
കൊച്ചി: നടൻ ദിലീപിന് കോടതി വിധി വലിയ ആശ്വാസമായി . ജനപ്രിയ നായകനെന്ന കൊടുമുടിയിലെത്തി നിൽക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെടുന്നത്. ഇത് ദിലീപിന്റെ സിനിമാജീവിതത്തിൽ മങ്ങലേൽപ്പിച്ചു. നിലവിൽ കുറ്റവിമുക്തനായതോടെ ശക്തമായ തിരിച്ചുവരവിന് കളമൊരുങ്ങുമോ എന്നാണ് ചലച്ചിത്ര ലോകം ഉറ്റു നോക്കുന്നത് . സാധാരണ കുടുംബത്തിൽ ജനിച്ച് മിമിക്രി അവതാരകൻ, സഹസംവിധായകൻ,നടൻ,നിർമ്മാതാവ്,വിതരണക്കാരൻ,ഭക്ഷണശാല ഉടമ,തിയേറ്ററുടമ എന്നിങ്ങനെ വളർന്ന കലാകാരനാണ് ദിലീപെന്ന പി. ഗോപാലകൃഷ്‌ണൻ. പിന്നീട് കഠിനാദ്ധ്വാനത്തിലൂടെ മലയാളസിനിമയെത്തന്നെ വരുതിയിലാക്കി.
പഠനകാലത്ത് ആരംഭിച്ചതാണ് ദിലീപിന്റെ കലാജീവിതം. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായി. 'കോമിക്കോള", 'സിനിമാല" എന്നിവയിൽ ഹാസ്യം അവതരിപ്പിച്ച് അംഗീകാരം നേടി. നാദിർഷ - ദിലീപ് കൂട്ടുകെട്ടിൽ പിറന്ന 'ദേ മാവേലി കൊമ്പത്ത് " കാസറ്റ് പരമ്പര വൻഹിറ്റായി. 1991ൽ 'വിഷ്‌ണുലോക"ത്തിൽ കമലിന്റെ സഹസംവിധായകനായി സിനിമാപ്രവേശം. ഒമ്പത് സിനിമകളിൽ കമലിനൊപ്പം. 1992ൽ 'എന്നോടിഷ്‌ടം കൂടാമോ" യിൽ ചെറിയ വേഷം ലഭിച്ചു. 1994ൽ 'മാനത്തെ കൊട്ടാരം" സിനിമയിൽ പ്രധാനവേഷം. സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിൽ പ്രണയജോടിയായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും അടുപ്പം വിവാഹത്തിലെത്തി. മലയാളസിനിമയിലെ മികച്ച നടിയായി തിളങ്ങിയ മഞ്ജുവാര്യർ അഭിനയരംഗത്തോട് താത്കാലികമായി വിടപറഞ്ഞു. ഇരുവർക്കും മീനാക്ഷി എന്നൊരു മകളുണ്ട്.മീനാക്ഷി എം.ബി.ബി.എസ്.പാസ്സായി.
2002ൽ ലാൽ ജോസ് സംവിധാനം ചെയ്‌ത 'മീശമാധവനി"ലെ ടൈറ്റിൽ റോൾ ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. ദിലീപിന്റെ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റേതായിരുന്നു നിർമ്മാണം. കാവ്യ മാധവനായിരുന്നു നായിക. അതിലൂടെ ദിലീപ് മലയാള സിനിമയുടെ അവിഭാജ്യഘടകമായി. കാവ്യ-ദിലീപ് ജോടി ഹിറ്റുകളുടെ പരമ്പര സൃഷ്ടിച്ചു. ഇതിനിടെ ദിലീപ് കാവ്യയെ വിവാഹം ചെയ്തു. ഇവർക്ക് മഹാലക്ഷ്മി എന്നൊരു മകളുണ്ട്.ചെന്നൈയിൽ വിദ്യാർത്ഥിനിയാണ് മഹാലക്ഷ്മി.
2008ൽ ജോഷിയുടെ സംവിധാനത്തിൽ ദിലീപ് നിർമ്മിച്ച ട്വന്റി-20 സിനിമ വൻഹിറ്റായതോടെ മലയാള സിനിമയിലെ മുടിചൂടാമന്നനായി ദിലീപ്. താരസംഘടനയായ 'അമ്മ"യ്‌ക്ക് ഫണ്ട് കണ്ടെത്താൻ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മുഴുവൻ താരങ്ങളെയും അണിനിരത്തി ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ദിലീപിന്റെ വിതരണക്കമ്പനിയായ മഞ്ജുമാത റിലീസ് ചെയ്‌ത ഈ സിനിമ 31 കോടി രൂപയോളം കളക്ഷൻ നേടി. സിനിമയ്ക്കൊപ്പം ബിസിനസുകളിലും ദിലീപ് നിക്ഷേപങ്ങൾ നടത്തി. ഒപ്പം നിർമ്മാണം,വിതരണം,തിയേറ്ററുകൾ,സംഘടനാ ഭാരവാഹിത്വം എന്നിവയും വന്നതോടെ ശക്തരായ എതിരാളികളുമുണ്ടായി. സിനിമാ തിയേറ്ററുകളുടെ സംഘടനായ ഫുയോക് ചെയർമാൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ പദവികളിലും ദിലീപ് തിളങ്ങി.
എന്നാൽ അറസ്റ്റിലായതോടെ ശനിദശ ആരംഭിച്ചു. കരിയർ ഉലഞ്ഞു. വൻ പ്രോജക്ടുകൾ വഴിമാറി. പ്രേക്ഷകർ,പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർ അകന്നു. 2020ന് ശേഷം രണ്ടുവർഷം കാര്യമായ സിനിമകളുണ്ടായില്ല. അറസ്റ്റിനുശേഷം 2017 സെപ്തംബർ 28ന് റിലീസായ 'രാമലീല" തിയേറ്ററിൽ വിജയം നേടി. 2023ൽ ദിലീപ് നിർമ്മിച്ച 'വോയ്‌സ് ഒഫ് സത്യനാഥൻ" സാമാന്യ വിജയം നേടി. തുടർന്നുവന്ന രണ്ടു സിനിമകളും വിജയമായില്ല. 2025ൽ ദിലീപ് നിർമ്മിച്ച 'പ്രിൻസ് ആൻഡ് ഫാമിലി" താരതമ്യേന സാമ്പത്തിക കളക്ഷൻ നേടി. 'ഭഭബ"യാണ് റിലീസാകാനുള്ളത്.
സിനിമയിലെ വളർച്ചയിലും നിയമനടപടികളിലും പിതാവിന്റെ മരണത്തിലും കൈത്താങ്ങായി ഭാര്യ കാവ്യാമാധവനും സഹോദരൻ അനൂപും ഉൾപ്പെടെയുള്ള കുടുംബം ദിലീപിനൊപ്പം നിന്നു. സിനിമാ നിർമ്മാണം, വിതരണം, ബിസിനസുകൾ എന്നിവയിൽ സഹോദരൻ അനൂപ് വലംകൈയായി. കുറ്റവിമുക്തനായതോടെ ദിലീപ് എന്ന നടന്റെ
സിനിമയിലെ 'ശനിദശ ' ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.ഒഴിവാക്കിയ ചലച്ചിത്ര സംഘടനകൾ പലതും ദിലീപിനെ
തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദിലീപ്
ഔദ്യോഗിക പേര്: പി. ഗോപാലകൃഷ്‌ണൻ
ജനനം: 1967 ഒക്‌ടോബർ 27
മാതാപിതാക്കൾ: പത്മനാഭൻ പിള്ള, സരോജം പിള്ള
ഭാര്യ: കാവ്യ മാധവൻ
ആദ്യഭാര്യ: മഞ്ജു വാര്യർ (1998–2015)
മക്കൾ: മീനാക്ഷി, മഹാലക്ഷ്മി
തിരികെയെത്തും 'അമ്മ'യിലും മറ്റ് സിനിമാ സംഘടനകളിലും
അറസ്റ്റിനെ തുടർന്ന് ഒഴിവാക്കപ്പെട്ട സിനിമാ സംഘടനകളിലേക്ക് ദിലീപിന് തിരിച്ചെത്താൻ വഴിയൊരുങ്ങി. നിർമ്മാതാക്കളുടെ സംഘടന സന്നദ്ധത അറിയിച്ചു. താരസംഘടനയായ അമ്മ, സാങ്കേതികപ്രവർത്തകരുടെ ഫെഫ്ക എന്നിവയും ദിലീപിനെ തിരിച്ചെടുക്കേണ്ടിവരും.
നടൻ, നിർമ്മാതാവ്, വിതരണക്കാരൻ, തിയേറ്ററുടമ തുടങ്ങിയ നിലകളിൽ വിവിധ സംഘടനകളിൽ ദിലീപ് അംഗമായിരുന്നു. അവയിൽനിന്ന് രാജിവയ്ക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തിരുന്നു. ദിലീപിനെ തിരിച്ചെടുക്കാമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു. ദിലീപ് കത്തുനൽകിയാൽ ചർച്ച ചെയ്ത് തീരുമാനിക്കും. ചർച്ച ചെയ്തു തീരുമാനിക്കാമെന്ന നിലപാടിലാണ് ഫെഫ്കയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |