
തിരുവനന്തപുരം: നഴ്സിംഗ് പഠന ശേഷം കുറഞ്ഞ ചെലവിൽ ഇന്ത്യ കാണാനിറങ്ങിയതായിരുന്നു ശ്രീഹരി. യാത്രക്കിടെ മുംബയ് റെയിൽവേ സ്റ്റേഷന് സമീപത്തെ ചേരിയിലെ മാലിന്യക്കുന്നിൽ കിടന്ന ന്യുമോണിയ ബാധിച്ച കുട്ടി ആ ഇരുപത്തിനാലുകാരന്റെ മനസുമാറ്റിച്ചു. അന്നെടുത്തതാണ് രാജ്യം വൃത്തിയാക്കണമെന്ന തീരുമാനം. ഇതിനിടെ രോഗം ബാധിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് രക്ഷിച്ചു.
തുടർന്ന് മുംബയ് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി. സഹയാത്രികനായിരുന്ന സുഹൃത്ത് ഗോപിഷ് സഹായിച്ചു. പിന്നീട് ഗുജറാത്തിലെ സ്കൂൾ, യു.പി മുനിസിപ്പാലിറ്റിയിലെ കുളം, ഭോപാൽ റെയിൽ വേ സ്റ്റേഷൻ എന്നിവിടങ്ങളും വൃത്തിയാക്കി. കോട്ടയം, ഏറ്റുമാനൂർ സ്വദേശി ശ്രീഹരി 2025 മേയിലാണ് ട്രെയിനിൽ രാജ്യം ചുറ്റാനിറങ്ങിയത്. 7000 രൂപയ്‌ക്ക് ഇന്ത്യ കണ്ട് മടങ്ങിയെത്തിയ ശ്രീഹരി ഇപ്പോൾ ഒറ്റയ്‌ക്ക് കേരളത്തിന്റെ പൊതു ഇടങ്ങൾ വൃത്തിയാക്കുകയാണ്. പ്രശസ്തിയോ നേട്ടമോ ആഗ്രഹിക്കാത്ത ശ്രീഹരി വ്യക്തിവിവരം പോലും പറയാൻ തയ്യാറല്ല.
തലസ്ഥാനത്ത് തുടങ്ങി സംസ്ഥാന ശുചീകരണം
ഡിസംബർ നാലിന് തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് കേരളത്തിലെ ശുചീകരണ യാത്രായജ്ഞം 'ദി നഴ്സ് ബോയ്" തുടങ്ങിയത്. ഒരു ദിവസം കൊണ്ട് സ്റ്റാൻഡിൽ നിന്ന് നീക്കിയത് 10 ചാക്ക് മാലിന്യം. പക്ഷേ ഇത് നീക്കാൻ ഹരിത കർമ്മ സേനാ അംഗങ്ങൾ വിസമ്മതിച്ചു. തുടർന്ന് സ്വന്തം ചെലവിൽ മാലിന്യം കളക്ഷൻ പോയിന്റിലെത്തിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ കൊല്ലം കടൽത്തീരം, പന്തളത്തെ ഒരു കിലോ മീറ്ററോളമുള്ള റോഡരിക്, ആലപ്പുഴയിലെ കടൽത്തീരം എന്നിവ വൃത്തിയാക്കി. ഇന്ന് കോട്ടയത്താണ് ശുചീകരണം. ദൗത്യം കാസർകോട് വരെ നീളും. സമാന മനസ്‌കരുടെ സഹായം യാത്രയിലുടനീളം ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കൂടിയാണ് ശ്രീഹരി. 'ദി നഴ്സ് ബോയ്" എന്നാണ് ശ്രീഹരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്.
'വൃത്തിയാക്കിയ ഇടത്ത് ആളുകൾ വീണ്ടും മാലിന്യമെറിയുന്നതിൽ നിരാശയുണ്ട്. ജനങ്ങളിൽ ശുചീകരണത്തിന്റെ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പലയിടങ്ങിളിലും നീക്കുന്ന മാലിന്യങ്ങൾ അധികൃതർ ഏറ്റെടുക്കുന്നില്ല. ഇതിനായി മണിക്കൂറുകൾ ചെലവിടേണ്ട സ്ഥിതിയാണ്".
- ശ്രീഹരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |