
പ്രസംഗം ഒരു കലയാണ്. വിവരവും വിദ്യാഭ്യാസവും ഉളളവരിൽ പലർക്കും സ്റ്റേജിൽ കയറുമ്പോൾ വാക്കുകൾ കിട്ടാതെ വരും.കാലിന്റെ മുട്ടുകൾ ഇടിക്കും.എല്ലാം കൊണ്ടും ഒരു വിറയൽ.മനസിൽ ഉളളത് പോലും പറയാൻ ആകാതെ നാണിച്ച് നാണം കെട്ട് സ്റ്റേജിൽ നിന്ന് തലകുനിച്ച് ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ.ഇത് തദ്ദേശ തിരഞ്ഞെടുപ്പ് കാലം. പ്രംഗത്തിലൂടെ ആളുകളെ വശീകരിക്കേണ്ട കാലം. പണ്ടക്കെ ഇ.എം.എസ്,ഇ.കെ.നായനാർ, വി.എസ്. ,എം.വി.രാഘവൻ, കെ.കരുണാകരൻ,എ.കെ.ആന്റണി,ബാഫഖി തങ്ങൾ,സി.എച്ച്.മുഹമ്മദ് കോയ,സീതി ഹാജി, കെ.എം.മാണി,ലോനപ്പൻ നമ്പാടൻ എന്നിവരുടെയൊക്കെ പ്രസംഗം ഉണ്ടെന്ന് പറഞ്ഞാൽ മൈലുകൾ താണ്ടിയെങ്കിലും അത് കേൾക്കാനെത്തും. സത്യം പറയട്ടെ.ഇപ്പോൾ അങ്ങനെയൊരു ഓളം ഉണ്ടാക്കാനുളള നേതാക്കൾ നമ്മുടെ ഇടയിൽ കുറഞ്ഞ് വരുന്നതായാണ് കണ്ട് വരുന്നത്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? .തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പോലും കേവലം റീൽസുകളിലും വാട്സാപ്പുകളിലുമായി ചുരങ്ങി.വയനാട്ടിലെ യുവ നേതാവ് ജുനൈദ് കൈപ്പാണി പ്രസംഗ കലയിലെ 501തത്വങ്ങൾ എന്ന പേരിൽ ഒരു പുസ്കതം തന്നെ എഴുതിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ തിരുനെല്ലിയിലൂടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളും തേടി യാത്ര ചെയ്തപ്പോൾ രണ്ട് പ്രസംഗം കേൾക്കുവാൻ ഇടയായി.അത് മറ്റാരുടേതുമല്ല.എഴുത്തും വായനയും അറിയാത്ത രണ്ട് ആദിവാസി അമ്മമാരുടേത്. തൃശ്ശിലേരി ചേക്കോട് ഉന്നതിയിലെ എഴുപത്തിയാറുകാരിയായ വെളളമ്മയുടെയും തിരുനെല്ലി അറവനാഴി കാളങ്കോട് ആദിവാസി ഉന്നതിയിലെ ലീലയുടെയും പ്രസംഗം ഇന്ന് കേരളക്കരയാകെ അലയടിച്ച്കൊണ്ടിരിക്കുകയാണ്.രാഷ്ട്രീയം എന്തുമാകട്ടെ, ലൈക്കും ഷെയറുമായി ലക്ഷങ്ങളാണ് ഇരുവരുടെയും പ്രസംഗം ശ്രവിച്ചത്. അതിപ്പോഴും തരംഗമായിക്കൊണ്ടിരിക്കുന്നു. ഇവർക്ക് പ്രസംഗിക്കാനൊന്നും അറിയില്ല.ഇവർ പറഞ്ഞത് ജീവിത അനുഭവങ്ങൾ മാത്രം. ജീവിത അനുഭവങ്ങൾ പറയാൻ എന്തിന് നാണിക്കണം?. ഇവർ ഇരുവരും നാട്ടിൽപുറത്ത് രണ്ടിടങ്ങളിലായി തങ്ങളുടെ ജീവിത അനുഭവം പറഞ്ഞു. അത്രയെയുളളു.അതാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.ഇവർക്കിടയിൽ നിന്നാണ് ആദിവാസി ഭൂസമര നായിക സി.കെ.ജാനു ഉയർന്ന് വന്നത്. എഴുത്തും വായനയും അറിയാത്ത ജാനു പിന്നീട് സാക്ഷരതാ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് എഴുതാനും വായിക്കാനും പഠിച്ചു.എഴുത്തും വായനയും അറിയാത്ത ജാനു അങ്ങ് ജനീവയിൽ പോയത് പോലും വാർത്തയായിരുന്നു.പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി ഒ. ആർ.കേളുവും ഇങ്ങനെ തിരുനെല്ലി പഞ്ചായത്തിലെ, സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വളർന്ന് മുഖ്യധാരയിലേക്ക് ഉയർന്ന് വന്ന നേതാവാണ്.മാതൃകയായ, ചിട്ടയായ ജീവിത ശൈലിയാണ് അദ്ദേഹത്തെ നേതാവാക്കിയതും.അടിസ്ഥാന വർഗ്ഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്ന് വരുന്നത് വലിയ കാര്യം തന്നെ.നേട്ടവും.
#
നമാക്കിപ്പെ റേഷയ് കിട്ടിന്റോയ് കൃത്യമായി റേഷയ് കിട്ടിന്റോയ്...
സമയം സന്ധ്യ.തിരുനെല്ലി അറവനാഴി കാളങ്കോട് ആദിവാസി ഉന്നതി.ഇവിടെ കാളന്റെ കുടിലിന് മുന്നിൽ നൂറോളം ആദിവാസികൾ ഒത്ത് കൂടിയിരിക്കുന്നു.സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ട്.ഇത് ബ്രഹ്മഗിരിമലയുടെ താഴ്വാരം.അൻപത്തിയഞ്ച് വർഷം മുമ്പ് നക്സലൈറ്റ് നേതാവ് എ. വർഗ്ഗീസിനെ ഇതുവഴിയാണ് തോർത്ത് മുണ്ട് കൊണ്ട് കൈ രണ്ടും പുറകിൽ വച്ച് കെട്ടി
നടത്തിക്കൊണ്ട് പോയത്. തൊട്ടുമുകളിൽ,കാനനമദ്ധ്യത്തിലെ കൂമ്പാരുക്കുനിയിൽ പിന്നെ കേട്ടത് വെടിയൊച്ചയാണ്.അടിയോരുടെ പെരുമൻ വർഗ്ഗീസ് വെടിയേറ്റു മരിച്ചു.നക്സലൈറ്റ് വേട്ടയുടെ പേരിൽ സി.ആർ.പിക്കാർ നരനായാട്ട് നടത്തിയ ഇടമായിരുന്നു ഇതൊക്കെ.ആ നടുക്കുന്ന ഓർമ്മകൾ അയവിറക്കുന്നവരും ഇവർക്കിടയിലുണ്ട്.തിരുനെല്ലി എന്നാൽ ഇടത് പക്ഷത്തിന്റെ ചുവപ്പ് കോട്ട.അതിൽ വിളളൽ ഉണ്ടായിട്ടില്ല.അതിന് ഇടവരുത്താൻ അനുവദിക്കാത്ത തരത്തിലുളള സംഘടനാ ചട്ടമാണ് ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിലുളളത്. ആദിവാസി ഉന്നതികളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചൂടേറി.കുടുംബ യോഗങ്ങളാണ് എങ്ങും.തിരുനെല്ലി ഗ്രാമ പഞ്ചായത്തിൽ രണ്ടു തവണ മെമ്പറായിരുന്ന ആദിവാസിയായ എം.പി.രാജന്റെ ഭാര്യ കെ.സി.ലീലയാണ് കുടുംബ യോഗത്തിലെ സ്വാഗത പ്രാസംഗിക.കഴിഞ്ഞ പഞ്ചായത്തിൽ ലീല മെമ്പറായിരുന്നു. നല്ല അനുഭവക്കരുത്ത്. ആദിവാസികളിൽ അടിയാ വിഭാഗം തിങ്ങിപ്പാർക്കുന്ന ഇടമാണിത്. അവരുടെ ഭാഷയിൽ തന്നെ ലീല പറഞ്ഞ് തുടങ്ങി.
''മുല്ലെ ഒക്ക എന്റു പറഞ്ചെങ്കി പണിചെയ്തു കാന്റു ബന്തിച്ചു ഉച്ചയ്‌ക്കൊക്ക ബന്തിച്ചു ബല്ലി ഇടിച്ചു കാന്റു കഞ്ചി ബെച്ചു കുടിച്ച സമയ അല്ല ഇപ്പോ. നമാക്കിപ്പെ റേഷയ് കിട്ടിന്റോയ് കൃത്യമായി റേഷയ് കിട്ടിന്റോയ് .......''ജന്മിയുടെ പാടത്ത് ചോരനീരാക്കി കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിതം നയിച്ച അനുവഭങ്ങളാണ് ലീല വിവരിക്കുന്നത്. എല്ല് മുറിയെ വേല ചെയ്യണം.ഉച്ചക്ക് വന്ന് നെല്ല് കുത്തി അരിയാക്കി കഞ്ഞി വച്ച് കുടിച്ചിട്ടാണ് വീണ്ടും ജോലിക്ക് പോയിരുന്നത്. നാല് നേരവും പട്ടിണി.കുട്ടികളെ സ്‌കൂളിൽ പോലും അയക്കാൻ പറ്റില്ല.ഉടുതുണിക്ക് മറുതുണിയില്ല.രോഗം വന്നാൽ ചികിത്സിക്കാൻ ഇടമില്ല.അടിമകളെപ്പോലെ പാടത്ത് ജോലി ചെയ്യേണ്ടി വന്നു.കാലം മാറി. ഇടത് മുന്നണി സർക്കാർ അധികാരത്തിൽ വന്നതുമുതൽ എല്ലാത്തിനും പരിഹാരമായി.ഇപ്പോൾ റേഷൻ കിട്ടുന്നുണ്ട്.പട്ടിണി ഇല്ല. കുട്ടികളെ സ്‌കൂളിൽ അയക്കാം. പെൻഷനും മറ്റ് ആനുകൂല്യങ്ങളും. എല്ലാ സൗകര്യവും കിട്ടുന്നുണ്ട്.ഒന്നിനും ഒരു കുറവുമില്ല.പത്ത് മിനിറ്റ് നീണ്ട സ്വാഗത പ്രസംഗം. ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞ് കൊണ്ടാണ് ലീല ലോക്കൽ കമ്മറ്റി അംഗമായ പി.ജെ.അഗസ്റ്റ്യനെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. യോഗത്തിനെത്തിയവർക്ക് പുറമെ,നേതാക്കളായ ടി.സന്തോഷ് കുമാർ,വസന്തകുമാരി, സുധാകരൻ എന്നിവരെ സ്വാഗതം ചെയ്യാനും ലീല മറന്നില്ല.
#
ഞമ്മാക്കു താങ്ങായി നിന്നതു ഈ ചർക്കാരു തന്നെ....
ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ആർ.ജിതിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ തൃശ്ശിലേരി കൈതവളളിയിൽ നടക്കുകയാണ്.ഗോത്രഭാഷയിൽ വെളളമ്മ കത്തിക്കയറുകയാണ്. ''പണ്ട് കാലത്ത് ഞമ്മക്ക് പെൻഷനില്ല,അരിയില്ല,കഞ്ഞിയില്ല,ഇപ്പം ആരാ പട്ടിണി കിടക്കുന്നത്. എവിടെയെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ?.ഇല്ലല്ലോ.ഞമ്മക്ക് താങ്ങായി നിന്നത് ഈ ചർക്കാര് തന്നെ..''.വെളളമ്മയുടെ മനസിൽ നിന്ന് വാക്കുകൾ നദി പോലെ ഒഴുകുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരോടായി ചോദിച്ചു. എവിടെ നിന്ന് കിട്ടി ഇത്രയും അറിവുകൾ?. ഇതെങ്ങനെ സാധിച്ചു?.''കാര്യം പറയാൻ ഒന്നും പഠിക്കേണ്ട ചാറെ.അനുഭവം മതി''.വെളളമ്മ പറഞ്ഞത് ശരിയാണ്. പെൻഷന് വേണ്ടി തിരുവനന്തപുരത്ത് നടത്തിയ സമരത്തിൽ വെളളമ്മയും പങ്കെടുത്തിരുന്നു. ജന്മിത്ത ചൂഷണത്തിനും അടിമത്തത്തിനുമെതിരെ തിരുനെല്ലിയിൽ ആദിവാസികൾ നടത്തിയ ഐതിഹാസിക സമരത്തിൽ വെളളമ്മ പങ്കെടുത്തിരുന്നു.അറിയപ്പെടുന്ന ഗദ്ദിക കലാകാരനും ആദിവാസി നേതാവുമായ പി.കെ.കാളനോടൊപ്പമാണ് രാഷ്ട്രീയ പ്രവർത്തനം. നട്ടെല്ല് നിവർന്ന് ആരോടും കാര്യം പറയാൻ വെളളമ്മക്ക് യാതൊരു മടിയുമില്ല. നക്സൽ പ്രസ്ഥാനം സജീവമായ കാലത്ത് എ. വർഗ്ഗീസുമായി ചേർന്ന് പ്രവർത്തിച്ചു എന്നാരോപിച്ച് ഭർത്താവ് കാളനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.ഇ.കെ.നായനാർ മുഖ്യമന്ത്രിയായപ്പോഴാണ് ഭർത്താവ് കാളനെ ജയിൽ മോചിതനാക്കിയത്.ഇങ്ങനെ പൊളളുന്ന അനുഭവത്തിന്റെ തീക്കനാണ് വെളളമ്മ.അമ്പത് വർഷത്തിലേറെയായി വെളളാമ്മ സി.പി.എമ്മിനൊപ്പമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |