
കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭ രക്ഷാധികാരിയുമായ അഡ്വ. എൻ എൻ സുഗുണപാലൻ (86) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10.30ന് കുമ്പളങ്ങിയിലെ വീട്ടുവളപ്പിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെ 10ആയിരുന്നു മരണം.
40 വർഷത്തിലേറെയായി എറണാകുളത്തെ പ്രമുഖ അഭിഭാഷക സ്ഥാപനമായ ചന്ദ്രശേഖരൻ ആൻഡ് ചന്ദ്രശേഖര മേനോൻ അസോസിയേറ്റ്സിന്റെ സീനിയർ പാർട്ണറായിരുന്നു. ആറ് പതിറ്റാണ്ടായി കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് നടത്തുന്ന അപൂർവം അഭിഭാഷകരിൽ ഒരാളാണ്. കൊച്ചി, കോഴിക്കോട് വിമാനത്താവള കമ്പനികൾ, ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്, കൂടൽമാണിക്യം ദേവസ്വം തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലാണ്.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലേക്ക് സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഉപദേശക സമിതി അംഗങ്ങളിൽ ഒരാളും എറണാകുളം എസ്.എൻ.വി സദനം, ആലുവ ശ്രീനാരായണഗിരി തുടങ്ങിയ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉപദേശകസമിതി അംഗവുമായിരുന്നു. കുമ്പളങ്ങി നെടുങ്ങയിൽ പരേതനായ നാരായണന്റെ മകനാണ്.
പ്രശസ്ത പത്രപ്രവർത്തകനും കേരള മീഡിയ അക്കാഡമി കോഴ്സ് ഡയറക്ടറുമായിരുന്ന പരേതനായ എൻ.എൻ. സത്യവ്രതൻ, മൂവാറ്റുപുഴയിലെ പ്രമുഖ ഡോക്ടറായിരുന്ന പരേതനായ എൻ.എൻ. അശോകൻ, പരേതരായ എൻ.എൻ. നന്ദിനി, ഡോ. എൻ.എൻ. ശാന്തിമതി എന്നിവർ സഹോദരങ്ങളാണ്. മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ എൻ.സി.സിയുടെ ബെസ്റ്റ് കേഡറ്റ് കോർപ്പ് മെഡൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽനിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഭാര്യ : ഡോ. മോഹന സുഗുണപാലൻ. മക്കൾ : ഡോ. നിഷ, അഡ്വ. നിത. മരുമക്കൾ: ശ്രീകുമാർ (എൻജിനിയർ, മസ്കറ്റ്), അഡ്വ. എസ്. സുജിൻ (കേരള ഹൈക്കോടതി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |