
ഇന്ന് ഏറ്റവുമധികം ചൂഷണവും കൊള്ളയും അരങ്ങേറുന്ന ഇടമായി ആരോഗ്യരംഗം മാറിയിരിക്കുന്നു. ചികിത്സയുടെയും രോഗ പരിശോധനയുടെയും പേരിൽ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുന്ന രീതിയിൽ ചികിത്സാനിരക്കുകൾ ഉയരുമ്പോൾ സമൂഹത്തിൽ അതുണ്ടാക്കുന്ന അനുരണനങ്ങൾ വളരെ വലുതാണ്. രോഗം വന്നാൽ എത്ര പണം ചിലവായാലും രോഗമുക്തി നേടുകയെന്ന ലക്ഷ്യത്തെ പരമാവധി മുതലെടുക്കാനാണിന്ന് സ്വകാര്യ ആശുപത്രികളുടെ ശ്രമം. സംസ്ഥാനത്ത് സർക്കാർ മേഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം വെറും 30 ശതമാനം മാത്രമാണ്. ബാക്കിയുള്ള 70 ശതമാനം പേരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ഏറ്റവും വലിയ ബിസിനസ് സംരംഭമായി ആതുരാലയങ്ങൾ മാറിയിരിക്കുന്നു. പഞ്ചനക്ഷത്ര ആശുപത്രികൾ നാടിന്റെ മുക്കിലും മൂലയിലും ഉയരുന്നത് ഈ രംഗത്തെ ബിസിനസ് സാദ്ധ്യതകൾ മുന്നിൽ കണ്ടാണ്. ബഹുരാഷ്ട്ര കുത്തകകൾ പോലും കേരളത്തിലെ വൻകിട സ്വകാര്യ ആശുപത്രികൾ വിലയ്ക്കെടുക്കാൻ താത്പര്യം കാട്ടുന്നു. നിരവധി പ്രധാന ആശുപത്രികൾ അമേരിക്കൻ ആസ്ഥാനമായ ഒരു സ്ഥാപനം ഇതിനകം വിലയ്ക്കെടുത്തു കഴിഞ്ഞു. ആധുനിക ചികിത്സയുടെ പേരിൽ രോഗികളോ ബന്ധുക്കളോ ആഗ്രഹിക്കാതെ തന്നെ അത്യാഹിത വിഭാഗത്തിലും വെന്റിലേറ്ററിലും കയറ്റി പണം പിടുങ്ങുന്നതായി ഒട്ടേറെ പരാതികൾ ഉയരുന്നുണ്ട്. അതുപോലെയാണ്
അനാവശ്യമായ പരിശോധനകൾ. എന്തിനും ഏതിനും രോഗികളെ സ്കാനിംഗ് കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് പരിശോധനാ ഫീസിന്റെ ഒരു ഭാഗം കമ്മിഷനായി ഈടാക്കുന്ന ഡോക്ടർമാർ പോലുമുണ്ടത്രെ. ഇതിനൊക്കെ ഒരു വ്യവസ്ഥയും ധാർമ്മികതയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരെപ്പോലും നിരാശപ്പെടുത്തും വിധം ആതുരാലയങ്ങൾ രോഗികളായെത്തുന്നവരെ വെറും കറവപ്പശുക്കളായി മാത്രം കാണുന്നുവെന്ന ആരോപണവും വ്യാപകമായുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ പരിചരണ രംഗത്ത് നിയന്ത്രണം ഏർപ്പെടുത്താനും പൊതുജനാരോഗ്യ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുമായി 2018 ൽ കേരള നിയമസഭ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്സ് (രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ ആക്ട്) പാസ്സാക്കിയത്. എന്നാൽ ഇതിനെതിരെ സ്വകാര്യ ആശുപത്രികളും ഐ.എം.എ അടക്കമുള്ള സംഘടനകളും നടത്തിയ ശക്തമായ ചെറുത്തുനിൽപ്പിനെ തോൽപ്പിച്ചുകൊണ്ട് ഈ നിയമത്തിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് അസാധാരണവും അപൂർവവുമായ വിധിയിലൂടെ അംഗീകാരം നൽകിയിരിക്കുകയാണിപ്പോൾ. ചികിത്സാ നിരക്കുകളും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവർക്കും കാണാനാവും വിധം ആശുപത്രികളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കണമെന്നതടക്കം കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമവും ചട്ടങ്ങളും ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചരിത്രവിധി പുറപ്പെടുവിച്ചത്. നേരത്തെ തന്നെ ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നിയമത്തിന് അംഗീകാരം നൽകിയിരുന്നുവെങ്കിലും നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐ.എം.എ സംസ്ഥാന ഘടകം
തുടങ്ങിയവർ നൽകിയ അപ്പീൽ ഹർജികൾ തള്ളിയാണ് ജസ്റ്റിസുമാരായ വി.എം ശ്യാംകുമാർ, സുശ്രുത് അരവിന്ദ് ധർമ്മാധികാരി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുവരെ തോന്നുംപടി പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി ഭീമന്മാരോട് സിംഗിൾ ബഞ്ച് വിധി അതേപടി നടപ്പാക്കുന്നതിനൊപ്പം കുറെകാര്യങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ഡിവിഷൻ ബഞ്ചിന്റെ സുപ്രധാന വിധി. എല്ലാ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിക്കുമെന്ന ഉറപ്പ് ജില്ലാ രജിസ്ട്രേഷൻ അതോറിറ്റിക്ക് 30 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നും ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവർക്ക് ഉത്തരവ് എത്തിച്ചു നൽകാനും അതനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനും സംസ്ഥാനത്തെ അറിയപ്പെടുന്ന പത്രങ്ങളിലും ചാനലുകളിലും ഇതുസംബന്ധിച്ച പരസ്യം നൽകാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോറിറ്റി 60 ദിവസത്തിനകം പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇനി മുതൽ നിയമത്തിന്റെ ചട്ടക്കൂട്ടിൽ ഉറച്ചു നിന്ന് ആശുപത്രികൾക്ക് പ്രവർത്തിക്കേണ്ടി വരും. ചികിത്സാ പിഴവിന്റെ പേരിൽ രോഗികൾ മരിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അതിന്റെ പേരിൽ ബന്ധപ്പെട്ട ആശുപത്രികൾക്കോ ഡോക്ടർമാർക്കോ എതിരെ കേസെടുക്കാൻ നിലവിൽ പരിമിതികളുണ്ട്. രോഗി മരിച്ചാൽ അതുസംബന്ധിച്ച വിദഗ്ധാഭിപ്രായം പറയേണ്ടതും ഡോക്ടർമാരാണ്. ഒരു ഡോക്ടറും മറ്റൊരു ഡോക്ടർക്കെതിരെ ചികിത്സാ പിഴവുണ്ടായെന്ന് റിപ്പോർട്ട് നൽകാറില്ല. പല പഞ്ചനക്ഷത്ര ആശുപത്രികളിലും ചികിത്സാ പിഴവ് മൂലം സംഭവിക്കുന്ന മരണങ്ങളിൽ നിയമനടപടിക്കുള്ള സാദ്ധ്യത മങ്ങുന്നതും ഇക്കാരണത്താലാണ്. അതിനുള്ള പ്രതിവിധിയും നിർദ്ദേശിക്കുന്നതാണ് പുതിയ ഉത്തരവ്.
ചികിത്സാ ഫീസ് പ്രദർശിപ്പിക്കണം
എല്ലാ സ്വകാര്യ ആശുപത്രികളും ലഭ്യമായ ചികിത്സയും അതിന്റെ ഫീസ് വിവരങ്ങളും ആശുപത്രിയിലും വെബ്സൈറ്റിലും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയും വേണമെന്നതാണ് വിധിയിലെ സുപ്രധാന നിർദ്ദേശം. മലയാളത്തിലും ഇംഗ്ളീഷിലും ഇത് പ്രദർശിപ്പിക്കണം. ഒരു രോഗിയുടെ ചികിത്സയ്ക്ക് ശേഷം മാത്രമേ ആ രോഗിയുടെ ചികിത്സാചെലവ് എത്രയെന്ന് കണ്ടെത്താൻ കഴിയൂ എന്ന് ആശുപത്രി ഉടമകൾ വാദിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല. മുൻകൂറായി പണം അടയ്ക്കാത്തതിന്റെ പേരിൽ ആർക്കും ജീവൻ രക്ഷാ ചികിത്സ നിഷേധിക്കരുതെന്നതാണ് ഉത്തരവിൽ പറയുന്ന മറ്റൊരു സുപ്രധാനമായ നിർദ്ദേശം. ഇത് ലംഘിച്ചാൽ ആശുപത്രിയുടെ രജിസ്ട്രേഷൻ വരെ റദ്ദാക്കാം. കൂടാതെ പിഴ ചുമത്തുകയും സിവിലായും ക്രിമിനലായും കേസെടുക്കുകയും ചെയ്യാം. ചികിത്സാ സംബന്ധമായ എല്ലാ രേഖകളും (ഇ.സി.ജി, എക്സ് റേ, സ്കാൻ റിപ്പോർട്ട് തുടങ്ങിയവ) ഡിസ്ചാർജ് സമയത്ത് കൈമാറണം. ചികിത്സാ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നതടക്കമുള്ള നിർദ്ദേശങ്ങളും സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ടി വരും. കിടക്കകൾ, ഐ.സി.യു, ആംബുലൻസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഫോൺ നമ്പരുകളും പ്രദർശിപ്പിക്കണം. എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ രജിസ്ട്രേഷൻ അതോറിറ്റിക്ക് സമർപ്പിക്കണം. ചികിത്സാ ന്യൂനത സംബന്ധിച്ച പരാതികൾ ഉപഭോക്തൃ കോടതിയിലും തട്ടിപ്പ്, വഞ്ചന സംബന്ധിച്ച പരാതികൾ പൊലീസിലും നൽകാം. ഗുരുതര സ്വഭാവമുള്ള പരാതികൾ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ രോഗികൾക്ക് നേരിട്ട് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർക്കുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പരാതി പരിഹാരം എല്ലാ ആശുപത്രികളിലും നിർബ്ബന്ധമായും ഉണ്ടാകണം. പരാതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺ നമ്പർ, ഇ മെയിൽ ഡി.എം.ഒ ഹെൽപ് ലൈൻ നമ്പരുകൾ എന്നിവ പ്രദർശിപ്പിക്കുകയും പരാതിക്ക് രസീത് നൽകുകയും 7 ദിവസത്തിനകം തീർപ്പാക്കുകയും വേണം. പരാതിക്കാർക്ക് സിവിലായും ക്രിമിനലായും പരിഹാരം തേടുകയും ചെയ്യാം.
ആദ്യവിധി നേടിയത് കൊല്ലം സ്വദേശി
കൊല്ലം സ്വദേശിയും പൊതുപ്രവർത്തകനുമായ എം.കെ സലിമാണ് 2019 ൽ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ്സ് നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പൊതു താല്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ചെങ്കിലും സ്വകാര്യആശുപത്രികളും ഐ.എം.എ അടക്കമുള്ള സംഘടനകളും അതിനെതിരെ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ സുപ്രധാന വിധിയുണ്ടായത്. റിട്ട. പൊലീസ് സൂപ്രണ്ടും പൊലീസ് അക്കാഡമി മുൻ പ്രിൻസിപ്പലും കൊല്ലം സ്വദേശിയുമായ പി.സി രാമചന്ദ്രൻനായർ അടക്കം നിരവധി പേർ ഹൈക്കോടതിയിലെ അപ്പീലിൽ കക്ഷി ചേർന്നിരുന്നു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച സുപ്രധാനമായ ഉത്തരവ് പഞ്ചനക്ഷത്ര ആശുപത്രികളടക്കമുള്ള സ്വകാര്യ ആശുപത്രികളുടെ നിലവിലെ പ്രവർത്തനത്തിന് തടസ്സമാകുമെന്നതിനാൽ ഉടമകളും ഐ.എം.എ അടക്കമുള്ള സംഘടനകളും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നുറപ്പാണെന്നും തങ്ങളെക്കൂടി കേൾക്കാതെ ഹർജി തീർപ്പാക്കരുതെന്നപേക്ഷിച്ച് സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചിട്ടുണ്ടെന്നും പി.സി രാമചന്ദ്രൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |