
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെച്ചൊല്ലി എൽ.ഡി.എഫ്-യു.ഡി.എഫ് വാക്പോര്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫിനെ വിമർശിച്ചിരുന്നു. ജമാഅത്ത് നേതാക്കളുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അത് അവരുടെ ആവശ്യപ്രകാരമാണെന്നും മുഖ്യമന്ത്രി ഇന്നലെ കോഴിക്കോട്ട് പറഞ്ഞു. എന്നാൽ, കൂട്ടുകെട്ടുണ്ടാക്കിയിട്ടില്ല.
1992ൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിനാൽ അവർക്ക് കോൺഗ്രസ് സർക്കാരിനോട് പ്രതിഷേധമുണ്ടായി. തുടർന്ന് 1996ൽ അവർ മനസില്ലാമനസോടെ എൽ.ഡി.എഫിന് വോട്ടു ചെയ്തു. അല്ലാത്തപ്പോഴെല്ലാം എൽ.ഡി.എഫിനെ അവർ ആക്രമിച്ചു. പിന്നീട് കോൺഗ്രസിനെയാണ് അവർ സഹായിച്ചത്.
ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാൻ കോൺഗ്രസ് നേതാക്കൾ തമ്മിൽ ഇപ്പോൾ മത്സരമാണ്. മുമ്പ് മതതീവ്രവാദ സംഘടനയെന്നു പറഞ്ഞവർ ഇപ്പോഴവർക്ക് തങ്കക്കുടങ്ങളാണ്. ജമാഅത്തെയുടെ വർഗീയ നിലപാട് മാറിയിട്ടില്ല. എന്നാൽ, യു.ഡി.എഫ് അവരുടെ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ജമാഅത്തെയും സി.പി.എമ്മുമായി പതിറ്റാണ്ടുകളായി ബന്ധമുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു. ജമാഅത്തെ നേതാക്കളുമായി പിണറായി നടത്തിയ ചർച്ചയുടെ ചിത്രങ്ങളും ഇതുസംബന്ധിച്ചുള്ള ദേശാഭിമാനി എഡിറ്റോറിയലും കാട്ടി. വെൽഫെയർ പാർട്ടിയാണ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. സി.പി.എം ജമാഅത്ത് ഇസ്ലാമിയുമായി നേരിട്ടാണ് ചർച്ചകൾ നടത്തിയതെന്നും പറഞ്ഞു. വിഷയത്തിൽ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും സി.പി.എമ്മിനെതിരെ രംഗത്തെത്തി.
സി.പി.എം വോട്ട് ചോദിച്ചു,
നൽകി: ജമാ അത്തെ
ജമാഅത്തുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവിൽ മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണെന്ന് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഫേസ്ബുക്കിൽ കുറിച്ചു. ചർച്ചകൾ വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുണ്ട്. അതിലൊന്ന് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ 2011 മാർച്ച് 31നാണ്.
സി.പി.എമ്മിന്റെ ഗുഡ് സർട്ടിഫിക്കറ്റിനായിരുന്നില്ല അത്. അതിന്റെ ആവശ്യവുമില്ല. സി.പി.എം വോട്ട് ചോദിച്ചു, ഞങ്ങൾ നൽകിയെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |