
സർക്കാർ ജീവനക്കാർ ആദ്യം എതിർക്കുന്ന പല പരിഷ്‌കാരങ്ങളും നടപ്പായി വരുമ്പോൾ അവർക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതായി മാറാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കമ്പ്യൂട്ടർവത്‌കരണത്തോട് ആദ്യകാലത്ത് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച എതിർപ്പ്. കമ്പ്യൂട്ടർ സ്ഥാപിക്കുന്നതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പോലും സമരം നടത്തിയിരുന്നു. യഥാർത്ഥത്തിൽ കമ്പ്യൂട്ടറുകൾ വന്നതിനു ശേഷം ഉദ്യോഗസ്ഥരുടെ ജോലിഭാരം പത്തിലൊന്നായി കുറയുകയാണ് ചെയ്തത്. ഒരു അപേക്ഷ ഒരു ഓഫീസിൽ ലഭിച്ചിട്ടുണ്ടോ എന്നറിയാൻ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിട്ടുള്ള കമ്പ്യൂട്ടറിന്റെ ബട്ടൺ അമർത്തിനോക്കിയാൽ മതി. അതിനു മുമ്പാണെങ്കിൽ അപേക്ഷകൾ വച്ചിരിക്കുന്ന ഫയൽ ഒരു ഉദ്യോഗസ്ഥൻ സമൂലം പരിശോധിക്കണം. അതിന് വേണ്ടിവരുന്ന യത്നവും സമയദൈർഘ്യവും ഉദ്യോഗസ്ഥന്റെ ജോലിഭാരം കൂട്ടുന്നതും ഭരണനടപടികൾ വൈകിക്കുന്നതും ആയിരുന്നു!
ഘട്ടം ഘട്ടമായി വിവിധ വകുപ്പുകൾ തിരഞ്ഞെടുത്താണ് ഇന്ത്യയിൽ കമ്പ്യൂട്ടർവത്‌കരണം നടപ്പാക്കിയത്. കമ്പ്യൂട്ടർ സ്ഥാപിച്ച വകുപ്പുകളിലെ ഉദ്യോഗസ്ഥർ അവരുടെ ജോലിഭാരം കുറഞ്ഞതായി ബോദ്ധ്യപ്പെടുത്തിയപ്പോഴാണ് തങ്ങൾക്കും കമ്പ്യൂട്ടറുകൾ വേണമെന്ന് മറ്റു വകുപ്പുകളിലെ ജീവനക്കാരും ആവശ്യപ്പെട്ടു തുടങ്ങിയത്. ഇന്നിപ്പോൾ കമ്പ്യൂട്ടറുകൾ ഒഴിവാക്കുമെന്നു പറഞ്ഞാൽ അതിനെതിരെയാവും സമരം. അതുപോലെ തന്നെ, സർക്കാർ ജീവനക്കാർക്ക് വളരെ ഗുണം ചെയ്യുന്ന ഒരു പരിഷ്‌കാരമാണ് പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തുന്നത്. ജീവനക്കാരുടെ സംഘടനകൾ പൊതുവെ ഇതിനെ എതിർക്കുകയാണ്. എന്നാൽ, ഇത് നടപ്പായി വരുമ്പോഴേ അതിന്റെ ഗുണം അവർക്ക് ബോദ്ധ്യപ്പെടൂ. ആധുനിക കാലത്ത് എത്ര സമയം ജോലിചെയ്യുന്നു എന്നതിനല്ല പ്രാധാന്യം. കുറഞ്ഞ സമയം കൊണ്ട് എത്രമാത്രം ഗുണമേന്മയോടെ കാര്യങ്ങൾ നിർവഹിച്ചു എന്നതാണ് എണ്ണപ്പെടുന്നത്.
പ്രവൃത്തിദിനം അഞ്ചാകുമ്പോൾ പ്രത്യേകിച്ച് നടപടികളൊന്നും എടുക്കാതെ തന്നെ സർക്കാരിന്റെ ചെലവ് ഗണ്യമായി കുറയും. കേന്ദ്ര സർക്കാർ ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസമേ ജോലിചെയ്യുന്നുള്ളൂ. അതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെല്ലാം മന്ദീഭവിച്ചാണ് നടക്കുന്നതെന്ന് ആർക്കെങ്കിലും പറയാനാകുമോ? ജോലിചെയ്യുന്ന ദിനങ്ങൾ കുറയുമ്പോൾ ജീവനക്കാരുടെ കാര്യശേഷി വർദ്ധിക്കുന്നതായാണ് പല വിദഗ്ദ്ധ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇപ്പോൾത്തന്നെ രണ്ടാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയാണ്. അതിനാൽ പ്രവൃത്തിദിനം അഞ്ചാക്കാൻ മൂന്ന് ശനിയാഴ്ചകൾ കൂടി അവധി പ്രഖ്യാപിച്ചാൽ മതിയാകും. ശനിയും ഞായറും അടുപ്പിച്ച് അവധിയാവുമ്പോൾ വീട്ടുകാര്യങ്ങൾ നടത്താനും കുട്ടികളോടൊത്ത് കൂടുതൽ സമയം ചെലവഴിക്കാനും അത് കൂടുതൽ സൗകര്യപ്രദമാകും. ശനിയാഴ്ച റോഡിലെ തിരക്കും ഇന്ധനം കത്തുന്നതു മൂലമുള്ള അന്തരീക്ഷ മലിനീകരണവും വലിയ അളവിൽ കുറയുകയും ചെയ്യും.
അതേസമയം, ഇങ്ങനെയൊരു പരിഷ്കാരം വരുമ്പോൾ അതുവരെ ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ജീവനക്കാർക്കുണ്ട്. കാഷ്വൽ ലീവ് നഷ്ടപ്പെടുമെന്നതാണത്. അത് ന്യായമായ ഒരു ആശങ്കയാണ്. അത് നഷ്ടപ്പെടാതെ ഈ പരിഷ്കാരം നടപ്പാക്കാൻ കഴിയുമെങ്കിൽ അതിന് തയ്യാറാകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കണം. ആഴ്ചയിൽ ഒരു ദിവസം കൂടി ഓഫീസുകൾ അടഞ്ഞുകിടക്കുമ്പോൾ സർക്കാരിന് വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ ഒഴിവാകുന്നതിലൂടെ കോടികളാവും മാസം ലാഭിക്കാൻ കഴിയുക. സർക്കാർ കാര്യങ്ങൾ പലതും ഇപ്പോൾ ഓൺലൈനിൽ നടക്കുമെന്നതിനാൽ ഇതൊന്നും പണ്ടത്തെപ്പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാകില്ല. അതിനാൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കുന്നതാവും ഉചിതം. ഇന്ത്യയിൽ നിലവിൽ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ആറ് പ്രവൃത്തി ദിനങ്ങളില്ല. അതിന്റെ പേരിൽ അവിടങ്ങളിലെ ഓഫീസുകളുടെ കാര്യശേഷി കുറഞ്ഞതായി പറയാനുമാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |