
ഇന്ത്യയിൽ 1940 മുതൽ കോണ്ടം ഉപയോഗത്തിലുണ്ട്. അന്ന് സമ്പന്നർക്ക് മാത്രമായിരുന്നു കോണ്ടം വാങ്ങി ഉപയോഗിക്കാൻ സാധിച്ചിരുന്നത്. കുടുംബാസൂത്രണം മാത്രമായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ 1986ൽ ഇന്ത്യയിൽ ആദ്യമായി എച്ച്ഐവി എയ്ഡ്സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോണ്ടം 'മരുന്നായി'. സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നതുമാത്രമായിരുന്നു അന്ന് എയ്‌ഡ്സ് പ്രതിരോധിക്കാനുള്ള ഏക പ്രതിവിധി.
1966ൽ പ്രവർത്തനം ആരംഭിച്ച എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് നിരോധ് എന്ന പേരിൽ കോണ്ടം പുറത്തിറക്കിയിരുന്നു. കോണ്ടം എന്നാൽ നിരോധ് എന്ന നിലയിലേക്കെത്തിയിരുന്നു. സുരക്ഷിതമായ ജനസംഖ്യാ നിയന്ത്രണത്തിനും ലൈംഗിക രോഗ പ്രതിരോധത്തിനും വേണ്ടിയുള്ള കോണ്ടം നിർമ്മിക്കുന്നതിനായി, ലാറ്റക്‌സ് റബ്ബർ യഥേഷ്ടം ലഭ്യമാകുന്ന കേരളത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹിന്ദുസ്ഥാൻ ലാറ്റക്സ് (എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്) എന്ന സ്ഥാപനം സ്ഥാപിച്ചത്.
ഇന്ത്യയിലെ എച്ച്ഐവി/എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ നേതൃത്വം നൽകിയ സ്ഥാപനമാണ് എച്ച്എൽഎൽ. ഇന്ന് ലോകത്തിലെ കോണ്ടം ആവശ്യകതയുടെ 10 ശതമാനത്തോളം നിറവേറ്റുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്.പ്രത്യുത്പാദന ആരോഗ്യ ഗവേഷണത്തിനായി മാത്രം ഒരു പ്രത്യേക കോർപ്പറേറ്റ് ഗവേഷണ വികസന (R&D) കേന്ദ്രമുള്ള ഇന്ത്യയിലെ ഏക സ്ഥാപനം കൂടിയാണ് എച്ച്എൽഎൽ മാത്രമല്ല. ഗർഭനിരോധന രംഗത്തെ എല്ലാ ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന ഏക സ്ഥാപനവും എച്ച്എൽഎൽ തന്നെ.
കുറഞ്ഞ വിലയിൽ കൂടുതൽ ആളുകളിലേക്ക്
ഇറക്കുമതിയെ മാത്രം ആശ്രയിച്ചാണ് 1950-കളിലും 60-കളിലും ഗർഭനിരോധന ഉറകൾ വിറ്റിരുന്നത്. അതുകൊണ്ട് തന്നെ, അക്കാലത്ത് അവ വിലയേറിയതും ലഭ്യത കുറഞ്ഞതും, സമ്പന്നർക്ക് മാത്രം വാങ്ങാൻ കഴിയുന്ന ഒരുൽപ്പന്നവുമായിരുന്നു. എന്നാൽ എച്ച്എൽഎലിന്റെ വരവോടെ ഈ സ്ഥിതി പൂർണ്ണമായും മാറി.വിലക്കുറവിൽ നിരോധ് പോലെയുള്ള ബ്രാൻഡുകൾ വഴി കോണ്ടം എല്ലാവർക്കും ലഭ്യമാക്കി. എയ്ഡ്‌സ് പ്രതിരോധ ദൗത്യത്തിന്റെ അടിത്തറ ഇതായിരുന്നു. ഇതുവരെ 57 ബില്യണിലധികം ഗർഭനിരോധന ഉറകളാണ് എച്ച്എൽഎൽ നിർമ്മിച്ച് വിപണിയിലെത്തിച്ചത്.
ആഗോള നിലവാരമുള്ള ഫാക്ടറികൾ, കേരളത്തിന്റെ അഭിമാനം
ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലുതുമായ കോണ്ടം നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നാണ് 1969-ൽ ഉത്പാദനം ആരംഭിച്ച തിരുവനന്തപുരത്തെ പേരൂർക്കട ഫാക്ടറി. പേരൂർക്കട കൂടാതെ, കൊച്ചിയിലെ കാക്കനാട്, ഐരാപുരം എന്നീ ഫാക്ടറികളിൽ നിന്നും ആഗോള നിലവാരമുള്ള പുരുഷ കോണ്ടം, സ്ത്രീ കോണ്ടം തുടങ്ങിയവ എച്ച്എൽഎൽ നിർമ്മിക്കുന്നുണ്ട്.എച്ച്എൽഎല്ലിൻ്റെ രണ്ടാമത്തെ വലിയ കോണ്ടം ഉത്പാദന കേന്ദ്രമാണ് കർണാടകയിലെ കനഗല ഫാക്ടറി. ഇവിടെയാണ് ഓറൽ ഗർഭനിരോധന ഗുളികകളും എമർജൻസി ഗുളികകളും ഉത്പാദിപ്പിക്കുന്നത്.
മറ്റ് ഗർഭനിരോധന ഉപകരണങ്ങളായ IUD-കളും, ട്യൂബൽ റിംഗുകളും നിർമ്മിക്കുന്നത് തിരുവനന്തപുരത്തെ അക്കുളം ഫാക്ടറിയിലാണ്. സുരക്ഷിതമായ രക്തപ്പകർച്ചയ്ക്ക് അത്യാവശ്യമായ ബ്ലഡ് ബാഗുകളും സർജിക്കൽ സ്യൂച്ചറുകളും അക്കുളം ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. എച്ച്എൽഎല്ലിൻ്റെ ഉൽപ്പന്നങ്ങൾ മൂഡ്‌സ് പ്ലാനറ്റ് ഔട്ട്‌ലെറ്റുകൾ, എച്ച്എൽഎൽ ഫാർമസികൾ, രാജ്യത്തുടനീളമുള്ള 3 ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. കൂടാതെ, ഓൺലൈൻ വഴിയും ഇവ വാങ്ങാനാകും.
ഉൽപ്പന്ന വൈവിധ്യവും കോർപ്പറേറ്റ് ഗവേഷണ കേന്ദ്രവും
ഗർഭനിരോധന രംഗത്ത് ഏറ്റവും വലിയ ഉൽപ്പന്ന വൈവിധ്യം നൽകുന്ന സ്ഥാപനമാണ് എച്ച്എൽഎൽ. കോണ്ടം ബ്രാൻഡിന്റെ കാര്യത്തിൽ മാത്രം, 'മൂഡ്‌സ്' എന്ന പ്രമുഖ ബ്രാൻഡിന് കീഴിൽ ഡോട്ട്ഡ്, റിബ്ഡ്, അൾട്രാതിൻ, ചോക്ലേറ്റ്, ബനാന ഉൾപ്പെടെ 20ൽ അധികം വെറൈറ്റികളാണ് കമ്പനി പുറത്തിറക്കുന്നത്. എച്ച്എൽഎല്ലിന്റെ എല്ലാ ഉൽപ്പന്നങ്ങളും കർശനമായ ഗുണനിലവാര നിയന്ത്രണ നടപടികളിലൂടെയാണ് നിർമ്മിക്കുന്നത്.
WHO അടക്കമുള്ള എല്ലാ അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകളും ഈ ഉൽപ്പന്നങ്ങൾക്കുണ്ട്. ലാറ്റക്‌സ് അധിഷ്ഠിത സ്ത്രീ കോണ്ടം, ഗ്രാഫീൻ കോണ്ടം തുടങ്ങിയ നിരവധി നൂതന ഉൽപ്പന്നങ്ങൾ എച്ച്എൽഎൽ കോർപ്പറേറ്റ് ഗവേഷണ വികസന കേന്ദ്ര) സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ അടക്കമുള്ള നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് എച്ച്എൽഎൽ R&D സെന്ററിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ആഗോള പങ്കാളിത്തം
വാണിജ്യ വിപണി, സർക്കാർ പദ്ധതികൾ, സാമൂഹിക വിപണനം എന്നീ മൂന്ന് തലങ്ങളിലൂടെയാണ് എച്ച്എൽഎൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. WHO, UNFPA, UNOPS തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾക്ക് ഉൽപ്പന്നങ്ങൾ നൽകുന്നതിലൂടെ, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പരിപാടികളിൽ ഇന്ത്യയുടെ സുപ്രധാനമായ സംഭാവനയായും പങ്കാളിത്തമായും എച്ച്എൽഎൽ നിലകൊള്ളുന്നു. "ആരോഗ്യമുള്ള തലമുറകൾക്കായി നവീകരിക്കുക" എന്ന അടിസ്ഥാന തത്വം മുൻനിർത്തി എച്ച്എൽഎൽ "എയ്ഡ്‌സ് മുക്തമായ ഒരു ലോകം" എന്ന ആത്യന്തിക ലക്ഷ്യത്തിനായി ഇപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |