
പറവൂർ: ഐ.ബി ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം വീണ്ടും പണം വാങ്ങാനെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. വരാപ്പുഴ മണ്ണംതുരുത്ത് തയ്യിൽ വീട്ടിൽ പ്രവീണിനെയാണ് (40) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ട്രേഡിംഗിലൂടെ പണം നഷ്ടപ്പെട്ട വീട്ടമ്മയെ, താൻ ഐ.ബി. ഉദ്യോഗസ്ഥനാണെന്നും സഹായിക്കാമെന്നും പറഞ്ഞ് ഫോണിൽ വിളിച്ച് പരിചയപ്പെടുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാൻ 50,000 രൂപ ആവശ്യപ്പെട്ടപ്പോൾ വീട്ടമ്മ നൽകി. പിന്നീട് കൂടുതൽ പണം ആവശ്യപ്പെടുകയും, നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസിന്റെ നിർദ്ദേശപ്രകാരം, വീട്ടമ്മ പണം നൽകാമെന്ന് പ്രവീണിനെ അറിയിച്ചു. പണം വാങ്ങാൻ വീട്ടിലെത്തിയ പ്രവീണിനെ പൊലീസ് കൈയോടെ പിടികൂടി.
ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, സൈബർ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ചോദ്യം ചെയ്തുവരികയാണെന്നും മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |