
പണ്ട് ഒരു രാജ്യത്ത് അവിടത്തെ പൗരന്മാരിൽ ആർക്കും രാജാവാകാൻ കഴിയുമായിരുന്നു. എന്നാൽ ചില നിബന്ധനകളുണ്ട്. അഞ്ചു വർഷമേ രാജാവായിരിക്കുള്ളു. അതു കഴിഞ്ഞാൽ അടുത്തുള്ള ജനവാസമില്ലാത്ത ക്രൂരമൃഗങ്ങൾ നിറഞ്ഞ ഒരു ദ്വീപിൽ കൊണ്ടുവിടും. അവിടേയ്ക്ക് അയയ്ക്കപ്പെടുന്നവരെ ആ മൃഗങ്ങൾ കൊന്നുതിന്നു വിശപ്പടക്കും. ഇതറിയാമെങ്കിലും രാജകീയസുഖങ്ങളും അധികാരവും അനുഭവിക്കാനുള്ള ആഗ്രഹം മൂലം പലരും രാജാവാകാൻ മുന്നോട്ടു വന്നുകൊണ്ടിരുന്നു. അങ്ങനെ ഒരാൾ രാജാവായി. അദ്ദേഹം ആദ്യം വളരെ സന്തോഷവാനായിരുന്നു. എന്നാൽ അല്പനാൾ കഴിഞ്ഞപ്പോഴേയ്ക്കും ദുഃഖം പിടികൂടി. അഞ്ചുവർഷം കഴിഞ്ഞാൽ
മൃഗങ്ങൾക്കു ഭക്ഷണമാകുമല്ലോ! വിഷാദമൊഴിഞ്ഞ നേരമില്ല. വിഭവസമൃദ്ധമായ ഭക്ഷണമുണ്ട്, ആഡംബരവസ്തുക്കളുണ്ട്, സേവകന്മാരുണ്ട്, രാജസദസ്സിൽ നിത്യവും സംഗീതവും നൃത്തവുമുണ്ട്. പക്ഷേ, രാജാവിന് ഒന്നിലും താത്പര്യം വരുന്നില്ല. സുഖഭോഗങ്ങളുടെ നടുവിലും ദുഃഖമൊഴിഞ്ഞ നേരമില്ല. ഒന്ന്
ഹൃദയം തുറന്നു പുഞ്ചിരിക്കാൻ പോലും കഴിയുന്നില്ല. കാലാവധി കഴിഞ്ഞപ്പോൾ ആ രാജാവിനെ ദ്വീപിൽ കൊണ്ടുവിട്ടു, താമസിയാതെ മൃഗങ്ങൾക്ക് ആഹാരമായിത്തീരുകയും ചെയ്തു. അടുത്തതായി രാജാവാകാൻ മുന്നോട്ടു വന്നത് ഒരു യുവാവാണ്. പുതിയ രാജാവ് മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെ ദുഃഖിച്ചിരുന്നില്ല. ജനങ്ങളുടെ ക്ഷേമമന്വേഷിക്കുന്നു, ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നു, ഒഴിവുസമയം സംഗീതവും നൃത്തവും ആസ്വദിക്കുന്നു. എപ്പോഴും ആനന്ദവാൻ! വർഷങ്ങൾ കടന്നുപോയി. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാറായി. അപ്പോഴും അദ്ദേഹത്തിൽ യാതൊരു ഭാവമാറ്റവുമില്ല. എല്ലാവർക്കും അദ്ഭുതമായി. അവർ ചോദിച്ചു, ''അങ്ങു ദ്വീപിലേക്കു പോകേണ്ട ദിവസം അടുക്കാറായി. പക്ഷേ അങ്ങയിൽ യാതൊരു ദുഃഖവും കാണുന്നില്ല. ഇതിന്റെ രഹസ്യമെന്താണ്?'' രാജാവു പറഞ്ഞു, ''ഞാനെന്തിനു ദുഃഖിക്കണം? ദ്വീപിൽ പോകാൻ ഞാൻ തയ്യാറായി നില്ക്കുകയാണ്. ഞാൻ രാജാവായതിനു ശേഷം ആദ്യം തന്നെ പട്ടാളക്കാരെ അയച്ച് ആ ദുഷ്ടമൃഗങ്ങളെയെല്ലാം ഒഴിപ്പിച്ചു. വനത്തിന്റെ കുറെഭാഗം വെട്ടിത്തെളിച്ച് കൃഷിസ്ഥലമാക്കി. കിണറുകൾ കുഴിച്ചു. കെട്ടിടങ്ങൾ നിർമ്മിച്ചു. സേവകരെ നിയമിച്ചു. നാട്ടിൽനിന്ന് കുറെ ജനങ്ങളെ അവിടെയ്ക്ക് മാറ്റി പാർപ്പിച്ചു. ഇനി എനിക്കവിടെപ്പോയി താമസിക്കുകയേ വേണ്ടു. സിംഹാസനമൊഴിഞ്ഞാലും രാജാവിനെപ്പോലെ തന്നെ എനിക്കവിടെ കഴിയാം.'' മക്കളേ, ഈ രാജാവിനെപ്പോലെ വേണം നമ്മൾ ജീവിക്കുവാൻ. ഈ ഭൗതികലോകത്തിൽ
ഇരുന്നുകൊണ്ടുതന്നെ ശാശ്വതമായ ആനന്ദത്തിന്റെ ലോകം കണ്ടെത്താൻ വേണ്ടതു
ചെയ്യണം. എന്നാൽ ഇന്നു നമ്മൾ കഥയിലെ മറ്റു രാജാക്കന്മാരെപ്പോലെയാണ്. നാളെയെക്കുറിച്ചോർത്ത് ആധിയും സംഘർഷവും ഒഴിഞ്ഞ സമയമില്ല. അതിനാൽ ഇന്നത്തെ ജീവിതം പോലും ആസ്വദിക്കുവാൻ കഴിയുന്നില്ല. ഇന്നും ദുഃഖം, നാളെയും ദുഃഖം, ജീവിതാന്ത്യം വരെയും ദുഃഖം. മറിച്ച്, ഇന്നത്തെ ഓരോ നിമിഷവും ശ്രദ്ധിച്ചു നീങ്ങിയാൽ നാളെ ദുഃഖിക്കേണ്ടി വരുകയില്ല. അവ ആനന്ദത്തിന്റെ നാളുകളായിരിക്കും. ദുഃഖത്തെ തരണം ചെയ്യണമെങ്കിൽ അതിനുള്ള പരിശ്രമം മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോൾ തന്നെ നമ്മൾ ചെയ്യണം. ആധ്യാത്മികത ഉൾക്കൊണ്ട് വിവേകപൂർവ്വം ജീവിക്കുക എന്നതാണ് അതിനുള്ള വഴി. സുഖാസ്വാദനം പോലും വിവേകപൂർണ്ണമാണെങ്കിൽ അതിൽ തെറ്റില്ല. എന്നാൽ ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കണം. ശാശ്വതാനന്ദത്തിന്റെ മാർഗം അറിഞ്ഞിരിക്കണം. ചെറുപ്പം മുതൽക്കേ ഈശ്വരനിലർപ്പിച്ച മനസ്സോടെ സാധനകൾ അനുഷ്ഠിക്കണം. എങ്കിൽ നമുക്കു മരണത്തെപ്പോലും ജയിക്കാം, എന്നും ആനന്ദമായി കഴിയാം.
-ശ്രീ മാതാ അമൃതാനന്ദമയി ദേവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |