
ഹൃദയാഘാതം എന്നുകേൾക്കുമ്പോൾ നെഞ്ചിൽ കൈവച്ച് വേദനിക്കുന്ന ചിത്രമാണ് മനസിൽ വരുന്നതെങ്കിലും, സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ തികച്ചും വ്യത്യസ്തവും തിരിച്ചറിയാൻ പ്രയാസമുള്ളതുമാകാമെന്നാണ് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. നെഞ്ചുവേദനയ്ക്ക് പകരം അസ്വാഭാവികമായ ക്ഷീണം, ശ്വാസംമുട്ട്, ദഹനപ്രശ്‌നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും സ്ത്രീകൾ അവഗണിക്കുകയോ മറ്റ് കാരണങ്ങളാകാമെന്ന് ധരിക്കുകയോ ചെയ്യാറുണ്ട്.
ഹൃദയാഘാതത്തിനു മുമ്പ് സ്ത്രീകൾക്കുണ്ടാകുന്ന ലക്ഷണങ്ങൾ പലപ്പോഴും അവർ ശ്രദ്ധിക്കാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വിശ്രമിച്ചിട്ടും വിട്ടു മാറാത്ത കഠിനമായ ക്ഷീണം, ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ഉണ്ടാകുന്ന ശ്വാസംമുട്ടൽ. കഴുത്ത്, താടി, തോളുകൾ, പുറംഭാഗം എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന വേദനയും (അസ്വസ്ഥതയും, ദഹനക്കേട്, ഓക്കാനം, വയറുവേദന) എന്നിവയും ചിലപ്പോൾ ലക്ഷണങ്ങളായി വരാറുണ്ട്. നെഞ്ചെരിച്ചിലോ അസിഡിറ്റിയോ ആണെന്ന് തെറ്റിദ്ധരിക്കാനും സാദ്ധ്യതയുണ്ട്.
കാരണമില്ലാത്ത തലകറക്കവും മയക്കവുമാണ് പ്രധാന ലക്ഷണങ്ങളെങ്കിലും പലപ്പോഴും ഇവയെ മാനസിക സമ്മർദ്ദം, ഗ്യാസ്ട്രബിൾ, ഉറക്കമില്ലായ്മ എന്നിവയുടെ ഭാഗമായി ഉണ്ടാകുന്നതാണെന്ന് കരുതി അവഗണിക്കാറാണ് സ്ത്രീകൾ ചെയ്യുന്നത്. എന്നാൽ ലക്ഷണങ്ങൾ സാധാരണയിൽ നിന്ന് വ്യത്യസ്തമായി തോന്നുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
പുരുഷന്മാരിൽ നിന്ന് വിഭിന്നമായി സ്ത്രീകൾക്ക് ഹൃദയത്തിലെ ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങളായിരിക്കും കൂടുതലായി കാണപ്പെടുന്നത്. ഇത് ലക്ഷണങ്ങളെ കൂടുതൽ സൂക്ഷ്മവും വ്യാപകവുമാക്കും. ആർത്തവവിരാമത്തിന് മുൻപ് ഈസ്ട്രജൻ ഹോർമോൺ ഹൃദയത്തിന് സംരക്ഷണം നൽകുന്നുണ്ടെങ്കിലും അതിനു ശേഷം രോഗസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ സ്ത്രീകൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാൽ തീർച്ചയായും ഡോക്ടറെ അറിയിക്കണം. കൃത്യമായി ലക്ഷണങ്ങൾ വിശദീകരിക്കുക. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ ഇസിജി പോലുള്ള പരിശോധനകൾ ആവശ്യപ്പെടാൻ മടിക്കരുത്. 35 വയസിനുശേഷം രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പതിവായി പരിശോധിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ കൂടുതലും സംസ്കരിച്ച ഭക്ഷണങ്ങൾ കുറച്ചും കഴിക്കുക. എല്ലാ ദിവസങ്ങളിലും അരമണിക്കൂറെങ്കിലും മിതമായ വ്യായാമം ചെയ്യണം. ദീർഘകാല സമ്മർദ്ദം ഹൃദയത്തിന് ദോഷമാണ്. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ തേടേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |