
മുനമ്പം ഭൂസമരം ഇന്ത്യയൊട്ടാകെ ശ്രദ്ധ പിടിച്ചുപറ്റിയ സങ്കീർണമായ നിയമപ്രശ്നങ്ങൾ ഉൾപ്പെട്ട വിഷയമാണ്. വഖഫ് സ്വത്തായി പ്രഖ്യാപിച്ചതിനാൽ അവിടെ സ്വന്തമായി ഭൂമി വാങ്ങി താമസിച്ചിരുന്ന അറുനൂറോളം കുടുംബങ്ങൾക്ക് ഭൂമിയുടെ മേലുള്ള റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ടതാണ് ഭൂസമരം ആരംഭിക്കാൻ ഇടയാക്കിയത്. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ഏറ്റുപിടിച്ചതാണ് ഈ സമരം. വഖഫ് ബോർഡ് ഒരു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് അവരുടെ അവകാശങ്ങൾ റദ്ദാക്കിയത്. ഇത് ശരിയായ നടപടി ആയിരുന്നില്ല എന്നാണ് ഈ ഭൂമി വഖഫ് സ്വത്തല്ല എന്ന ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധി വ്യക്തമാക്കുന്നത്. അന്നത്തെ എറണാകുളം കളക്ടർ വിഷയം വ്യക്തമായി പരിശോധിച്ച് നിയമപരമായ തീരുമാനം എടുത്തിരുന്നെങ്കിൽ മുളയിലേ നുള്ളിക്കളയാൻ കഴിയുമായിരുന്ന ഒരു പ്രശ്നമായിരുന്നു ഇത്. 1995-ലെ വഖഫ് നിയമപ്രകാരം ബോർഡ് ഒരു ഭൂമി വഖഫായി പ്രഖ്യാപിക്കുന്നതിന് അടിസ്ഥാനപരമായ ചില നടപടിക്രമങ്ങൾ പാലിക്കണം. ഒന്നാമത് അവിടെ താമസിക്കുന്നവർക്ക് ഇത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തിയതായി കാണിച്ച് ബോർഡ് നോട്ടീസ് നൽകണം. ഭൂമിയുടെ സർവേ നടത്തണം. പിന്നീട് ബോർഡിന്റെ തീരുമാനം സർക്കാരിനെ അറിയിച്ച് സർക്കാരിന്റെ ഉത്തരവായി ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. ആ വിജ്ഞാപനത്തിന്റെ കോപ്പി സഹിതമാണ് മുനമ്പത്തെ റവന്യൂ അധികാരികൾ അവിടെ താമസിക്കുന്നവർക്ക് റവന്യൂ അവകാശങ്ങൾ സമ്പൂർണമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകേണ്ടത്. ഇതൊന്നും പാലിക്കാതെയാണ് വഖഫ് ബോർഡ് കത്ത് നൽകിയത്. അതൊന്നും പരിശോധിക്കാതെയാണ് താമസക്കാരുടെ കരം അടയ്ക്കാൻ ഉൾപ്പെടെയുള്ള അവകാശങ്ങൾ ഒറ്റയടിക്ക് നിഷേധിച്ചത്.
രാഷ്ട്രീയക്കാർ ഒരു പ്രശ്നത്തിൽ ഇടപെടുമ്പോൾ ആ വിഷയത്തിന്റെ ആഴങ്ങളിലേക്ക് പോയി കല്ലും നെല്ലും തിരിച്ചറിയാൻ മെനക്കെടാറില്ല. മറിച്ച് ഈ പ്രശ്നത്തെ എങ്ങനെ തങ്ങൾക്ക് അനുകൂലമായി മാറ്റി നാല് വോട്ട് കൂടുതൽ നേടാൻ കഴിയും എന്നതിനാണ് എപ്പോഴും പ്രാധാന്യം നൽകുന്നത്. അതു തന്നെയാണ് മുനമ്പത്തും സംഭവിച്ചത്. അവർ സ്റ്റേജിൽ ഘോരഘോരം പറയുന്ന വാക്കുകളൊന്നും പ്രവൃത്തിയായി അനുഭവത്തിൽ വരണമെന്നില്ല.
ഏറ്റവും ഒടുവിൽ കോടതിയുടെ താത്‌കാലിക ഉത്തരവ് മുഖേന കരമടയ്ക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടുകയും പോക്കുവരവ് നടത്താൻ നടപടി സ്വീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂസംരക്ഷണ സമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മുനമ്പത്ത് 99 ശതമാനം പേരും പോക്കുവരവ് ചെയ്തവരായതിനാൽ അങ്ങനെ ഒരു ഉറപ്പിന് പ്രസക്തിയില്ല. അവർക്ക് വേണ്ടത് നഷ്ടപ്പെട്ട സമ്പൂർണമായ റവന്യൂ അധികാരം തിരിച്ച് ലഭിക്കുക എന്നതാണ്. അത് നൽകാമെന്ന് മുനമ്പം തഹസിൽദാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയതുമാണ്. ഇത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ ഭരണ നടപടിയുടെ ഭാഗമായി റവന്യൂ വകുപ്പിന് അത് ചെയ്യാവുന്നതാണ്. അത് ചെയ്യാതെ സുപ്രീംകോടതിയിൽ അപ്പീലുണ്ട്, വഖഫ് ട്രൈബ്യൂണലിൽ കേസ് നടക്കുന്നു എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നിയമപരമായും ധാർമ്മികമായും ശരിയല്ല. ഉയർന്ന കോടതിയുടെയും ട്രൈബ്യൂണലിന്റെയും വിധിക്ക് വിധേയമായാണ് നടപടി എന്ന് വ്യവസ്ഥ വച്ചും സമ്പൂർണ റവന്യൂ അധികാരം നൽകാവുന്നതാണ്. അങ്ങനെ ചെയ്താൽ അതിന്റെ ക്രെഡിറ്റ് എൽ.ഡി.എഫ് സർക്കാരിനാവും ലഭിക്കുക. ഇനി അതല്ല കോടതി വിധി വന്നിട്ടേ ചെയ്യൂ എന്നാണെങ്കിൽ അതിന്റെ ക്രെഡിറ്റ് ഒരു രാഷ്ട്രീയ കക്ഷിക്കും ലഭിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |