
പരിണാമത്തെ തുടർന്ന് ഏറെ പുരോഗതി നേടിയ ജീവി തീർച്ചയായും മനുഷ്യനാണ്. ചിന്തിക്കാനും ഒത്തൊരുമിച്ച് ജീവിക്കാനുമുള്ള മനുഷ്യന്റെ കഴിവ് ഏറെ മാറ്റമാണ് ലോകത്ത് കൊണ്ടുവന്നത്.
ആദ്യകാലത്ത് വേട്ടയാടി ജീവിച്ച മനുഷ്യൻ പിന്നീട് വസ്‌ത്രങ്ങളും ആയുധങ്ങളും കണ്ടുപിടിച്ചു. മെല്ലെ കാലാവസ്ഥയെ അതിജീവിക്കാൻ പാകത്തിന് താമസസ്ഥലവും കൃഷിയും ആരംഭിച്ചു. ശാസ്‌ത്രത്തിന്റെ വളർച്ചയിലൂടെയും വലിയ മാറ്റമാണ് മനുഷ്യൻ കൊണ്ടുവന്നത്.
എന്നാൽ മനുഷ്യനടക്കം മിക്ക ജീവികളും ഭൂമിയിൽ നിലനിൽക്കുന്നത് ഇവിടെ അതിനുതകുന്ന സുഖകരമായ കാലാവസ്ഥ ഉള്ളതുകൊണ്ടാണ് എന്നത് മറക്കാനാകാത്ത കാര്യമാണ്. ഇതിൽ അൽപം മാറ്റംവന്നാൽ മിക്ക ജീവികളും അവസാനിക്കും. ഒപ്പം മനുഷ്യനും.
ഇത്തരമൊരു കണ്ടെത്തലാണ് ബ്രിട്ടണിലെ ബ്രിസ്‌റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയിരിക്കുന്നത്. ഡോ. അലക്‌സാണ്ടെർ ഫാൺസ്‌വർത്തിന്റെ നേതൃത്വത്തിലെ ഗവേഷകർ നേച്ചർ ജിയോസയൻസ് എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്തുവിടുന്ന വിവരമനുസരിച്ച് മനുഷ്യനടക്കം ഒരുവിധം എല്ലാ ജീവികളും ഭൂമിയിൽ ഇല്ലാതാകും. പക്ഷെ അത്യപൂർവമായ ഒരു സാഹചര്യം ഉണ്ടായാൽ മാത്രമേ അത് സാദ്ധ്യമാകൂ.
ഭൂമി ഉണ്ടായശേഷം ആദ്യമായി ഉണ്ടായ ഭൂഖണ്ഡം വാൽബാറ ആണ്. എന്നാൽ 336 മില്യൺ വർഷങ്ങൾക്ക് മുൻപ് അന്നത്തെ ഭൂഖണ്ഡങ്ങളൊക്കെ ചേർന്ന് ഒരു വമ്പൻ ഭൂഖണ്ഡം രൂപപ്പെട്ടു അതാണ് പാൻജിയ. പിന്നീട് നാളുകൾ കഴിഞ്ഞ് ഈ ഭൂഖണ്ഡം തകർന്ന് പല ഭാഗങ്ങളായതാണ് ഇന്നത്തെ ഭൂഖണ്ഡങ്ങൾ. ഭാവിയിൽ ഈ ഭൂഖണ്ഡങ്ങളെല്ലാം ചേർന്ന് ഒരൊറ്റ ഭൂഖണ്ഡമായി മാറിയാൽ അന്ന് മനുഷ്യനടക്കം ഒരുവിധം സസ്‌തനികളെല്ലാം ഇല്ലാതാകുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ദിനോസറുകളുടെ അവസാനത്തിന് ശേഷമുണ്ടാകുന്ന ഒരു വൻ വംശനാശമാകും അത്.
ശക്തമായ കാലാവസ്ഥാ മാതൃകകളെ പഠനവിധേയമാക്കിയാണ് ഗവേഷകർ ഇത്തരമൊരു കണ്ടെത്തലിൽ എത്തിച്ചേർന്നത്. ഭാവിയിൽ രൂപപ്പെട്ടേക്കാവുന്ന ഒരൊറ്റ ഭൂഖണ്ഡത്തെ അവർ പാൻജിയ അൾട്ടിമ എന്ന് വിളിച്ചു. ഇത് രൂപം കൊണ്ടാൽ ഇന്നത്തേതുപോലെ സുഖകരമായ കാലാവസ്ഥ ഉണ്ടാകില്ല.
ടെക്‌ടോണിക് പ്ളേറ്റുകളുടെ ചലനങ്ങൾ, സൗരോർജ്ജത്തിൽ വരുന്ന മാറ്റങ്ങൾ, ഹരിതഗൃഹ വാതകങ്ങളിലെ അളവിൽ വരുന്ന മാറ്റം ഇവയെല്ലാം പഠിച്ചാണ് ഡോ. അലക്‌സാണ്ടെർ ഫാൺസ്‌വർത്തും സംഘവും ഇത്തരമൊരു നിഗമനത്തിലെത്തിയത്. ലക്ഷക്കണക്കിന് വർഷങ്ങൾ കഴിയുമ്പോൾ അന്ന് ഇന്നത്തെ ഭൂഖണ്ഡങ്ങൾ വിവിധ മാറ്റം വന്ന് ഒന്നിച്ചേക്കാം. 'പുതുതായി രൂപപ്പെടുന്ന ഭൂഖണ്ഡം മൂന്നിരട്ടി ആഘാതം ലോകത്തിന് സൃഷ്‌ടിക്കാം. ഭൂഖണ്ഡാന്തര പ്രഭാവം, ചൂട് കൂടുന്ന സൂര്യൻ, അന്തരീക്ഷത്തിൽ വർദ്ധിക്കുന്ന കാർബൺ ഡയോക്‌സൈഡ് ഇവ ഭൂമിയിലെ ചൂട് കൂട്ടാം.' ഡോ. അലക്‌സാണ്ടെർ ഫാൺസ്‌വർത്ത് പറയുന്നു.
വിശാലമായ ഭൂപ്രകൃതിയുണ്ടാകുമ്പോൾ ചുട്ടുപൊള്ളുന്ന ചൂടുള്ള പ്രദേശങ്ങളിൽ ജീവൻ അസാദ്ധ്യമാകും, മറ്റൊരു പ്രശ്‌നം കാലങ്ങളോളം കഴിയുമ്പോൾ സൂര്യന്റെ ചൂട് കൂടും. ഇത് സൂര്യനിൽ നിന്നും അപകടകരമായ വികിരണതോത് വർദ്ധിപ്പിക്കും. ഇതിനൊപ്പം ഭൂമിക്കുള്ളിലെ അഗ്നിപർവതങ്ങളും അന്തരീക്ഷ താപനില കൂട്ടും.

കാലാവസ്ഥ ഇതോടെ സാധാരണനിലയിൽ 40ഡിഗ്രിക്കും 50ഡിഗ്രിക്കും ഇടയിലാകും. ചൂട് സമയത്ത് വീണ്ടും ഇത് വർദ്ധിക്കും.ഇതോടെ ശരീരോഷ്‌മാവ് കുറയ്‌ക്കാനാകാതെ ചൂട് താങ്ങാനാകാതെ മനുഷ്യരടക്കം ജീവികൾ നശിക്കും. സൂപ്പർ വൻകര രൂപപ്പെടുമ്പോൾ സൂര്യന് ഇപ്പോഴുള്ളതിലും 2.5 ശതമാനമാകും റേഡിയേഷൻ തോത് വർദ്ധിക്കുക. ഇതോടെ മിക്കയിടത്തും കാലാവസ്ഥ 40 മുതൽ 70 ഡിഗ്രി വരെ ചൂടാകും.
സസ്‌തനികൾ പലതും പ്രയാസകരമായ കാലാവസ്ഥ വരുമ്പോൾ കട്ടിയേറിയ പുറംആവരണത്തിലേക്ക് മാറിയോ ഹൈബർനേഷൻ എന്നറിയപ്പെടുന്ന നിദ്രയിലേക്ക് മാസങ്ങളോളം മാറിയോ ആണ് രക്ഷപ്പെടാറ്. എന്നാൽ ചൂട് കൂടുമ്പോൾ വിയർപ്പിലൂടെ ശരീരതാപനില ക്രമീകരിക്കാനുള്ള ശക്തി നഷ്‌ടപ്പെടും. ഇത് മിക്ക ജീവികൾക്കും പ്രയാസമുണ്ടാക്കും. സൂപ്പർ വൻകരയിൽ ജീവന് സാദ്ധ്യമാകുന്ന എട്ട് മുതൽ 16 ശതമാനം വരെ സ്ഥലങ്ങളേ ഉണ്ടാകൂ എന്നാണ് വിവരം. ഇവിടെപ്പോലും ജലലഭ്യത പ്രയാസമുണ്ടാക്കും.
ഇപ്പോൾതന്നെ ശക്തമായ ചൂട് മനുഷ്യന് വിവിധതരം രോഗങ്ങളുണ്ടാക്കി ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. നെറ്റ് സീറോ എമിഷൻ ലക്ഷ്യം എത്രയും പെട്ടെന്ന് സാദ്ധ്യമാക്കണം എന്ന് പറയുന്നത് ഇതിനാലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തായി അന്തരീക്ഷ താപനില വർദ്ധിക്കാനും അതുവഴി ഉഷ്‌ണതരംഗങ്ങളുണ്ടാകാനും ഇടയായിരുന്നു. ഇത് കാർഷിക വിഭവങ്ങളുടെ തകർച്ച. ഊർജ്ജ ഗ്രിഡുകളിൽ തടസം എന്നിവ വഴി വലിയ കുഴപ്പങ്ങൾ സൃഷ്‌ടിച്ചിരുന്നു.
ടെക്‌ടോണിക് ചലനങ്ങളും സമുദ്ര രസതന്ത്ര മാതൃകകളും സംഘം പഠനവിധേയമാക്കി. അഗ്നിപർവത ബഹിർഗമനം വിവിധ വർഷങ്ങളിൽ വർദ്ധിക്കുന്നത് ജീവജാലങ്ങൾക്ക് പിടിച്ചുനിൽക്കാൻ പ്രയാസമാണെന്ന് മനസിലാക്കി. ഹരിതഗൃഹവാതകങ്ങൾ ഭൂമിയിൽ തങ്ങിനിന്ന് അന്തരീക്ഷത്തിന് ചൂട് കൂട്ടും.
443 മില്യൺ വർഷങ്ങൾക്ക് മുൻപ് നടന്ന വലിയ വംശനാശത്തിൽ സമുദ്രങ്ങളിലെ 85 ശതമാനം ജീവികളും നശിച്ചിരുന്നു. പിന്നീട് 360 മില്യൺ വർഷങ്ങൾക്ക് മുൻപും 252 മില്യൺ വർഷങ്ങൾ മുൻപുമുണ്ടായ വംശനാശങ്ങളിൽ 90 ശതമാനം ജീവികളും അപ്രത്യക്ഷമായി. 66 മില്യൺ വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു ഉൽക്കാ പതനത്തിലാണ് ലോകത്തിലെ ദിനോസറുകൾ ഇല്ലാതായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |