
വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് കേരളം. വികസനത്തിന്റെയും ക്ഷേമത്തിന്റെയും 'കേരള മാതൃക" ലോകശ്രദ്ധയാകർഷിക്കുക മാത്രമല്ല, ലോകമെങ്ങും നിന്ന് നിരവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തുകയും ചെയ്തിരിക്കുന്നു. ജനക്ഷേമവും വികസനവും ഒന്നിച്ച്, ഒരുപോലെ സാദ്ധ്യമാക്കുക എന്ന ഇടതുപക്ഷ സർക്കാരിന്റെ നയമാണ് കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയത്.
സംസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെടെ അംഗീകരിച്ച കണക്കുകളാണ് ലോകത്തോട് സംസാരിക്കുന്നത്. കേരളത്തിലെ ശിശു മരണ നിരക്ക് കേവലം അഞ്ച് ആയി കുറഞ്ഞിരിക്കുന്നു! അമേരിക്കയിൽപ്പോലും ശിശുമരണ നിരക്ക് 5.6 ആണെന്നിരിക്കെയാണ് നമ്മുടെ നേട്ടം! ഇന്ത്യയിലെ ദേശീയ ശരാശരി 25 ആണ് എന്നുകൂടി ഓർക്കുമ്പോഴാണ് ഈ നേട്ടത്തിന്റെ യഥാർത്ഥ മികവ് തിരിച്ചറിയാനാവുക. 2016-ൽ 12 ആയിരുന്ന ശിശുമരണ നിരക്ക് പടിപടിയായി അഞ്ചിലേക്ക് താഴ്ത്തിക്കൊണ്ടുവരാൻ സാധിച്ചത് ഈ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകൾകൊണ്ടാണ്.
വികസനം എന്നാൽ വൻകിട നിർമ്മാണങ്ങൾ മാത്രമല്ല; പട്ടിണി കിടക്കുന്ന ഒരാൾപോലും ഉണ്ടാവരുതെന്ന നിർബന്ധം കൂടിയാണത് അത്! നിതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. 2022-23ൽ രാജ്യത്തിന്റെ ദാരിദ്ര്യ സൂചിക 11.28 ശതമാനമാണെങ്കിൽ, കേരളത്തിൽ അത് 0.55 ശതമാനം മാത്രമാണ്. 2021-ലെ റിപ്പോർട്ടിൽ 0.71 ശതമാനമായിരുന്നതാണ് നമ്മൾ വീണ്ടും കുറച്ചുകൊണ്ടുവന്നത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസ - ആരോഗ്യ സംരക്ഷണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ സുരക്ഷ, പൊതുവിതരണ സമ്പ്രദായം, സ്ത്രീശാക്തീകരണം എന്നിവയിലൂടെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന വിധത്തിൽ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുവാനും നമുക്ക് സാധിച്ചു.
കേരളത്തിൽ ജീവിക്കുക എന്നത് ഇന്ന് ഏറ്റവും മികച്ച അനുഭവമായി മാറിയിരിക്കുന്നു. ക്വാളിറ്റി ഒഫ് ലൈഫ് ഇൻഡക്സിൽ 95.34 എന്ന സ്കോറോടെ കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. ഹ്യുമൻ ഡെവലപ്‌മെന്റ് ഇൻഡക്‌സിലും 0.758 സ്കോറുമായി നമ്മൾ രാജ്യത്ത് ഒന്നാമതാണ്. ആഗോള ശരാശരിയായ 0.754-നെക്കാൾ മുകളിലാണ് നമ്മുടെ സ്ഥാനമെന്നത് നിസാരമല്ല. സാമൂഹിക പുരോഗതി സൂചികയിൽ ഇന്ത്യൻ ശരാശരി 58.3 ആയിരിക്കെ, കേരളത്തിന്റെ സ്കോർ 65.2 ആണ്! ലിംഗസമത്വ മനോഭാവം, പൊതുസുരക്ഷ എന്നിവയിലും നമ്മൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
തദ്ദേശത്തിന്റെ
ശക്തി
അധികാരം ജനങ്ങളുടെ കൈകളിലെത്തുമ്പോഴേ ജനാധിപത്യം അർത്ഥപൂർണമാകൂ എന്ന ആശയമാണ് കേരളത്തിലെ ഇടതുപക്ഷം എക്കാലവും ഉയർത്തിപ്പിടിച്ചത്. 1996-ൽ, അന്നത്തെ എൽ.ഡി.എഫ് സർക്കാർ തുടക്കമിട്ട ജനകീയാസൂത്രണം ലോകത്തിനു തന്നെ മാതൃകയായിരുന്നു. അതേസമയം, അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനാണ് എക്കാലവും വലതുപക്ഷം ശ്രമിച്ചിട്ടുള്ളതെന്നു കാണാം. 2011-12 മുതൽ 2015-16 വരെയുള്ള യു.ഡി.എഫ് ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ ആകെ നൽകിയ പദ്ധതി വിഹിതം 29,500 കോടി രൂപ മാത്രമായിരുന്നു. 2016-ൽ എൽ.ഡി.എഫ് അധികാരത്തലെത്തിയതോടെ ചിത്രം പാടെ മാറി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഈ വിഹിതം 52,648.39 കോടി രൂപയായി വർദ്ധിച്ചു.
വികസനത്തിന്റെ വേഗം അവിടെയും നിന്നില്ല- ഈ സർക്കാരിന്റെ കാലയളവിൽ ആ വിഹിതം 70,526.77 കോടി രൂപയായി വീണ്ടും ഉയർത്തി. അതായത്, കഴിഞ്ഞ പത്തു വർഷംകൊണ്ട് ആകെ 1,23,175.16 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇടതു സർക്കാർ കൈമാറിയത്. "എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്" എന്നത് ഇടതു മുന്നണി ജനങ്ങൾക്കു നൽകിയ ഉറപ്പാണ്. ഇതുവരെ, 4,71,442 കുടുംബങ്ങൾക്കാണ് സ്വന്തം വീട് എന്ന സ്വപ്നം ലൈഫ് മിഷനിലൂടെ സാക്ഷാത്കരിക്കാനായത്. വരുന്ന ഫെബ്രുവരിയോടെ അഞ്ചു ലക്ഷം വീടുകൾ എന്ന ചരിത്രപരമായ ലക്ഷ്യം നമ്മൾ കൈവരിക്കാൻ പോകുന്നു!
ഇവിടെയാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ കാപട്യം തിരിച്ചറിയേണ്ടത്. ലൈഫ് മിഷൻ വീടുകളുടെ പേര് മാറ്റിയാൽ അത് കേന്ദ്ര പദ്ധതിയാകില്ലെന്ന് കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഒരു വീടിന് കേന്ദ്രം നൽകുന്ന വിഹിതം 72,000 രൂപയും നഗരങ്ങളിൽ 1.5 ലക്ഷം രൂപയുമാണ്. എന്നാൽ കേരള സർക്കാർ ലൈഫ് പദ്ധതിയിൽ നൽകുന്നത് നാല് ലക്ഷം രൂപയാണ്. 2017 മുതൽ ലൈഫ് പദ്ധതിക്കായി ചെലവഴിച്ച 18,573 കോടി രൂപയിൽ കേന്ദ്ര വിഹിതം 2301 കോടി രൂപ മാത്രമാണ്!
ഗ്രാമ- നഗര
വികസനം
അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. ഗ്രാമങ്ങളുടെ തനിമ നിലനിറുത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങൾ എത്തിക്കാൻ ഈ സർക്കാരിന് വ്യക്തമായ പദ്ധതിയുണ്ട്. ഗ്രാമീണ വികസനം സംബന്ധിച്ചായാലും നഗരവികസനം സംബന്ധിച്ചായാലും ഈ തദ്ദേശ തിരഞ്ഞെടുപ്പ് നിർണായകമാണ്. അഴിമതിയില്ലാതെ, വേഗത്തിൽ സേവനം നൽകുന്ന കെ- സ്മാർട്ട് തുടരണോ, ലൈഫ് മിഷൻ പൂർത്തിയാക്കണോ, കുടുംബശ്രീ കൂടുതൽ ഉയരങ്ങളിലെത്തണോ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിജയിക്കണോ എന്നതൊക്കെയാണ് നമ്മുടെ മുന്നിലുള്ള ചോദ്യങ്ങൾ.
ഇതിനെല്ലാം ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ജയം ഉറപ്പാക്കേണ്ടതുണ്ട്. വർഗീയത വളർത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്കും അവസരവാദ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനും കേരളത്തിൽ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ തെളിയിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർത്ഥ കോട്ടകളായി നിലനിറുത്താനും, നവകേരള നിർമ്മിതിക്ക് വേഗം കൂട്ടാനും ഇടതു സർക്കാരിനൊപ്പം കേരളത്തിലെ ജനങ്ങൾ നിലയുറപ്പിക്കുക തന്നെ ചെയ്യും. നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |