SignIn
Kerala Kaumudi Online
Thursday, 04 December 2025 5.15 AM IST

എഴുതാതെ വയ്യ: രാജ് ഭവൻ,​ ലോക് ഭവൻ ആയി മാറുമ്പോൾ

Increase Font Size Decrease Font Size Print Page
s

ഇനി 'രാജ് ഭവൻ" ഇല്ല. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു മാത്രമല്ല. ഇന്ത്യയിൽ ഒട്ടാകെ രാജ് ഭവനുകൾ ഇല്ലാതാവുകയാണ്. കടന്നുപോവുന്ന വർഷത്തിലെ ഒരു സുപ്രധാന സംഭവമാണ്, അതത് സംസ്ഥാനങ്ങളിലെ ഗവർണറുടെ ഔദ്യോഗിക ആസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള രാജകീയ നാമം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത്. ഇനിയുള്ള കാലം കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും 'രാജ് ഭവൻ" അറിയപ്പെടുക 'ലോക് ഭവൻ" എന്നാവും. ഇതു സംബന്ധിച്ചുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ്. കഴിഞ്ഞയാഴ്ചയിലാണ് അത് അറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം രാജ് ഭവനുകൾക്ക് ലഭിച്ചത്.

രാജ് ഭവൻ പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിൽ വ്യക്തിപരമായി ഏറ്റവും അധികം ആഹ്ലാദവും അഭിമാനവും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കാണ്. രാജ്യത്തുടനീളമുള്ള ഗവർണർമാർ ഈ പേരുമാറ്റത്തെ സഹർഷം സ്വാഗതം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമ്പോൾ കേരള ഗവർണർക്ക് അതൊരു സ്വകാര്യ അഭിമാനമാവാൻ പ്രത്യേക കാരണമുണ്ട്. അദ്ദേഹത്തിൽ നിന്നാണ്,​ ഇങ്ങനെ പേര് മാറ്റണം എന്ന നിർദേശം ആദ്യം ഉയർന്നത്. രണ്ടു വർഷം മുമ്പ്, രാഷ്ട്രപതിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിലാണ്,​ അന്ന് ബീഹാർ ഗവർണർ ആയിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആ നിർദേശം മുന്നോട്ടു വച്ചത്.

സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങളാണ് അത് അന്ന് ഉയർത്തിയത്. എന്നാൽ പിന്നീട് അതൊരു ദേശീയ ചർച്ചാ വിഷയമൊന്നും ആയില്ല. പക്ഷെ ആർലേക്കർജിയുടെ തുടർന്നുള്ള പ്രസംഗങ്ങളും പ്രവർത്തനവും പലപ്പോഴും തന്റെ പ്രിയ നിർദേശത്തിൽ ഊന്നിത്തന്നെ ആയിരുന്നു. ബീഹാർ വിട്ട്, കേരള ഗവർണർ ആയി ചുമതലയേറ്റതിനു ശേഷവും അദ്ദേഹം ഈ നിർദ്ദേശം ഉന്നയിച്ചുകൊണ്ടേയിരുന്നു, സ്വകാര്യ സംഭാഷണങ്ങളിൽ മാത്രമല്ല; പൊതുവേദികളിലും. തന്റെ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാവുന്നതിലാണ് ആർലേക്കർജിയുടെ സ്വകാര്യ അഭിമാനം.

കേരള രാജ് ഭവന്റെ ഔദ്യോഗിക ആനുകാലികമായ 'രാജഹംസ"ത്തിന്റെ ആദ്യ പ്രതിയിൽ ഈയുള്ളവൻ എഴുതിയ ലേഖനത്തിന്റെ ശീർഷകം തന്നെ 'രാജ് ഭവനിൽ നിന്ന് ലോക് ഭവനിലേക്ക്" എന്നായിരുന്നു! കേരള രാജ് ഭവനിൽ എല്ലാവരുടെയും മനസിൽ ഈ ആശയവും ആഗ്രഹവും ഉണ്ടായിരുന്നു എന്നർത്ഥം. രാജ് ഭവനിൽ നിന്ന് വ്യത്യസ്തമായുള്ള, ജനകീയമായ ലോക് ഭവന്റെ പ്രവർത്തന ശൈലി ഇന്ത്യയിൽ അമൃതകാലത്തെ ഗവർണർമാർ പിന്തുടർന്നു വരുന്നവരാണ്. പാട്നയിലെയും, അതിനു മുമ്പ് ഷിംലയിലെയും രാജ് ഭവനുകളിൽ ആർലേക്കർജി പണ്ടേ ആ പ്രക്രിയക്ക് തുടക്കം കുറിച്ചു. മലയാളി ഗവർണർപി.എസ്. ശ്രീധരൻ പിള്ള ഗോവയിൽ അത് നടപ്പിലാക്കി. പശ്ചിമ ബംഗാളിൽ മറ്റൊരു മലയാളി ഗവർണർ സി.വി. ആനന്ദബോസ് കൊൽക്കത്ത രാജ് ഭവൻ ജനകീയവൽക്കരിച്ചു.

കേരളത്തിൽ, ആർലേക്കർജിയുടെ മുൻഗാമി ആരിഫ് മുഹമ്മദ്‌ ഖാൻജി ഈ ജനകീയ ശൈലി ആരംഭിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം ബീഹാർ രാജ് ഭവനിലും അതേ ശൈലി പിന്തുടരുന്നു. ആരിഫ് മുഹമ്മദ്‌ ഖാന്റെയും രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെയും കാലങ്ങളിലാണ് ഏതൊരു സാധാരണ പൗരനും കടന്നുചെല്ലാനും ഗവർണറെ കണ്ട് സംസാരിക്കാനും സാധിക്കുന്ന സാഹചര്യം കേരള രാജ് ഭവനിൽ ഉണ്ടാവുന്നത്. അതുവരെ രാജ് ഭവൻ വളരെ പ്രധാനപ്പെട്ട വ്യക്തികൾക്ക് ഒഴികെ ഏതാണ്ട് മിക്കവർക്കും ഒരു 'ബാലികേറാമല" പോലെ ആയിരുന്നു. ആരിഫ്ജിയും ആർലേക്കർജിയും രാജ് ഭവനിൽ വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കുന്ന 'അറ്റ് ഹോം" എന്ന വിരുന്ന് അക്ഷരാർത്ഥത്തിൽ ജനകീയമാക്കി. അത് ഇഷ്ടപ്പെടാത്തവർ ഇല്ലാതില്ല.

രാജ് ഭവനുകളുടെ ചരിത്രത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത് ആർലേക്കർജിയാണ്. മൂന്ന് പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങൾ ഇതിനകം ഇവിടെ നടന്നു കഴിഞ്ഞു. അവയിൽ ആദ്യത്തേതിനെതിരെ വിവാദം ഉയർന്നിരുന്നു. പക്ഷെ ആർലേക്കർജി പ്രഭാഷണ പരമ്പരയുമായി മുന്നോട്ടു പോവുന്നു. ഇതര സംസ്ഥാനങ്ങളുടെ സ്ഥാപനദിന ആഘോഷങ്ങളിലും രാജ് ഭവനിൽ നല്ല ബഹുജന പങ്കാളിത്തമാണ്. ഇത്തരം ആഘോഷങ്ങളും അമൃതകാലത്തെ രാജ് ഭവനുകളുടെ സവിശേഷതയാണ്.

കേരളത്തിൽ രാജ് ഭവൻ ലോക് ഭവൻ ആയി ഔദ്യോഗികമായി മാറിയത് തികച്ചും സ്വാഭാവികമായിരുന്നു; ആഘോഷമോ ആരവങ്ങളോ ഇല്ലാതെ. ഡൽഹിയിൽ നിന്ന് വിജ്ഞാപനം ഇറങ്ങുമ്പോൾ ഗവർണർ സംസ്ഥാനത്തിനു പുറത്ത് യാത്രയിലായിരുന്നു. തലസ്ഥാനത്ത് മടങ്ങിയെത്തിയ ഉടനെ അദ്ദേഹം ആദ്യം ഒപ്പുവച്ചത് രാജ് ഭവൻ ലോക് ഭവൻ ആയി പുനർനാമകരണം ചെയ്തുകൊണ്ടുള്ള ഉത്തരവിൽ ആയിരുന്നു. സ്വപ്ന സാക്ഷാത്കാരത്തിൽ അദ്ദേഹത്തെ ഈയുള്ളവൻ അഭിനന്ദിച്ചപ്പോൾ ഉണ്ടായ പ്രതികരണം ഇങ്ങനെ - 'ഇത് ജനങ്ങളുടെ നേട്ടം, ജനകീയ വിജയം. കോളോണിയൽ മനസ്ഥിതിയുടെ ശവപ്പെട്ടിയിൽ ഒരാണി കൂടി."

പേരുമാറ്റത്തിന് അനുകൂലമായോ പ്രതികൂലമായോ, ഇത് എഴുതുന്നതു വരെ, ഇവിടെ ആരും പ്രതികരിച്ചില്ല. എന്തിനും ഏതിനും എല്ലായ്പോഴും പ്രതികരണവും പ്രതിഷേധവും ഉയരുന്ന നമ്മുടെ സംസ്ഥാനത്ത് ഇതൊരു പുതിയ അനുഭവമാണ്. തമിഴ്നാട്ടിൽ, മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പേരുമാറ്റത്തെ വിമർശിച്ചിട്ടുണ്ട്. 'പേരിലല്ല, സമീപനത്തിൽ വേണം മാറ്റം" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതെ, പേരിനോടൊപ്പം പ്രവർത്തന ശൈലിയും മാറിയേ മതിയാവൂ. ആക്കാര്യത്തിൽ അനേകം കാതം ഇനിയും മുന്നോട്ടു പോവേണ്ടതുണ്ട്. കൊളോണിയൽ കാലത്തെ ദന്തഗോപുരവാസികളായ ഗവർണർമാരല്ല സ്വതന്ത്ര ഭാരതത്തിലെ അമൃതകാലത്തെ ഗവർണർമാർ. അവർ ജനങ്ങളുടേതാണ്. ജനങ്ങൾക്കൊപ്പമാണ്. 'ബഹുജന ഹിതായ,​ ബഹുജന സുഖായ" എന്ന ഉപനിഷദ് സൂക്തമാവട്ടെ,​ അവരുടെ മൂലമന്ത്രം.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.