തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം മാറ്റി. നയപരമായ പ്രധാന വിഷയമായതിനാൽ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുമെന്ന സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടൽ മൂലമാണ് മാറ്റിയത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
വോട്ടെണ്ണലിനു ശേഷം നേരിട്ടു യോഗം വിളിക്കണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ തിരക്ക് പിടിച്ച് യോഗം വിളിക്കുന്നതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് കാട്ടി കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. സർക്കാർ ജീവനക്കാർക്ക് നിലവിൽ രണ്ടാം ശനിയാഴ്ച മാത്രമാണ് ഞായറിന് പുറമെ അവധിയുള്ളത്. മറ്റ് മൂന്ന് ശനിയാഴ്ചകളിൽ കൂടി അവധി നൽകണമെന്ന് ഭരണ പരിഷ്ക്കാര കമ്മിഷനാണ് ശുപാർശ ചെയ്തത്. പകരം ദിവസം പ്രവൃത്തി സമയം വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം.ഇതേക്കുറിച്ചാണ് സർവ്വീസ് സംഘടനകളുടെ അഭിപ്രായം തേടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |