
എങ്ങനെ ദുരൂഹതകൾ സൃഷ്ടിക്കാം? അതു പഠിക്കാൻ നല്ലൊരു പാഠമായിരിക്കും, മസാല ബോണ്ട് സംബന്ധിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുതിയ ലേഖനം. അദ്ദേഹം പറയുന്നത് സർക്കാർ പരമരഹസ്യമായി നടത്താൻ ശമിച്ച ഈ ഇടപാട് വെളിച്ചത്തു കൊണ്ടുവന്നത് അദ്ദേഹമാണെന്നാണ്. ആർ.ബി.ഐയുടെ നടപടിക്രമങ്ങൾ പാലിച്ച് പരമാവധി പബ്ലിസിറ്റി നൽകി നടത്തിയ സുതാര്യമായ ബോണ്ട് വില്പനയെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് ഓർക്കണം. അദ്ദേഹത്തിന് എന്തോ ഭ്രമാത്മക ജ്വരം പിടിച്ചിട്ടുണ്ടാവണം!
കോൺഗസാണ് ആഗാളവൽക്കരണ പരിഷ്കാരങ്ങളുടെ ഭാഗമായി വിദേശത്തുനിന്ന് ബോണ്ടുകൾ വഴി പണം സമാഹരിക്കാനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയത്. പക്ഷെ, ഡോളർ ബോണ്ടുകളാണ് നിലവിലുണ്ടായിരുന്നത്. ബി.ജെ.പി സർക്കാർ ഒരു പടികൂടി കടന്ന് രൂപ അടിസ്ഥാനത്തിലുള്ള ബോണ്ടുകൾ അനുവദിച്ചു. ഈ പുതിയ ബോണ്ടുകളെയാണ് മസാല ബോണ്ട് എന്നു വിളിക്കുന്നത്. മസാല ബോണ്ട് ആണെങ്കിൽ രൂപയുടെ വിലയിടിഞ്ഞാലും കടം വാങ്ങിച്ചപ്പോഴത്തെ വിനിമയ നിരക്കിൽ തിരിച്ചു നൽകിയാൽ മതിയാവും.
ഇതല്ലാതെ, രമേശ് ചെന്നിത്തല പറയുന്നതു പോലെ പാെതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനാെന്നുമല്ല മസാല ബോണ്ട് കൊണ്ടുവന്നത്. ബി.ജെ.പി പൊതുമേഖലയെ ഒന്നടങ്കം അദാനിയെപ്പോലുള്ളവർക്ക് തീറെഴുതാനാണ് ശ്രമിക്കുന്നത് എന്നത് സത്യം തന്നെ. പക്ഷെ, ഈ സ്വകാര്യവൽക്കരണം തുടങ്ങിവച്ചത് കോൺഗ്രസ് ആണെന്ന വസ്തുത നിക്ഷേധിക്കുവാൻ ചെന്നിത്തലയ്ക്ക് ആവുമോ?
മസാല ബോണ്ടും
ലാവ്‌ലിനും
എന്തിനാണ് ലാവ‌്ലിൻ കമ്പനിയെയും മറ്റും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്?കനേഡിയൻ പെൻഷൻ കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിലെ ഏറ്റവും വലിയ നിക്ഷേപകൻ. പെൻഷൻ ഫണ്ട് കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചതുപോലെ ലാവ‌്ലിൻ അടക്കം മറ്റു പല കമ്പനികളുടെയും ഷെയറുകളിലും ബോണ്ടുകളിലുംഅവർ നിക്ഷേപിച്ചിട്ടുണ്ടാവും. അതിന് ഇവിടെയെന്ത് പ്രസക്തി? ലാവ‌്ലിൻ കമ്പനിക്ക് കേരളത്തിലെ മുഴുവൻ ജലവൈദ്യുതി പദ്ധതികളുടെയും നവീകരണ ചുമതല നൽകിക്കൊണ്ടുള്ള ധാരണാപത്രം ഒപ്പിട്ടത് ജി. കാർത്തികേയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് യു.ഡി.എഫ് സർക്കാരായിരുന്നു.
പിന്നീട് വൈദ്യുതി മന്ത്രിയായ പിണറായി വിജയൻ ചെയ്തത് പി.എസ്.പി പദ്ധതി ഒഴികെയുള്ള ഈ ധാരണാപത്രം റദ്ദാക്കുകയായിരുന്നില്ലേ? കാരണം പി.എസ്.പി പദ്ധതി കരാർ നടപടികൾ അത്രയേറെ മുന്നോട്ടുപോയിക്കഴിഞ്ഞിരുന്നു. ഇതാെക്കെ മനസിലാക്കി ട്രയൽ കോടതിയും ഹൈക്കോടതിയും ഈ കേസിൽ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനെ പൂർണമായി കുറ്റവിമുക്തനാക്കി. എന്നിട്ടും എന്തിനു വേണ്ടിയാണ് ലാവ്‌ലിൻ കേസിനെ മസാല ബോണ്ടുമായി ബന്ധപ്പെടുത്തി അഴിമതിയുടെ പുകമറ സൃഷ്ടിക്കുന്നത്?
മസാല ബോണ്ട്
നടപടിക്രമം
വിദേശത്ത് ബോണ്ടിറക്കുന്നതിന്റെ നടപടിക്രമങ്ങൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒന്ന് മനസിലാക്കണം. ഇത്തരത്തിൽ ബോണ്ട് ഇറക്കുന്നതിനു മുന്നോടിയായി ഇന്റർനാഷണൽ ക്രെഡിറ്റ് റേറ്റിംഗ് എടുക്കേണ്ടതായിട്ടുണ്ട്. കിഫ്ബി അതിനായി S&P, FITCH എന്നീ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ നിന്ന് BB (Stable)ക്രെഡിറ്റ് റേറ്റിംഗ് നേടി. മസാല ബോണ്ട് ഇറക്കുന്നതിനുള്ള അനുമതി റിസർവ് ബാങ്കിൽ നിന്ന് ലഭിച്ചു.
2018-19 കാലഘട്ടത്തിൽ, മസാല ബോണ്ട് മാർക്കറ്റിൽ ഫണ്ട് മാനേജർമാർ, ഇൻഷ്വറൻസ്, പെൻഷൻ, ഹെഡ്ജ് ഫണ്ടുകൾ, ബാങ്കുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിന്ന് ഏകദേശം 30-35 നിക്ഷേപകരാണ് ഉണ്ടായിരുന്നത്. ഇവർക്കിടയിൽ പരമാവധി പ്രചാരണം നടത്തി. വിദേശത്ത് റോഡ് ഷോകൾ നടത്തി.
CDPQ അടക്കം മുപ്പതോളം നിക്ഷേപകരുമായി ചർച്ചകൾ നടത്തി. ലീഡ് മാനേജർമാരായി AXIS Bank, Standard Chartered Bank എന്നീ ബാങ്കുകളെയും നിശ്ചയിച്ചു. ആർ.ബി.ഐ അംഗീകൃത നടപടിക്രമം അനുസരിച്ച് ഇവരാണ് നിക്ഷപകരുടെ ഫീഡ്ബാക്ക് ശേഖരിക്കുകയും, അതു കണക്കിലെടുത്ത് ഡീൽ ഘടന, ലോഞ്ച് സമയം, ടാർഗറ്റ് സൈസ്, പ്രൈസിംഗ് എന്നിവയ്ക്കുള്ള ശുപാർശ ഇഷ്യൂവർക്ക് (കിഫ്ബി) നൽകുകയും ചെയ്തത്.
കിഫ്ബി ബോർഡ് ഈ ശുപാർശകൾ അംഗീകരിച്ചതിനെ തുടർന്ന് ബ്ലുംബെർഗിലൂടെ ബ്രോഡ്കാസ്റ്റ് സന്ദേശം വഴിയും ജോയിന്റ് ലീഡ് മാനേജർമാരുടെ വില്പന ടീമുകൾ മുഖേന ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ഇടയിലും ആദ്യ പ്രൈസ് ഗൈഡൻസ് സഹിതം പഖ്യാപിക്കുകയും ചെയ്തു. ലീഡ് മാനേജർമാർ നിക്ഷേപകരിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കുകയും അവ രേഖപ്പടുത്തുകയും ചെയ്തു. ഇതിനു ശഷമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ലിസ്റ്റ് ചെയ്യുന്നതിന്റെ ലക്ഷ്യം ബോണ്ടുകളുടെ സെക്കണ്ടറി മാർക്കറ്റ് നിക്ഷേപകർക്ക് തുറന്നുകാെടുക്കുക എന്നതാണ്. ഇതാെക്ക ഏത് ബോണ്ട് ഇഷ്യൂവുമായും ബന്ധപ്പെട്ട് നടപടിക്രമങ്ങളാണ്. അതാെക്കെ അഴിമതിയും ഒത്തുകളിയുമായി വ്യാഖ്യാനിക്കാൻ നടക്കുന്നത് രമേശ് ചെന്നിത്തലയുടെ പദവിക്ക് യോജിച്ചതല്ല.
പലിശയിലെ
വിവാദം
നിയമസഭയിൽ അദ്ദേഹം ഈ പ്രശ്‌നങ്ങൾ ഉന്നയിച്ചപ്പോൾ ഇതാെക്കെ ഞാൻ വിശദീകരിക്കുകയും മറുപടി പറയുകയും ചെയ്തിട്ടുള്ളതാണ്. പലിശ നിരക്കിന്റെ കാര്യത്തിലാണല്ലോ തർക്കം. ബോണ്ട് ഇറക്കുന്ന കമ്പനിയുടെ റേറ്റിംഗ്, ബോണ്ട് ഇറക്കിയ കാലത്തെ മറ്റ് പലിശ നിരക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പലിശ നിരക്ക് ഏറുകയും കുറയുകയും ചെയ്യാം. മസാല ബോണ്ടിന്റെ പലിശ നിരക്ക് ന്യായമാണെന്ന് ഞാൻ നിയമസഭയിൽ തെളിയിച്ചിട്ടുള്ളതാണ്.
അക്കാലത്ത് കേരള സർക്കാരിന്റെ എസ്.എൽ.ആർ ബോണ്ടുകൾക്കും 8.17 ശതമാനം ആയിരുന്നു പലിശ. ആന്ധ്രാപ്രദേശ് സർക്കാരിന്റെ അമരാവതി പ്രോജക്ടിന് ആഭ്യന്തര ബോണ്ട് വഴി ധനം സമാഹരിച്ചത് 10.32 ശതമാനത്തിനാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഐ.ഒ.ബി 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ ആഭ്യന്തര മാർക്കറ്റിൽ നിന്ന് മൂലധനം സമാഹരിച്ചത്.
എന്തിന് ലണ്ടൻ
എക്‌സ്ചേഞ്ച്?
പലരും ചോദിക്കാറുണ്ട്, ഇത്ര ബുദ്ധിമുട്ടി മസാല ബോണ്ടിൽനിന്ന് എന്തിനാണ് പണം സമാഹരിക്കാൻ ഒരുമ്പെട്ടതെന്ന്! 2000 കോടി രൂപ നേടിയെടുക്കുക മാത്രമായിരുന്നില്ല, ലക്ഷ്യം. ഇപ്പോഴത്തെ സ്ഥിതിവച്ച് 90,000 കോടി രൂപയാണ് സമാഹരിക്കേണ്ടത്. ഇത്രയും ഭീമമായ തുക വികസനത്തിന് വിനിയോഗിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ പോലും രമേശ് ചെന്നിത്തലയ്ക്ക് ആവുമോ? ഇത്രയും പണം സമാഹരിക്കുന്നതിന് കിഫ്ബിക്ക് അത്ര ഉയർന്ന വിശ്വാസ്യത നേടണം. ഇത് നേടുന്നതിനുള്ള ചവിട്ടുപടിയായിരുന്നു വിജയകരമായ മസാല ബോണ്ട്. അതോടെ ആഗോളതലത്തിലും ഇന്ത്യൻ മണി മാർക്കറ്റിലും കിഫ്ബി ശ്രദ്ധിക്കപ്പെട്ടു.
1045 കോടിരൂപ പലിശ നൽകേണ്ടിവന്നു എന്നാണല്ലോ രമേശ് ചെന്നിത്തലയുടെ പരിദേവനം! അതെ; വായ്പ എടുത്താൽ പലിശ കൊടുക്കണം. പക്ഷേ രമേശ് ചെന്നിത്തല ഒരു കാര്യം മനസിലാക്കുക. 339 പദ്ധതികൾക്കായാണ് ഈ പണം വിനിയോഗിച്ചത്. അതിന്റെ ഗുണം നാട്ടുകാർക്ക് കിട്ടി. ഇങ്ങനെ 90,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പ്രോജക്ടുകൾ കിഫ്ബി പൂർത്തീകരിക്കുമ്പോൾ കേരളത്തിന്റെ മുഖച്ഛായ മാറിയിരിക്കും. ഇതിന് ബദലായി കിഫ്ബി പോലെ എന്തെങ്കിലും ഒരു വിഭവ സമാഹരണ സംവിധാനം യു.ഡി.എഫിന് മുന്നോട്ടുവയ്ക്കാനുണ്ടോ? ഇല്ല; വഴിമുടക്കാനേ നിങ്ങൾക്കറിയൂ!
(മുൻ ധനകാര്യ മന്ത്രിയാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |