തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സൗത്ത് ഇന്ത്യൻ ബാങ്ക് പാളയം ബ്രാഞ്ചിലും വ്യാജ ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിനെ തുടർന്ന് രണ്ടിടത്തും ബോംബ് സ്ക്വാഡ‌് അടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ- മെയിലിലേക്ക് ക്ലിഫ് ഹൗസിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമെത്തിയത്. എൽ.ടി.ടി.ഇയും കറാച്ചി ഐ.എസ്.ഐ സെല്ലും ചേർന്ന് ആർ.ഡി.എക്സ്, ഐ.ഇ.ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇരട്ട സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.
വസ്തുവകകൾക്ക് നാശനഷ്ടം വരുത്താനാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും എത്രയും വേഗം ആളുകളെ ഒഴിപ്പിക്കണമെന്നും അര കിലോമീറ്റർ ദൂരത്തോളം സ്ഫോടനം ബാധിക്കുമെന്നുമായിരുന്നു സന്ദേശം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാളയം ബ്രാഞ്ചിലായിരുന്നു സന്ദേശം ലഭിച്ചത്.
നേരത്തെയും വിവിധയിടങ്ങളിൽ സമാന രീതിയിൽ വ്യാജ സന്ദേശങ്ങൾ എത്തിയിരുന്നു. ഡാർക്ക് വെബിൽ നിന്നാണ് ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നതെന്നതിനാൽ ഉറവിടം കണ്ടെത്താനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |