കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തരം സ്പെഷ്യൽ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. മുൻ കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ റിമാൻഡ് വിജിലൻസ് ജഡ്ജി ഡോ.സി.എസ്. മോഹിത് 22 വരെ നീട്ടി.
പത്മകുമാറിനെ ചോദ്യം ചെയ്യാനായി ഒരു ദിവസത്തേക്കാണ് പ്രത്യേക അന്വേഷണം സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതിയെ മുൻകൂട്ടി അറിയിച്ചില്ലെന്നു പറഞ്ഞ് പ്രതി ഭാഗം എതിർത്തു. എന്നാൽ ജയിൽ അധികൃതരെ യഥാസമയം അറിയിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു. പത്മകുമാറിൽ നിന്ന് ഇന്നലെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ. വാസുവിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ആലോചനയുണ്ട്. രണ്ട് പേരെയും ഒരുമിച്ച് കസ്റ്റഡിയിൽ ലഭിക്കാൻ വീണ്ടും അപേക്ഷ നൽകിയേക്കും.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി കവർന്ന കേസിൽ പത്മകുമാറിന്റെ ജാമ്യ ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. വിധി പറയാൻ കേസ് 12നു പരിഗണിക്കും. കട്ടിളപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ജാമ്യഹർജി വിധി പറയാൻ 15 ലേക്കു മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വാസുവിന്റെ ജാമ്യഹർജി ദിവസം വിജിലൻസ് കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി 15നു പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |