SignIn
Kerala Kaumudi Online
Tuesday, 02 December 2025 3.26 AM IST

'ഇലക്ഷൻ ഡ്യൂട്ടി'യ്ക്കിടെ മറന്നുപോകുന്ന പാഠം

Increase Font Size Decrease Font Size Print Page

കോൾനിലങ്ങൾ കേരളത്തിലെ നെല്ലുത്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന നെല്ലറകളാണത്.

കാലാവസ്ഥയിലെ തകിടം മറിച്ചിലുകളും വെളളക്കെട്ടും വരൾച്ചയും കീടബാധയും അടക്കമുളള പ്രതിസന്ധികളും സർക്കാരിന്റെ സഹായങ്ങൾ ലഭ്യമാകാത്ത അവസ്ഥയും കാരണം അടുത്തകാലത്ത് ഗുരുതരമായ പ്രതിസന്ധിയിലാണ് കോൾനിലങ്ങൾ. തുലാവർഷം ചതിച്ചതിനുപിന്നാലെ

തൃശൂർ ജില്ലയിലെ കോൾ മേഖലയിലേക്ക് ചിമ്മിനി ഡാമിൽ നിന്ന് വെളളം തുറന്നുവിടാത്തതിനാൽ നെൽച്ചെടികൾ വരണ്ടുണങ്ങുകയാണിപ്പോൾ. വെളളം തുറന്നുവിടാൻ പലതവണ പറഞ്ഞിട്ടും ഇലക്ഷൻ ഡ്യൂട്ടിയാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കയ്യൊഴിഞ്ഞു. ജനപ്രതിനിധികളും 'ഇലക്ഷൻ ഡ്യൂട്ടി'യിലായി.

അതോടെ കർഷകർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസ് ജില്ലാ കോൾ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഉപരോധിക്കുകയായിരുന്നു. നൂറുകണക്കിന് ഹെക്ടർ കൃഷിയിടങ്ങളാണ് വരണ്ടുണങ്ങുന്നത്. അറിഞ്ഞില്ല, കണ്ടില്ല എന്നെല്ലാം പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിയാൻ ശ്രമിച്ചെങ്കിലും ഉപരോധം ശക്തമായതോടെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി. ചിമ്മിനിയിലെ വാൽവ് കൂടുതൽ തുറന്നുവിടാമെന്നും വാഗ്ദാനം നൽകി. യഥാസമയം, വെളളത്തിന്റെ അളവ് പരിശോധിക്കാത്തതാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് കർഷകർ ആരോപിക്കുന്നു. വെളളം കുറഞ്ഞതോടെ ഈയാണ്ടിലും നെല്ലുത്പാദനം കുറയുമെന്ന ആശങ്കയിലാണ് കർഷകർ. മരുന്നടിച്ച ശേഷം വെളളം അനിവാര്യമായ സമയത്താണ് അപ്രതീക്ഷിതമായി വെളളം വറ്റിയത്. പുറംചാലുകളിൽ മൂന്നടി താഴ്ചയിലാണ് വെളളം താഴ്ന്നത്. തീരദേശത്തോട് ചേർന്ന സ്ഥലങ്ങളിൽ ഉപ്പുവെളളം കയറി. ചിലയിടങ്ങളിൽ പുളിവെളളം നിറഞ്ഞ നിലയിലാണ്. ഇവിടെ ഒഴുക്കും തീരെയില്ല. ചിലയിടങ്ങളിൽ നടീലും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് വെളളം കുറഞ്ഞത് കൃഷിയ്ക്ക് തിരിച്ചടിയായി. കോൾ അഡ്വെെസറി യോഗത്തിലാണ് കർഷകരുടെ പ്രതീക്ഷ. പോയ വർഷങ്ങളിലും വരൾച്ചയും വെളളക്കെട്ടും കുളവാഴയുമെല്ലാം കോൾ കർഷകരെ ത്രിശങ്കുവിലാക്കിയിരുന്നു. ഏതാനും വർഷങ്ങളായി കോൾ മേഖലയിലെ നെല്ലുത്പാദനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

കോൾ അഡ്വെെസറി യോഗത്തിനും നേരമില്ല

കോൾ അഡ്വെെസറി യോഗം യഥാസമയം ചേരുന്നില്ല. അവസാന അഡ്വെെസറി യോഗം നടന്നത് ഒക്ടോബറിലാണ്. നെൽച്ചെടിയ്ക്ക് 20 ദിവസം പ്രായമായതിനാൽ വെളളം അനിവാര്യമായ സമയമാണ്. വേണ്ട ജലനിരപ്പ് 90 പോയിൻ്റാണ്. പക്ഷേ നിലവിലുളളത് 35 പോയിൻ്റും. കർഷകരെ വഞ്ചിക്കുന്ന നിലപാടുകൾ തുടർന്നാൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് കർഷകർ നൽകുന്ന മുന്നറിയിപ്പ്. വേനൽച്ചൂട് കടുത്താൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. കഴിഞ്ഞ വർഷം വിളവെടുപ്പ് സമയമായിട്ടും കോൾ നിലങ്ങളിലേക്കുളള കൊയ്ത്തു മെതിയന്ത്രങ്ങൾ കട്ടപ്പുറത്തായിരുന്നു.

കൃഷിവകുപ്പ്, അഗ്രോ ഇൻഡസ്ട്രീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുളള അമ്പതോളം യന്ത്രങ്ങളിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനാൽ പാടങ്ങളിൽ ഇറക്കാനാവാത്ത നിലയിലായിരുന്നു. ഈ വർഷവും കൊയ്ത്ത് പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. വേനൽച്ചൂടിനിടെ കൊയ്ത്ത് വൈകിയാൽ വിളഞ്ഞുപാകമായ നെല്ല് ചാഞ്ഞ് വീഴും. നെന്മണി കൊഴിഞ്ഞുപോകും. വിളവ് ഗണ്യമായി കുറയുകയും ചെയ്യും. തമിഴ്നാട്ടിൽ നിന്നുളള യന്ത്രങ്ങളാണ് ഏറെയും പാടങ്ങളിലെത്താറുളളത്.

സർക്കാരിന്റെ യന്ത്രങ്ങളേക്കാൾ പണം കൂടുതൽ കൊടുത്താണ് ഈ യന്ത്രങ്ങൾ വഴി കൊയ്ത്ത് നടത്താറുളളത്. കോടികൾ ചെലവഴിച്ച് കൃഷിവകുപ്പ് വാങ്ങിയ സർക്കാർ കൊയ്ത്തുയന്ത്രങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ മറുനാടൻ യന്ത്രങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ന്യൂനമർദ്ദവും അതിതീവ്രമഴയും കോൾ കർഷകർക്ക് ഇരുട്ടടിയായതോടെ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. കൃഷിയിറക്കുന്ന സമയത്ത് വിത്തും ഇത്തിളും കിട്ടാത്ത സാഹചര്യവുമുണ്ടായിരുന്നുവെന്ന് കർഷകർ പറയുന്നു. യൂറിയയും കിട്ടാനില്ലാത്ത നിലയായിരുന്നു. കഴിഞ്ഞ വർഷം കൃഷിനാശം സംഭവിച്ചെങ്കിലും നഷ്ടപരിഹാരത്തിനായി നെട്ടോട്ടത്തിലായിരുന്നു.

മഴയിൽ വഴി തെറ്റുന്ന കോൾ

കൃഷി ആരംഭിക്കുന്ന സമയത്തെ അപ്രതീക്ഷിതമായ മഴയാണ് എല്ലാവർഷവും കർഷകർക്ക് ഇടിത്തീയാകാറുളളത്. ന്യൂനമർദ്ദവും അതിതീവ്രമഴയും കോൾ കർഷകർക്ക് ഇരുട്ടടിയാകുന്നു. പുല്ലിന്റെ ആധിക്യം മൂലവും പ്രതിസന്ധികളുണ്ടായി. വിത്ത്, വളം, ഇത്തിൾ എന്നിവയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നതിനിടെ പല പ്രതിസന്ധികളേയും മറികടന്നാണ് പടവുകളിൽ നടീൽ നടന്നത്. കഴിഞ്ഞവർഷം മഴയിൽ നെൽച്ചെടികൾ പൂർണമായും മുങ്ങിയ നിലയിലായിരുന്നു. ഞാറ്റടികൾ ചീഞ്ഞു. മോട്ടോറുകൾ നിരന്തരം പ്രവർത്തിച്ചിട്ടും പടവുകളിലെ വെള്ളം ഇറങ്ങി പോയിരുന്നില്ല.


നഷ്ടപരിഹാരമില്ല,വിലയുമില്ല

ഈയാണ്ടിലും നഷ്ടപരിഹാരം കിട്ടുമെന്ന് കർഷകർക്ക് പ്രതീക്ഷയില്ല. എത്രയും വേഗം കൃഷി പൂർത്തീകരിച്ചാൽ മാത്രമേ കർഷകന് മിച്ചം ലഭിക്കുകയുള്ളൂ. മുൻവർഷങ്ങളിൽ മുങ്ങിയത് 350 ഏക്കർ പാടമാണ്. മഴക്കാലത്ത് വെള്ളക്കെട്ടും മഴയൊഴിഞ്ഞാൽ ജലക്ഷാമവുമെല്ലാം പ്രശ്നങ്ങളായി തുടരുകയാണ്. കാലം തെറ്റി പെയ്ത മഴയിൽ തൃശൂർ നഗരത്തിലെ കാനകളിലെ മലിനജലവും സെപ്ടിക് ടാങ്ക് മാലിന്യവും നിറഞ്ഞ് മണിനാടൻ കോൾപ്പാടം ഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. അതിനു പിന്നാലെ കൂമ്പുചീയലും പുഴുക്കേടും വ്യാപകമായി. കതിരിലെ നീരൂറ്റികുടിക്കുന്ന തണ്ടുതുരപ്പൻ പ്രാണികളുടെ ശല്യവുമുണ്ടായി. ഒന്നാംഘട്ടത്തിൽ കീടനാശിനി പ്രയാേഗിച്ചിട്ടും ഫലം കണ്ടിരുന്നില്ല. ഉയർന്ന സ്ഥലങ്ങളിൽനിന്നെല്ലാം മഴവെള്ളം ഒഴുകിയെത്തുന്നത് കോൾപ്പാടങ്ങളിലേക്കാണ്. ഇത് അമ്ലാംശം വർദ്ധിക്കാൻ കാരണമാകുന്നു. അമിതമായ രാസവള പ്രയോഗവും ദോഷമാകുന്നുണ്ട്. ദ്വിതീയ മൂലകമായ കാത്സ്യത്തിന്റെ അളവ് കുറയുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളവാഴയും ചണ്ടിയും കരവാലിയുമെല്ലാം കടുത്ത പാരിസ്ഥിതിക വെല്ലുവിളിയും ഉയർത്തുന്നു. നഗരത്തിൽ വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനും ഈ ജലസസ്യങ്ങൾ കാരണമാകുന്നുണ്ട്. അടിത്തട്ടിൽ ഇവയുടെ വേരുകൾ മതിലുകൾ പോലെ മണ്ണിൽ ചേർന്ന് ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. കരുവാലി എന്ന സസ്യം അടുത്തകാലത്ത് വിദേശരാജ്യങ്ങളിൽ നിന്നെത്തിയതാണെന്നാണ് കരുതുന്നത്. പെട്ടെന്ന് കോൾപ്പാടങ്ങളിലെ കനാലുകളിൽ ഇത് വ്യാപിക്കുകയായിരുന്നു. അധിനിവേശ സസ്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനും അതിന് പരിഹാരം കാണ്ടെത്താനും ശാസ്ത്രലോകത്തിന് കഴിയുന്നില്ലെന്നതും ചർച്ചയാകേണ്ടതുണ്ട്.

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.