
മുഖലക്ഷണം നോക്കി ഭാവി പറയുന്ന ഒരു വിദ്വാനെ ട്രെയിനിൽവച്ച് പരിചയപ്പെട്ടതിനു ശേഷമായിരിക്കണം, എന്റെ മുന്നിൽ വരുന്ന കുട്ടിരോഗികളെയും അവരെ കൊണ്ടുവരുന്ന മാതാപിതാജികൾ, അപ്പൂപ്പൻ- അമ്മൂമ്മജികൾ, ബന്ധുമിത്രാദിജികൾ തുടങ്ങിയവരുടെ മുഖലക്ഷണങ്ങൾ ഞാൻ കാര്യമായി വീക്ഷിക്കാൻ തുടങ്ങിയത് എന്നു തോന്നുന്നു. മുഖലക്ഷണം നോക്കി അവരുടെ പ്രായം, അവർ എന്തു ജോലി ചെയ്യുന്നു, നല്ല സ്വഭാവക്കാരാണോ അതോ അലമ്പാണോ, ഡെസ്‌പ് ആണോ, പൊളിയാണോ, പാവമാണോ, പാരയാണോ തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ ഞാൻ തപ്പാൻ തുടങ്ങി.
അടിക്കടി ചുമയും പനിയും പിടിപെടാറുള്ള ഒരു കുട്ടിയെയും കൂട്ടി വന്നിരുന്ന ഒരു മുതിർന്ന പൗരൻ മുഖലക്ഷണങ്ങളിൽ വളരെ വ്യത്യസ്തനായി തോന്നി. അയാളുടെ മുഖത്ത് എപ്പോഴും ഒരു പുച്ഛഭാവമായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങൾക്കു പുറമേ, ജഗതി ഗവേഷണം ചെയ്ത് കണ്ടുപിടിച്ച വേറെ നാലു രസങ്ങൾ കൂട്ടിച്ചേർത്തെങ്കിലും, പുച്ഛരസം ആരുമെന്താണ് ഇതുവരെ നാട്യശാസ്ത്രത്തിൽ ചേർത്ത് അപ്ഡേറ്റ് ചെയ്യാത്തതെന്ന് പലതവണ ആലോചിച്ച്, പുച്ഛമില്ലാതെ ഞാൻ ചിരിച്ചിട്ടുണ്ട്.
കുട്ടിയെ പരിശോധിക്കുന്നതു മുതൽ അവസാനം മരുന്നിന്റെ കുറിപ്പടി കൈമാറുന്നതുവരെ അയാളുടെ മുഖത്ത് പുച്ഛരസം ഇടവേളയില്ലാതെ അലതല്ലിക്കൊണ്ടിരുന്നു. പേര് ശ്രീകണ്ഠൻ എന്നാണെങ്കിലും ശ്രീ ഒട്ടുമില്ലാത്ത കണ്ഠവും മുഖഭാവവും! 'കുട്ടിക്ക് ഒരു ഫ്‌ളൂ പനി മാത്രം. പനിയുടെയും ചുമയുടെയും മരുന്നുമാത്രം കൊടുത്താൽ മതി, ആന്റിബയോട്ടിക്കുകൾ ഒന്നും വേണ്ട" എന്ന, സന്തോഷം പകരേണ്ട എന്റെ വിദഗ്ദ്ധാഭിപ്രായം കേട്ടാൽപ്പോലും ശ്രീയില്ലാ ശ്രീകണ്ഠന്റെ മുഖത്ത്, പ്രത്യേകിച്ച് ചുണ്ടുകളിൽ ഒരു പുച്ഛഭാവം പ്രത്യക്ഷപ്പെടും!
'കൊടുത്തു നോക്കാം; കുറവില്ലെങ്കിൽ വീണ്ടും കുട്ടിയെ പൊക്കിയെടുത്തു കൊണ്ടുവരാം" എന്നു പറഞ്ഞുകൊണ്ട് മുഖത്തു മാത്രമല്ല, നടപ്പിലും പുച്ഛരസം നടപ്പിലാക്കിയാണ് കക്ഷി മടങ്ങുന്നത്. ഒരുദിവസം ഞാൻ രണ്ടും കല്പിച്ച് ശ്രീയില്ലാ കണ്ഠനോട് വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിയാൻ തീരുമാനിച്ചു. എങ്ങനെയാണ് ഈ ചതുർദശ രസം (പതിനാലാം രസം. അതായത്, - ഭരതമുനിയുടെ ഒമ്പത്, ജഗതിയുടെ നാല്, എന്റെ വക ഒന്ന്!) മുഖത്തു വന്നതെന്ന് അറിയണമല്ലോ!
ആദ്യം വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ്, മെല്ലെ വ്യക്തിപരമായ കാര്യങ്ങൾ, ആരോഗ്യം, ജീവിതവീക്ഷണം തുടങ്ങിയ കാര്യങ്ങളിലേക്കു കടന്നു. ഇതിനിടയിലാണ് വളരെ പ്രധാനപ്പെട്ട ഒരു വിവരം കണ്ഠരര് എന്നോട് പങ്കുവയ്ക്കുന്നത്: "ഡോക്ടർ സാറേ... നിങ്ങൾക്കറിയാമോ, പതിമൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞ ഒരു ദേഹമാണ് ഇത്!"
ഞാൻ അന്തിച്ചുപോയി. പതിമൂന്ന് മേജർ ശസ്ത്രക്രിയകൾ! അതും, ഈ കൃശഗാത്രത്തിൽ!" ഈ പാവത്തിനെയാണോ ഞാൻ പുച്ഛമുള്ളവനായി തെറ്റിദ്ധരിച്ചത് ? അറിയാനുള്ള ജിജ്ഞാസകൊണ്ട്, ശസ്ത്രക്രിയ ചെയ്യാനിടയായ സാഹചര്യങ്ങളെക്കുറിച്ച് കണ്ഠർജിയോട് വിശദീകരിക്കാൻ ഞാൻ അഭ്യർത്ഥിച്ചു.
'എന്റെ എല്ലാ അവയവങ്ങളിലും രോഗങ്ങൾ വരികയും കത്തിവച്ച് അസുഖങ്ങൾ മാറ്റുകയും ചെയ്തിട്ടുണ്ട്."
വളരെ അപൂർവതകളുള്ള ഒരു ചരിത്രമായതുകൊണ്ട്, ഞാൻ ഒന്നൊന്നായി ചോദിച്ചു.
'ബ്രെയിനിൽ സർജറി ചെയ്തിട്ടുണ്ടോ?"
'ഉണ്ട് സാറേ! ഒരു സിസ്റ്റ് (ദ്രാവകം നിറഞ്ഞിരിക്കുന്ന ഒരു സഞ്ചി). അത് ശ്രീചിത്രയിൽ വച്ച് എടുത്തു കളഞ്ഞു."
'ഹാർട്ടിന് ഓപ്പറേഷൻ?"
'ഉണ്ട് സാറേ! ബൈപ്പാസ്. അതും ശ്രീചിത്രയിൽ."
'കരളിന്?"
'കരളിൽ പഴുപ്പു വന്നു കെട്ടി, അത് ഓപ്പറേഷൻ ചെയ്ത് കളയേണ്ടിവന്നു, മെഡിക്കൽ ആശുപത്രിയിൽ."
'കിഡ്‌നിക്ക്?"
'കിഡ്‌നി നിറയെ കല്ലുകളായിരുന്നു. അത് പലതവണ ഓപ്പറേഷൻ ചെയ്ത് എടുത്തുകളഞ്ഞു."
'കുടലിൽ?"
'കുടലിൽ മുഴ വന്ന് നീക്കംചെയ്തു."
ഏത് അവയവം പറഞ്ഞാലും ക്വിസ് മത്സരത്തിന് ഉത്തരം പറയുന്ന മിടുക്കനായ കുട്ടിയെപ്പോലെ അയാൾ ഓപ്പറേഷന്റെ പേരുകൾ പറഞ്ഞുകൊണ്ടിരുന്നു.
പതിമൂന്ന് ശസ്ത്രക്രിയകൾ അനുഭവിച്ച ആളോടാണ് എന്റെ ഒരു ജലദോഷ വർത്തമാനം! അയാളുടെ പുച്ഛഭാവത്തെ അംഗീകരിക്കാതിരിക്കാൻ നിവൃത്തിയില്ല! സർവാംഗപരിത്യാഗിയായ ശ്രീകണ്ഠർജിയെ ഞാൻ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നോക്കി. ആ ആദരം ഏറ്റുവാങ്ങാൻ തീരെ താത്പര്യമില്ലാതെ അയാൾ പുച്ഛരസം നിറയുന്ന ചിരിയോടെ ഒരു കാര്യംകൂടി പറഞ്ഞു:
'ഇനി എനിക്ക് ചെയ്തിട്ടില്ലാത്ത ഒരേയൊരു ഓപ്പറേഷനേ മെഡിക്കൽ സയൻസിൽ അവശേഷിച്ചിട്ടുള്ളൂ..."
എന്റെ അറിവ് പരിശോധിക്കാനുള്ളതാണോ ഈ പ്രസ്താവന? ഞാൻ ഒന്നൊന്നായി വീണ്ടും ആലോചിക്കാൻ തുടങ്ങി, അതേത് ഓപ്പറേഷൻ? എനിക്ക് ഉത്തരം പറയാൻ അല്പസമയം ദയാപൂർവം അനുവദിച്ചു തന്നുകൊണ്ട് ശ്രീകണ്ഠൻ ഒരു നല്ല ക്വിസ് മാസ്റ്ററായി.
'ഡോക്ടർക്കറിയാമോ ഇനി ഈ ശരീരത്തിൽ ചെയ്യാൻ ബാക്കിയുള്ള ഒരേയൊരു ഓപ്പറേഷൻ?"
അവസാനത്തെ ചാൻസ് !
അറിയില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു.
പുച്ഛരസത്തിൽത്തന്നെ ശ്രീകണ്ഠ ശിരോമണിയുടെ ആൻസർ-
'സിസേറിയൻ!"
ഡോക്ടർ അപ്രത്യക്ഷൻ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |