
കൃഷിയാണ് സുധീറിന്റെ തട്ടകം. എന്നാൽ അതിൽ മാത്രമൊതുങ്ങില്ല, തൃശൂർ ചൂരക്കാട്ടുകര ചെമ്മങ്ങാട്ടു വളപ്പിൽ സുധീറിന്റെ താത്പര്യം. നെൽക്കൃഷിയിലും മറ്റും നൂതന പരീക്ഷണം നടത്തി മാതൃകാ കർഷകനായി മുന്നേറുമ്പോഴും ഉള്ളിൽ അക്ഷരങ്ങളോടും കലയോടുമുള്ള അഭിനിവേശം കാത്തുസൂക്ഷിക്കുന്നു. ഒഴിവുസമയത്തെല്ലാം തകഴിയെയും ബഷീറിനെയുമൊക്കെ വായിച്ചു. അങ്ങനെയാണ് മനസിൽ അക്ഷരങ്ങൾ കൂടുകൂട്ടിയത്. സിനിമയോടും കമ്പമുണ്ട്. ഒരുപക്ഷേ, എഴുത്തിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സിനിമയ്ക്കായി കഥയും തിരക്കഥയും സംഭാഷണവുമൊക്കെ എഴുതാൻ പ്രേരിപ്പിച്ചത്.
തൊഴിലും ബിസിനസുമൊക്കെ മാറിമാറി ചെയ്തെങ്കിലും അക്ഷരസ്നേഹം കെെവിട്ടില്ല. അതോടൊപ്പം സ്റ്റാമ്പ്, നാണയ ശേഖരണത്തിലുളള കൗതുകവും അമ്പത്തിരണ്ടാം വയസിലും തുടരുന്നു. ഇക്കാലത്തിനിടെ എഴുതിയതൊന്നും തൃപ്തിവരാതെ മാറ്റിവച്ചിരിക്കുകയാണ്. എല്ലാമൊന്ന് തേച്ചുമിനുക്കി പുസ്തകമായി പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്. അതിനായി അൽപ്പം സാവകാശം കിട്ടേണ്ടതുണ്ട്. ആ കാത്തിരിപ്പിലും ധ്യാനത്തിലുമാണ് താനെന്ന് തന്റെ നീണ്ട താടിയിൽ തടവി സുധീർ പറയും. സിനിമാ നിർമ്മാതാവിന്റെ വേഷമണിഞ്ഞതാണ് സുധീറിനെ ഇപ്പോൾ തിരക്കുകളിലെത്തിച്ചത്. കഥയും തിരക്കഥയും സംഭാഷണവും സ്വയമെഴുതിയ 'ഇനിയും' എന്ന സിനിമ വെെകാതെ തിയേറ്ററുകളിലെത്തും. ഷൂട്ടിംഗും എഡിറ്റിംഗും ഡബ്ബിംഗുമെല്ലാം പൂർത്തിയായി. വിതരണക്കാരെ സമീപിച്ചിരിക്കുകയാണ്.
ആത്മകഥാ സ്പർശമുള്ളതാണ് 'ഇനിയും.' കുടുംബകഥ പറയുന്ന സിനിമയിൽ എഴുത്തച്ഛൻ സമുദായത്തെ പുറംലോകത്ത് അവതരിപ്പിക്കാനും ശ്രമിക്കുന്നു. പലർക്കും എഴുത്തച്ഛൻ സമുദായത്തെ പറ്റി അറിയില്ല. എഴുത്തിന്റെ അധികാരികളായിരുന്നു അവർ. സുധീറിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്നവർക്ക് പൂമുഖത്തുതന്നെ തുഞ്ചത്ത് എഴുത്തച്ഛന്റെ ഫോട്ടോയും കാണാം. ഈ സമുദായത്തിന്റെ സേവനങ്ങൾ മുഴുവൻ സിനിമയിലൂടെ പുറത്തുകൊണ്ടുവരുന്നതിൽ പരിമിതിയുണ്ട്. അതേസമയം സിനിമയിലേത് എഴുത്തച്ഛൻ കുടുംബമാണ്. കുടുംബത്തിലെ സംഘർഷങ്ങളും ചതിയും വഞ്ചനയുമൊക്കെയാണ് പ്രമേയം.
ഇതൊക്കെയുണ്ടെങ്കിലും കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബമെന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന രംഗങ്ങളും അതിലുണ്ട്. തർക്കങ്ങളും സംഘർഷങ്ങളുമെല്ലാം അവസാനിപ്പിച്ച് രമ്യതയിൽ മുന്നോട്ടുപോകാമെന്ന പരസ്പരധാരണയിലെത്തുന്നതാണ് ക്ളെെമാക്സ്. സുധീറിന്റെ ജീവിതവുയമായി ബന്ധമുള്ളതാണ് കഥ. പ്രത്യേകിച്ചും ബാല്യകാലത്തിലേത്.
അച്ഛനും മകനും സിനിമയിൽ
സുധീറിന്റെ മുഖസാദൃശ്യമാണ് മൂത്ത മകൻ പാർത്ഥിപ് കൃഷ്ണന്. സുധീറിന്റെ ബാല്യകാലാനുഭവങ്ങളിൽ ചിലവ പാർത്ഥിപിലൂടെയാണ് സിനിമയിൽ ഇതൾ വിരിയുന്നത്. വിദ്യ എൻജിനിയറിംഗ് കോളേജിലെ ഒന്നാംവർഷ ബി ടെക് വിദ്യാർത്ഥി കൂടിയായ പാർത്ഥിപ് ഇനിയും എന്ന സിനിമയിൽ ദത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീവയാണ് സംവിധായകൻ. പകുതിക്ക് നിലച്ചുപോയ സുധീറിന്റെ ചില സിനിമാ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി 'ഇനിയും' സിനിമയിലൂടെ ലക്ഷ്യത്തിലെത്തിച്ചത് ജീവയാണ്.
പ്രതിസന്ധികളിലും സുധീറിനൊപ്പം നിന്ന ഗാഢസൗഹൃദത്തിന്റെ മറുപേരുകൂടിയാണ് ജീവ.
നായകനായ സനീഷ് മേലേപ്പാട്ട് ഭദ്രനെന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നു. തമിഴിൽ അരങ്ങേറ്റം കുറിച്ച പുതുമുഖം ഡാലിയയാണ് നായിക. നാടൻപാട്ടുകളെഴുതി പ്രസിദ്ധനായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഗോകുൽ പണിക്കർ, യതീന്ദ്രദാസ് എന്നിവരുടെ പാട്ടുകൾക്ക് മോഹൻ സിതാരയാണ് സംഗീതം നൽകിയിട്ടുള്ളത്. സോപാന സംഗീതവുമുണ്ട്. തമിഴ് ഗായകൻ ശ്രീനിവാസ് പാടിയ പാട്ടുകളും സിനിമയിലുണ്ട്. ദേവൻ, ആശ നായർ തുടങ്ങിയവർ അഭിനയിക്കുന്നു.
മനസിൽ സിനിമയുമായി പാർത്ഥിപ്
ഷോർട്ട് ഫിലിമിൽ അഭിനയിച്ച പരിചയവുമായാണ് സുധീറിന്റെ മകൻ പാർത്ഥിപ് കൃഷ്ണ ഇനിയുമെന്ന സിനിമയിൽ മുഖം കാണിക്കുന്നത്. സഹപാഠികളും സുഹൃത്തുക്കളുമായി സഹകരിച്ചാണ് പാർത്ഥിപ് ഷോർട്ട് ഫിലിമുകളുടെ ഭാഗമായത്. അച്ഛൻ നിർമ്മിക്കുന്ന സിനിമയിലെ വേഷത്തിൽ തനിക്ക് തൃപ്തിയുണ്ടെന്ന് പാർത്ഥിപ് പറഞ്ഞു. സിനിമാ മോഹവും മനസിൽ പേറുന്ന ഈ വിദ്യാർത്ഥിക്ക് 'ഇനിയും' ഒരു ചവിട്ടുപടിയാകുമെന്നാണ് പ്രതീക്ഷ.
കായികരംഗത്തും സജീവമാണ് പാർത്ഥിപ്. ഷോട്ട്പുട്ട് ഓപ്പൺ മീറ്റിൽ 2022-23ൽ ദേശീയതലത്തിൽ പങ്കെടുത്തിട്ടുണ്ട്. വെയിറ്റ് ലിഫ്റ്റിംഗിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ആറാംക്ളാസ് വിദ്യാർത്ഥിയായ യദു കൃഷ്ണനാണ് സുധീറിന്റെ മറ്റൊരു മകൻ. ഫുട്ബാളിലാണ് യദുവിന് താത്പര്യം. ഈ മേഖലയിൽ മുന്നേറാനുള്ള ശ്രമം നടത്തിവരികയുമാണ്. ഭർത്താവായ സുധീറിനും മക്കൾക്കും പൂർണ പിന്തുണയുമായി ഹെെസ്കൂൾ അദ്ധ്യാപികയായ ശ്രീന പ്രസാദുമുണ്ട്. കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ്. വായനയ്ക്കായി സമയം കണ്ടെത്താൻ ശ്രീന ടീച്ചറും ശ്രമിക്കുന്നു. കുടുംബാംഗങ്ങളുടെ സദുദ്യമങ്ങൾക്ക് കൂട്ടായി എന്നും ടീച്ചറുണ്ട്.
പല കാലം, പല തൊഴിൽ
കാർഷിക കുടുംബത്തിലാണ് സുധീറിന്റെ ജനനം. പാടത്തും പറമ്പത്തുമൊക്കെ ഓടിനടന്ന ചെറുപ്പകാലം ഇപ്പോഴും സുധീറിന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. അദ്ധ്യാപകനായ അച്ഛൻ ബാലകൃഷ്ണനും കാർഷിക വൃത്തിയിൽ സജീവമായിരുന്നു. ഇതു കണ്ടാണ് സുധീറും വളർന്നത്. എങ്കിലും ഉദ്യോഗമെന്ന സ്വപ്നവുമുണ്ടായിരുന്നു. പ്രീഡിഗ്രി വരെ പഠിച്ച ശേഷം ആരോഗ്യമേഖലയിൽ ജോലി തേടുകയെന്ന മോഹമുണ്ടായി. ലക്ഷ്യ സാക്ഷാത്കാരത്തിനായി ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് ചേരാൻ തീരുമാനിച്ചു. അങ്ങനെയാണ് പ്രീഡിഗ്രിക്ക് ശേഷം ബൽഗാമിലെത്തിയത്.
ബിസിനസിൽ ഒരു കെെ പയറ്റാൻ തീരുമാനിച്ച സുധീർ ത്രെഡ് റബർ നിർമ്മിക്കുന്ന യൂണിറ്റിന് തുടക്കമിട്ടു. സഹോദരി മിനിയുടെ ഭർത്താവ് രാധാകൃഷ്ണൻ ത്രെഡ് റബർ മാനുഫാക്ചറിംഗ് യൂണിറ്റ് നടത്തിയിരുന്നു. ഇതായിരുന്നു പ്രചോദനം. ടയർ റീ ത്രെഡ് ചെയ്യാനുപയോഗിക്കുന്നതാണ് ത്രെഡ് റബർ. പ്രതീക്ഷിച്ചതുപോലുള്ള നേട്ടമില്ലാത്തതിനാലും മറ്റു ചില തടസങ്ങളെ തുടർന്നും പിന്നീടിത് ഉപേക്ഷിച്ചു.
അങ്ങനെയിരിക്കെയാണ് കുറച്ചുകാലം ഗുരുവായൂർ ദേവസ്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി കിട്ടിയത്. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് അങ്ങനെ പ്രയോജനപ്പെട്ടു. എന്നാലിത് താത്കാലിക ജോലിയായിരുന്നു. സ്ഥിരപ്പെടാനുള്ള സാദ്ധ്യത കുറവായിരുന്നു. അപ്പോഴാണ് ചുവട് മാറ്റിച്ചവിട്ടാൻ തീരുമാനിച്ചത്. കുറച്ച് സ്ഥലം വാങ്ങി ഷോപ്പിംഗ് കോപ്ളക്സ് നിർമ്മിച്ചു. അവിടെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉൾപ്പെടെ തുടങ്ങി. വാടകയ്ക്കും കൊടുത്തു. അങ്ങനെ മുന്നോട്ടു പോകുമ്പോഴെല്ലാം കൃഷി ഉപേക്ഷിച്ചില്ല. എട്ടേക്കറോളം സ്ഥലത്ത് നെല്ല്, തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുണ്ട്. ഇപ്പോഴും കൃഷിയിൽ സജീവമാണ്.
സുധീറിന്റെ 'മുദ്രാലോകം'
അധികമാരും അറിയപ്പെടാത്ത മുദ്രകളുടെ (സ്റ്റാമ്പ്) ലോകമുണ്ട് സുധീറിന്. അപൂർവങ്ങളും അമൂല്യങ്ങളുമായ നിരവധി സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ചുവച്ചിട്ടുണ്ട്. ഫിലാറ്റിലിക് ക്ളബിന്റെ പ്രദർശനത്തിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുമുണ്ട്. 1994ൽ ത്രെഡ് റബർ യൂണിറ്റ് തുടങ്ങിയതു മുതൽ പോസ്റ്റൽ സ്റ്റാമ്പുകൾ സജീവമായി ശേഖരിച്ചുതുടങ്ങി. പഠനകാലത്തു തന്നെ മുദ്രാശേഖരണ കലയിൽ താത്പര്യമുണ്ടായിരുന്നു. ആദ്യമൊക്കെ കത്തുകളിലെ സ്റ്റാമ്പുകളാണ് ശേഖരിച്ചത്. സ്റ്റാമ്പ് ഉള്ള ഭാഗം വെട്ടി വെള്ളത്തിലിട്ട് അൽപ്പം കുതിരുമ്പോൾ പശ കഴുകിക്കളഞ്ഞ് ഉണക്കി സൂക്ഷിക്കുമായിരുന്നു. വെെകാതെ തീമാറ്റിക് കളക്ഷനിലേക്കും മിന്റ് കളക്ഷനിലേക്കും കടന്നു. മുദ്രാശേഖരണം നടത്തുന്നവരെ പരിചയപ്പെട്ട് ഈ കലയെപ്പറ്റി കൂടുതലറിഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്റ്റാമ്പുകൾ ഇറങ്ങിയിട്ടുള്ളത് മഹാത്മ ഗാന്ധിയുടേതാണ്. സുധീറിന്റെ പക്കലും ഗാന്ധിജിയുടെ വ്യത്യസ്ത സ്റ്റാമ്പുകളുടെ ശേഖരമുണ്ട്. ഇപ്പോഴും സ്റ്റാമ്പ് ശേഖരണത്തിൽ സജീവമാണ് സുധീർ.
ടെൻഷൻ മാറ്റാൻ 'സ്റ്റാമ്പ് തെറാപ്പി'
മാനസിക സംഘർഷത്തിന് അയവു വരുത്താൻ പലരും പല വഴികൾ തേടാറുണ്ട്. ചിലർ പാട്ടു കേൾക്കും. മറ്റുചിലർ തങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിലും ഹോബികളിലും മുഴുകും. സുധീറാകാട്ടെ സ്റ്റാമ്പുകളുടെ ലോകത്തേക്കാണ് യാത്ര തിരിക്കുക. തന്റെ ശേഖരത്തിലെ സ്റ്റാമ്പുകളെടുത്ത് നോക്കുമ്പോൾ, അവയുടെ ചരിത്രം പഠിക്കുമ്പോൾ വിവിധ ഭാവനാ ലോകങ്ങളിലാണ് സുധീർ ചെന്നെത്തുക. അപ്പോൾ വിഷമങ്ങളെല്ലാം മറക്കും. ടെൻഷനകറ്റാനുള്ള സ്റ്റാമ്പ് തെറാപ്പിയെന്നും ഇതിനെ വേണമെങ്കിൽ വിളിക്കാം. വായനയിലൂടെയും തന്റെ മുന്നിൽ പുതുലോകങ്ങൾ തുറക്കുന്നതായി സുധീർ പറയുന്നു. എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ പ്രത്യേകിച്ചും.
മൂന്ന് പതിറ്റാണ്ട് അദ്ധ്യാപകനായിരുന്നു സുധീറിന്റെ അച്ഛൻ ബാലകൃഷ്ണൻ. പൊതുപ്രവർത്തകനുമായിരുന്നു. ചിറ്റിലപ്പിള്ളി എൽ.പി. സ്കൂളിലായിരുന്നു അദ്ധ്യാപനം. ചെറിയ ശമ്പളത്തിൽ ജോലി ചെയ്ത കാലത്തും സേവനത്തിൽ നിന്ന് വിട്ടുനിന്നില്ല. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ളോക്ക് പ്രസിഡന്റ്, പുഴയ്ക്കൽ ക്ഷീരസംഘം പ്രസിഡന്റ്, എഴുത്തച്ഛൻ സമാജം ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർത്ത്യായനിയാണ് സുധീറിന്റെ അമ്മ. സഹോദരിമാർ മിനി (റിട്ട. എച്ച്.എം. അവണൂർ സ്കൂൾ), സുനി, ലിനി (ലാബ് ടെക്നീഷ്യൻ, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ) . ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹോദരിമാരും അവരുടെ കുടുംബാംഗങ്ങളും നൽകിയ പിന്തുണയെ സുധീർ കൃതജ്ഞതയോടെ സ്മരിക്കുന്നു. അതോടൊപ്പം തന്നെ സുധീറിന്റെ ജീവിതം കെട്ടിപ്പടുത്തതിലും പിന്തുണച്ചതിലും അച്ഛനു പുറമെ അച്ഛാച്ചൻ നാരായണൻ എഴുത്തച്ഛൻ, അദ്ദേഹത്തിന്റെ അമ്മ കല്യാണിക്കുട്ടിയമ്മ, അച്ഛമ്മ കുഞ്ഞിക്കാവ് (അമ്മു അമ്മ- മുതുവറ) എന്നിവരുമുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച് ജീവിതം കരുപ്പിടിപ്പിച്ചവരാണ് അവരും. അതേ പാതയിലാണ് സുധീറിന്റെയും യാത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |