkootathil

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ നൽകിയത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്.

ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നൽകിയിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചുവെന്നതിനുള്ള തെളിവുകൾ പെൻഡ്രെെവിൽ നൽകി. ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

മുൻകൂർ ജാമ്യ ഹർജി നൽകാനായാണ് രാഹുൽ ഇന്നലെ തലസ്ഥാനത്തെത്തിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിലാണ്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്കൗട്ട് നോട്ടീസും സർക്കുലറും പൊലീസ് പുറത്തുവിട്ടു. തിരുവനന്തപുരത്ത് എത്തിയ ശേഷം രാഹുൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുന്നുണ്ട്.

രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി ഡിസംബർ മൂന്ന് ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ‌്ത് അന്വേഷിക്കുന്നത്.

TAGS: RAPE CASE, RAHUL MAMKOOTATHIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY